English

ജീവാണു ഉപയോഗിച്ചുള്ള കീട നിയന്ത്രണം

ഇന്ന് നമുക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണല്ലോ ജൈവകൃഷി. എന്നാല്‍ ജൈവ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കാര്‍ഷിക വിളകള്‍ നേരിടുന്ന കീടങ്ങളുടെ ആക്രമണം. പലരും പല രീതിയിലാണ് ജൈവ കൃഷിയില്‍ കീടങ്ങളെ നേരിടാറ്. അതില്‍ പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമാണ് ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടനിയന്ത്രണം. ഇതിന് നമ്മള്‍ ഉപയോഗിക്കുന്ന പ്രധാന ജീവാണു വളങ്ങളാണ് സ്യൂഡോമോണസ്സും, ട്രൈക്കോഡര്‍മയും.

ട്രൈക്കോഡര്‍മ്മ

മണ്ണില്‍ കൂടി പടരുന്ന കുമിള്‍ രോഗങ്ങളെ വളരെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ കഴിവുള്ള മിത്രകുമിളാണ് ട്രൈക്കോഡര്‍മ്മ. ഈ കള്‍ച്ചര്‍ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് മിശ്രിതത്തില്‍ വളര്‍ത്തി എണ്ണത്തില്‍ പെരുപ്പിച്ച് പച്ചക്കറികള്‍ക്ക് പ്രയോഗിക്കാം. നന്നായിട്ട് ഉണക്കി പൊടിച്ച് ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് 9 : 1 എന്ന അനുപാതത്തില്‍ കലര്‍ത്തി 2 % മുതല്‍ 3 % വരെ ട്രൈക്കോഡര്‍മ ചേര്‍ത്ത് ഇളക്കി സംയോജിപ്പിച്ച് ഈര്‍പ്പം തളിച്ച് തണലത്ത് കൂന കൂട്ടി നനഞ്ഞ ചണം ചാക്ക് ഉപയോഗിച്ച് മൂടിയിടുക. ഒരാഴ്ചയ്ക്ക് ശേഷം ഇവ പച്ചക്കറികള്‍ക്ക് നല്‍കാവുന്നതാണ്. എപ്പോഴും ചാണകപ്പൊടി നല്‍കുന്നതിനു പകരം ട്രൈക്കോഡര്‍മ വളര്‍ത്തിയ ചാണകപ്പൊടി ആയാല്‍ കുമിള്‍ രോഗങ്ങള്‍ ഫലപ്രദമായി തടയാന്‍ സാധിക്കും.

സ്യൂഡോമോണസ്

സ്യൂഡോമോണസ് എന്ന ജീവാണുവിനെ കുറിച്ച് പറയുകയാണെങ്കില്‍ പച്ചക്കറി വിളകളെ ബാധിക്കുന്ന പ്രധാന കുമിള്‍ - ബാക്ടീരിയല്‍ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സ്യൂഡോമോണസ് എന്ന മിത്ര ബാക്ടീരിയയ്ക്ക് സാധിക്കും. ഇവ വിത്തില്‍ പുരട്ടിയും, തൈകളുടെ വേര് സാന്ദ്രത കൂടിയ ലായനിയില്‍ മുക്കി നട്ടും, ചെടികളില്‍ തളിച്ചും, പച്ചക്കറികളില്‍ പ്രയോഗിക്കാവുന്നതാണ്.

സ്യൂഡോമോണസ് വിത്തില്‍ പുരട്ടുന്ന രീതി എങ്ങിനെയാണെന്നു നോക്കാം. വെള്ളം അല്ലെങ്കില്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെറുതായി ഈര്‍പ്പം വരുത്തിയ വിത്തിലേക്ക് പൊടിരൂപത്തിലുള്ള സ്യൂഡോമോണസ് ചേര്‍ത്ത് സംയോജിപ്പിച്ച് തണലില്‍ 10 - 15 മിനിറ്റ് നിരത്തിയ ശേഷം അപ്പോള്‍ തന്നെ  നടുക.  250 - 500 gram  കള്‍ച്ചര്‍  ഉപയോഗിച്ച്  5 - 10 kg  വിത്ത്  ഇപ്രകാരം  പുരട്ടിയെടുക്കാന്‍ സാധിക്കും. അതുപൊലെ തന്നെ നമ്മള്‍ തവാരണയില്‍ വച്ചിട്ടുള്ള ചെടികളാണെങ്കില്‍ പറിച്ചു മാറ്റി നടുമ്പോള്‍ മുളക്, കത്തിക, വഴുതന, തക്കാളി  ഇങ്ങനെയുള്ള  ചെടികളുടെ  വേര് സ്യൂഡോമോണസിന്റെ സാന്ദ്രത കൂടിയ ലായനിയില്‍ അതായത് 5 % - 5 gram ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ 10 - 15 മിനിറ്റ് മുക്കി വച്ച ശേഷം വേണം നടാന്‍. അതുപോലെ സ്യൂഡോമോണസ് ലായനി നമ്മള്‍ ചെടികളില്‍ തളിക്കാറുണ്ട്. പറിച്ചു നട്ട് 20 ദിവസം കഴിഞ്ഞ് 2 % വീര്യത്തില്‍ പറഞ്ഞാല്‍ 20 gram ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യണം. നേരിട്ടു നടുന്ന പച്ചക്കറികള്‍ക്ക് മൂന്നില പരുവത്തില്‍ 2 % വീര്യത്തില്‍ ചെടികളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുക. തുടര്‍ച്ചയായി രോഗ സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ബാക്ടീരിയയില്‍ വാട്ടം കാണുന്ന സ്ഥലങ്ങളില്‍ രണ്ടാഴ്ചയിലിടവിട്ട് ലായനി ചുവട്ടില്‍ഒഴിക്കുകയും ചെടികളില്‍ തളിക്കുകയും ചെയ്യണം.

P.G. R. മിക്‌സ്

ഇവയെപ്പോലെ തന്നെ ഉപയോഗിക്കുന്ന മറ്റൊരു ജീവാണുവാണ് P.G. R. മിക്‌സ്. വിളകളുടെ രോഗനിയന്ത്രണത്തിനുള്ള ഒരു സൂക്ഷ്മാണു കൂട്ടായ്മയാണ് ഇത്. വിത്തില്‍ പുരട്ടാനും, വേരുകള്‍ ലായനിയില്‍ മുക്കിയും ഉപയോഗിക്കാം.