English

മട്ടുപ്പാവിലെ ജൈവകൃഷി

സുരക്ഷിത ഭക്ഷണം ആരോഗ്യകരമായ ജീവിതം... ഇന്ന് മറ്റേതൊരു മുദ്രാവാക്യത്തേക്കാളും ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കേണ്ട ഒന്നാണിത്. കാരണം കുഞ്ഞുങ്ങള്‍ മുതല്‍ വയസ്സായവര്‍ വരെ അതികഠിനമായ മാരക രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്ന ഈ കാലഘട്ടത്തില്‍, മാരക രോഗങ്ങള്‍ വരുത്തി വക്കുന്ന രാസകീടനാശിനികള്‍ ഉപയോഗിച്ച പച്ചക്കറികള്‍ ഒരു പരിധി വരെ ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരം ഭവിഷത്തുകള്‍ ഒരു പരിധി വരെ ബാധിക്കുന്നത് നഗരങ്ങള്‍ കേന്ദ്രീകരിച്ച് താമസിക്കുന്നവരെ ആണ്. കാരണം സ്വന്തമായി കൃഷി ചെയ്യാന്‍ സ്ഥലമില്ലാതെ വരികയും തിരക്കു പിടിച്ച ജീവിതവും ഇതിന്റെ കാഠിന്യം കൂട്ടുന്നു. എന്നാല്‍ ഈ അടുത്ത കാലത്തായി വളരെ പ്രചാരത്തില്‍ മുന്‍പന്തിയിലേക്ക് വന്ന ഒന്നാണ് മട്ടുപ്പാവിലെ ജൈവകൃഷി. നമ്മുടെ സ്ഥലപരിമിതിക്ക് ഉള്ളില്‍ നിന്നു കൊണ്ട് തന്നെ സുരക്ഷിതവും തീര്‍ത്തും ജൈവ രീതിയിലുള്ളതുമായ പച്ചക്കറി നമ്മുടെ മട്ടുപ്പാവില്‍ നിന്നും നമുക്ക് തന്നെ വിളയിച്ചെടുക്കാം.

കൃഷി സ്ഥലം ലഭ്യമല്ലാത്ത നഗരപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ ഏറെ അനുയോജ്യമാണ് മട്ടുപ്പാവിലെ കൃഷി. കുറഞ്ഞ ചിലവില്‍ ഏറ്റവും നല്ല പച്ചക്കറികള്‍ ആവശ്യാനുസരണം ലഭിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം. വീട്ടിലെ ജൈവ മാലിന്യങ്ങള്‍ വളമായും കുടുംബാംഗങ്ങളുടെ ഒഴിവു സമയം  കൃഷിപണികള്‍ക്കുംഉപയോഗിക്കാന്‍കഴിയുംഎന്ന സവിശേഷതയും ഉണ്ട്.രാസവളങ്ങള്‍ ഒഴിവാകുന്നതിനാല്‍ മട്ടുപ്പാവിലെ കൃഷിയിലൂടെ ലഭിക്കുന്ന സുരക്ഷിതമായ പച്ചക്കറികള്‍ കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Organic Terrace Farming | Easy Way Of Growing Organic Vegetables On Terrace

കൃഷി രീതി

ചെടിച്ചട്ടിയേക്കാള്‍ മട്ടുപ്പാവിലെ കൃഷിയ്ക്ക് അനുയോജ്യം പ്ലാസ്റ്റിക് ചാക്കാണ്. കാലിയായ സിമന്റ് ചാക്ക്, വളച്ചാക്ക്, അരി - പലവ്യഞ്ജന ചാക്ക് എന്നിവ ഉപയോഗിക്കാം. അല്ലെങ്കില്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന ഗ്രോബാഗും ഉപയോഗിക്കാം. ചാക്കിന്റെ മൂലകള്‍ ഉള്ളിലേക്ക് കയറ്റി വെച്ച് മണ്ണു മിശ്രിതം നിറച്ചു വേണം പച്ചക്കറികളുടെ വിത്തോ, തൈയോ നടേണ്ടത്. ഭാരക്കുറവ്, വിലക്കുറവ്, മണ്ണു മിശ്രിതത്തില്‍ ഈര്‍പ്പം പിടിച്ചു നിര്‍ത്തുവാനുള്ള കഴിവ് എന്നിവയാണ് പ്ലാസ്റ്റിക് ചാക്കുകളുടെ മെച്ചം. രണ്ടു ഭാഗം മണ്ണ്, ഒരു ഭാഗം മണല്‍, ഒരു ഭാഗം ചാണകപ്പൊടിയോ, കംമ്പോസ്‌റ്റോ എന്നിവ ചേര്‍ത്തെടുക്കുന്നതാണ് മണ്ണു മിശ്രിതം.

കൈവരിയോട് ചേര്‍ത്ത് അടിയില്‍ ചുമര്‍ വരുന്ന ഭാഗത്ത് മട്ടുപ്പാവിന്റെ മുകളിലായും വരിയായി ചാക്കുകള്‍ വെക്കാം. മൂന്ന് ഇഷ്ടികകള്‍ അടുപ്പു പോലെ കൂട്ടി അതിനു മുകളില്‍ ചാക്കു വക്കുന്നതാണ് നല്ലത്. ചാക്കില്‍ നിന്നും വെള്ളം ഇറ്റു വീണാല്‍ പോലും മട്ടുപ്പാവില്‍ ചെളി കെട്ടാതിരിക്കാന്‍ ഇതുമൂലം കഴിയും. മഴ വെള്ളത്തിന്റെ ഒഴുക്ക് മട്ടുപ്പാവില്‍ തടസ്സപ്പെടാതിരിക്കാനും ചാക്കിന്റെ അടിയിലെ ഇഷ്ടികകള്‍ സഹായിക്കും. തുടര്‍ച്ചയായി മൂന്നോ, നാലോ വിളകള്‍ക്ക് ഒരേ ചാക്ക് മതിയാകും. ഓരോ വിള കഴിയുമ്പോഴും മണ്ണിളക്കി ജൈവവളം ചേര്‍ത്ത് അടുത്ത വിള നടുക. വിളകള്‍ മാറ്റി നടാനും  ശ്രദ്ധിക്കുക.

രാസവളങ്ങളും, രാസകീടനാശിനികളും മട്ടുപ്പാവിലെ കൃഷിയില്‍ ഒഴിവാക്കുക. വീട്ടിലെ ജൈവ മാലിന്യങ്ങളില്‍ നിന്നുള്ള കംമ്പോസ്റ്റ്, ചാണകപ്പൊടി, കോഴികാഷ്ഠം എന്നിവ ഉള്‍പ്പെടെയുള്ള ജൈവ വളങ്ങള്‍ മാത്രം മട്ടുപ്പാവിലെ കൃഷിയ്ക്ക് നല്‍കുക. രാസവളങ്ങള്‍ നല്‍കിയാല്‍ അവ വെള്ളമൊഴിക്കുമ്പോള്‍ ഒലിച്ചിറങ്ങി മട്ടുപ്പാവിന് ബലക്ഷയം ഉണ്ടാകും. അന്തരീക്ഷത്തില്‍ നിന്നും നൈട്രജന്‍ വലിച്ചെടുക്കുന്ന നിത്യഹരിത പായലിനെ ഉള്‍ക്കൊള്ളുന്ന അസോള എന്ന സസ്യം പച്ചക്കറികൃഷിയ്ക്ക് നല്ലൊരു ജൈവവളമാണ്. മട്ടുപ്പാവില്‍ കട്ടിയുള്ള  പോളിത്തീന്‍ ഷീറ്റുകൊണ്ട് ഉണ്ടാക്കിയ ആഴം കുറഞ്ഞ ടാങ്കിലെ വെള്ളത്തില്‍ അസോള സമൃദ്ധമായി വളരുന്നു. ടാങ്ക് നിറയുമ്പോള്‍ അസോള വാരി ചാക്കിലെ പച്ചക്കറികള്‍ക്ക് ജൈവ വളമായി നല്‍കാം. ടാങ്കില്‍ അവ വീണ്ടും പെരുകി വളര്‍ന്നു കൊള്ളും. ഇടയ്ക്കിടെ പച്ച ചാണകം കലക്കി ഒഴിച്ചു കൊടുക്കുന്നത് അസോളയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകും.

മട്ടുപ്പാവിലെ കൃഷിയ്ക്ക് ചുറ്റും മറ്റു ചെടികള്‍ ഇല്ലാത്തതിനാലും തറ നിരപ്പില്‍ നിന്നും വളരെ ഉയരത്തില്‍ ആയതിനാലും കീടാണുക്കളുടെ ശല്യം കുറവായിരിക്കും. ദിവസവും രാവിലെ ഓരോ ചെടിയുടെയും ഇലകളുടെയും ഇരുവശങ്ങളും പരിശോധിച്ച് കീടങ്ങളുണ്ടെങ്കില്‍ അവയെ പെറുക്കി എടുത്ത് കൊന്ന് കളയണം. പയറിലെ മുഞ്ഞ പോലെ നീരൂറ്റി കുടിക്കുന്ന മൃദു ശരീരമുള്ള പ്രാണികള്‍ക്കെതിരെ മരുന്നു തളി ആവശ്യമെങ്കില്‍ മാത്രം പുകയില കഷായം ഉണ്ടാക്കി തളിക്കുക.

രാവിലെയും, വൈകുന്നേരവും നിശ്ചിത അളവില്‍ ചാക്കുകളില്‍ വെള്ളം ഒഴിക്കണം. ചാക്കിലെ മണ്ണുമിശ്രിതത്തിന്റെ അളവ്, ചെടികളുടെയും, ഇലകളുടെയും എണ്ണം, കാലാവസ്ഥ എന്നിവയെ ആശ്രയിച്ചൊഴിക്കുന്ന വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെടുത്തണം. വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ ചെടികള്‍ വാടി നശിക്കും. വെള്ളത്തിന്റെ അളവ് കൂടിയാല്‍ ചാക്കില്‍ നിന്നും ഇറ്റ് വീണ് മട്ടുപ്പാവ് നനയും. അതിനാല്‍ഒഴിക്കുന്നവെള്ളത്തിന്റെഅളവ്റേഷന്‍പോലെ പരിമിതപ്പെടുത്തുക. മട്ടുപ്പാവിലെ പച്ചക്കറി കൃഷി ആദായത്തിനും, ആരോഗ്യത്തിനും, ആനന്ദത്തിനും ഉത്തമം ആണ്.