Organic Keralam Facebook Page
English

കുറുന്തോട്ടി

കൃഷി ചെയ്യപ്പെടാതെ തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ ധാരാളമായി കണ്ടു വന്നിരുന്നു. ഇരുപത്തിയഞ്ചു സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്ററിലധികം വരെ ഉയരത്തില്‍ ശാഖോപശാഖകളായി വളരുന്ന ഒരു കുറ്റിച്ചെടിയാണിത്‌. "മാല്‍വേസീ" എന്ന കുടുംബത്തില്‍പ്പെട്ടതാണ്‌. കുറുന്തോട്ടിയുടെ ശാസ്‌ത്രനാമം "സൈഡ റെറ്റിയുസ" എന്നാണ്‌. വിവിധയിനം കുറുന്തോട്ടിയുണ്ടെങ്കിലും ചെറിയ പച്ച ഇലകളോടു കൂടിയതിനാണ്‌ ഔഷധഗുണം ഏറ്റവും കൂടുതലുളളത്‌.

കൃഷി രീതി

ഏതു തരം മണ്ണിലും വളരുമെങ്കിലും ചരല്‍ കലര്‍ന്ന നീര്‍വാഴ്‌ചയുളള മണ്ണാണ്‌ കൃഷിയ്‌ക്ക്‌ ഏറ്റവും അനുയോജ്യമായത്‌. കൃഷി ചെയ്യുവാനുദ്ദേശിക്കുന്ന സ്ഥലം കിളച്ച്‌ വൃത്തിയാക്കിയതിനുശേഷം ആവശ്യത്തിനു ചാണകപ്പൊടിയോ, കോഴികാഷ്ടമോ, ജൈവളം ഇളക്കി ചേര്‍ക്കണം. ഇതിലേക്ക്‌ വിത്ത്‌ നേരിട്ട്‌ വിതയ്‌ക്കാം. ആവശ്യത്തിനു വെളളം നനച്ചു കൊടുക്കണം. തൈകള്‍ കിളിര്‍ത്തതിനു ശേഷം ഇടയില്‍ വരുന്ന കളകള്‍ നീക്കം ചെയ്യണം. മറ്റു കൃഷിയ്‌ക്കുളള പരിചരണം കുറുന്തോട്ടി കൃഷിയ്‌ക്ക്‌ ആവശ്യമില്ല. നട്ടു കഴിഞ്ഞ്‌ ഏഴ്‌ - എട്ട്‌ മാസത്തിനകം വിളവെടുപ്പിനു പ്രായമാകും. ഇതിന്റെ ഇടയില്‍ രണ്ടു പ്രാവശ്യം ജൈവ വളം നല്‍കുകയും മഴയില്ലെങ്കില്‍ ജലസേചനം നടത്തുകയും ചെയ്‌താല്‍ വിളവ്‌ വര്‍ദ്ധിക്കും. കായ്‌കള്‍ പാകമായതിനു ശേഷം വേരുകള്‍ പൊട്ടാതെ ചെടികള്‍ പിഴുത്‌ എടുക്കണം. തണ്ടില്‍ നിന്നും വേരുകള്‍ മുറിച്ചു മാറ്റി വൃത്തിയാക്കി കഴുകി ഉണക്കി വിപണനം നടത്താവുന്നതാണ്‌.

ഔഷധഗുണങ്ങളും ഉപയോഗങ്ങളും

വാത രോഗത്തിനുളള ഒരു സിദ്ധ ഔഷധമായാണ്‌ കുറുന്തോട്ടി അറിയപ്പെടുന്നത്‌. വേരില്‍ എഫിഡ്രിന്‍ അടക്കം വിവിധതരം ആല്‍ക്കലോയ്‌ഡുകള്‍ അടങ്ങിയിട്ടുണ്ട്‌. ശ്വാസ വൈഷമ്യം ഇല്ലാതാക്കുന്നു. ധാതു പുഷ്ടിയും, ലൈംഗിക ശേഷിയും വര്‍ദ്ധിപ്പിക്കാനുളള ശക്തിയുണ്ട്‌. കുറുന്തോട്ടി വേര്‌ കഷായം വച്ച്‌ കുടിക്കുന്നത്‌ വാതത്തിനു നല്ലൊരു ഔഷധമാണ്‌. കുറുന്തോട്ടി കഷായം എളെളണ്ണയുമായി ചേര്‍ത്ത്‌ സന്ധികളില്‍ പുരട്ടിയാല്‍ പേശി വേദനയ്‌ക്ക്‌ ആശ്വാസം കിട്ടും. തലമുടി കൊഴിച്ചിലിനു കുറുന്തോട്ടിയില ചതച്ച്‌ താളിയാക്കി ഉപയോഗിക്കാം. കരിനൊച്ചിയില, ഇന്ദ്രയവം, കുറുന്തോട്ടി, വെളുത്തുളളി ഇവ സമം എടുത്ത്‌ കഷായം വച്ച്‌ ഇരുപത്തിയഞ്ചു മി.ലി. രാവിലേയും, വൈകിട്ടും കുടിയ്‌ക്കുകയാണെങ്കില്‍ വാതം, ആമവാതം, വാതരക്തം ഇവ ശമിക്കും. ശുദ്ധബല, ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം, മഹാരാസ്‌നാദി തുടങ്ങി എണ്ണയിലും, കഷായത്തിലും, കുഴമ്പിലും, ഗുളികകളിലുമായി എണ്‍പതോളം ആയുര്‍വേദ മരുന്നകളുടെ നിര്‍മ്മാണത്തിനായി കുറുന്തോട്ടി വേര്‌ ഉപയാഗിച്ചു വരുന്നു. ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തിനു ഗുണമേന്‍മയുളള കുറുന്തോട്ടി വേര്‌ ആവശ്യത്തിനു ലഭിക്കാത്തതു മൂലം പലപ്പോഴും ഗുണമേന്‍മ കുറഞ്ഞ മരുന്ന്‌ ചെടികളുടെ വേരാണ്‌ ഉപയോഗിച്ചു വരുന്നത്‌. തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ വിപണിയില്‍ ഡിമാന്‍ഡുളള കുറുന്തോട്ടി പോലുളള ഔഷധ സസ്യങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ ത്രിതല പഞ്ചായത്തധികാരികള്‍ ശ്രദ്ധിക്കണം.