Organic Keralam Facebook Page
English

പാഷ ന്‍ ഫ്രൂട്ട്

കേരളത്തിലെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ കൃഷിയാണ് പാഷന്‍ ഫ്രൂട്ട്. വേര് അധികം താഴ്ചയിലേക്ക് പോകാത്ത വള്ളിച്ചെടിയാണിത്. കേരളത്തില്‍ രണ്ടിനങ്ങളാണ് സാധാരണ കൃഷി ചെയ്തു വരുന്നത് - ഇളം മഞ്ഞ നിറമുള്ളതും പര്‍പ്പിള്‍ നിറമുള്ളതും. കൂടാതെ, കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ളതും നിലവിലുണ്ട്. വിത്തുകള്‍ മുളര്‍പ്പിച്ചും, തണ്ടുകള്‍ മുറിച്ചു നട്ടും തൈകള്‍ ഉല്പാദിപ്പിക്കാം. വലുതായി കീടങ്ങളുടെ  ആക്രമണം ഇല്ലാത്തതിനാല്‍ കീടനാശിനി പ്രയോഗത്തിന്റെ ആവശ്യം സാധാരണ വരാറില്ല.

കൃഷിരീതി

പാഷന്‍ ഫ്രൂട്ടിന്റെ വേര് ആഴത്തില്‍ പോകുന്നില്ല, സൈഡിലേക്കാണ് പോകുന്നത്. രണ്ടോ മൂന്നോ ചെടിയാണെങ്കില്‍ മരത്തിലോ വേലിയിലോ വളര്‍ത്താം. പാഷന്‍ ഫ്രൂട്ടിനു ആറ്, ഏഴ് വര്‍ഷം ആയുസ്സുള്ളതിനാല്‍ വ്യവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുകയാണെങ്കില്‍ നല്ല ബലമുള്ള പന്തല്‍  ആവശ്യമാണ്. 

കൃഷി ചെയ്യുവാനുദ്ദേശിക്കുന്ന സ്ഥലം ആഴത്തില്‍ കിളച്ച് നിരപ്പാക്കി എടുക്കുക. രണ്ടടി വലുപ്പത്തിലും ഒരടി താഴ്ചയിലും കുഴി എടുത്ത് അതില്‍ ജൈവവളമോ, ചാണകപ്പൊടിയോ, ആട്ടിന്‍ കാഷ്ഠമോ, കോഴി കാഷ്ഠമോ ഇതില്‍ ഏതെങ്കിലും ഒന്നിന്റെ കൂടെ വേപ്പിന്‍ പിണ്ണാക്കും, എല്ലുപൊടിയും, കുമ്മായവും കുറേശ്ശെ ചേര്‍ത്ത് ഇളക്കി മിശ്രിതമാക്കി കുഴിയിലിട്ട് കുഴി മൂടുക. ഇതില്‍ നേരത്തേ തയ്യാറാക്കി വച്ചിരുന്ന തൈകള്‍ നടുക. 10 x 6 അടി അകലത്തില്‍ വേണം  കുഴികള്‍ എടുക്കുവാന്‍.

ഏപ്രില്‍, മെയ് മഴക്കാലാരംഭത്തില്‍ നടുകയാണെങ്കില്‍ ജലസേചനം ഒഴിവാക്കാം. ഫെബ്രുവരി മാസത്തിലാണ് സാധാരണ പുഷ്പിക്കാറ്. ജൂണ്‍ മുതല്‍ വിളവെടുപ്പ്  ആരംഭിയ്ക്കാം. നല്ല പരിപാലനം കൊടുക്കുകയാണെങ്കില്‍ തുടര്‍ച്ചയായി ആറ്, ഏഴ് മാസം വിളവെടുക്കാം. പന്തലില്‍ പാഷന്‍ ഫ്രൂട്ടിന്റെ വള്ളി കയറിയാല്‍ പതിനഞ്ചു ദിവസം കൂടുമ്പോള്‍ ജൈവവളം വെള്ളത്തില്‍ ലയിപ്പിച്ചതോ, ജീവാമൃതമോ ചുവട്ടില്‍ ഒഴിച്ചു കൊടുക്കണം. വേരുകള്‍ സൈഡിലേക്ക് പോകുന്നതു കൊണ്ട് തടം കൊത്തി കിളയ്ക്കാന്‍ പാടില്ല. മണ്ണിന്റെ  പി.എച്ച്. ലെവല്‍ ക്രമീകരിക്കണം. വ്യവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ മാസത്തിലൊരിക്കല്‍ സ്യൂഡോമോണോസ് നിര്‍ബ്ബന്ധമായും ഇലകളില്‍ തളിച്ചിരിക്കണം. കീടങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ്. തുടര്‍ച്ചയായി ആറു മാസം എങ്കിലും ഫലം തരും. ഒരു ചെടിയില്‍ നിന്ന് ഏകദേശം പത്ത് കിലോ മുതല്‍ പതിനഞ്ച് കിലോ വരെ ഒരു വര്‍ഷം ലഭിക്കും.

ഔഷധഗുണങ്ങളും, പോഷകഗുണങ്ങളും

വിറ്റാമിന്‍ എ, സി, ബീറ്റാകരോട്ടിന്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫൈബര്‍ എന്നിവ ഈ പഴത്തിൽ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ കുരുവില്‍ പ്രമേഹത്തിനേയും, ക്യാന്‍സറിനെയും പ്രതിരോധിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. മാനസ്സിക സമ്മര്‍ദ്ദം ഉള്ളവര്‍ ദിവസേന ഓരോന്ന് കഴിച്ചാല്‍ മാനസ്സിക സമ്മര്‍ദ്ദം കുറയുമെന്ന് ആയുര്‍വേദം പറയുന്നു.

പുളിപ്പുള്ള മഞ്ഞനിറമുള്ള പഴങ്ങളാണ് സ്ക്വാഷ് നിര്‍മ്മിക്കുവാന്‍ കൂടുതല്‍ നല്ലത്. പാഷന്‍ ഫ്രൂട്ട് മുറിച്ച് എടുത്ത് അതില്‍ നിന്നും പള്‍പ്പ് എടുക്കുക. വിത്ത് നീക്കം ചെയ്യണം. ഒരു കിലോ പള്‍പ്പിനു ഒന്നേകാല്‍ കിലോ പഞ്ചസാര ലായിനി നല്ലവണ്ണം തണുപ്പിച്ച് പള്‍പ്പില്‍ ചേര്‍ക്കുക. വീട്ടില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അഞ്ചു ആറു മാസം വരെ കേടാകാതെ ഇരിക്കും. വ്യവസായികാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുകയാണെങ്കില്‍ ഒരു കിലോ സ്ക്വാഷിന്റെ കൂടെ രണ്ടു ഗ്രാം പൊട്ടാസ്യം മെറ്റാബൈസള്‍ഫേറ്റ് ചേര്‍ക്കണം. കൂടുതൽ കാലം കേടുകൂടാതെ ഇരിയ്ക്കാനാണിത്. ഇത് ആരോഗ്യപ്രദമായ ഒരു പാനീയമായി ഉപയോഗിക്കാം.

ലോക വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ് പാഷന്‍ ഫ്രൂട്ട്. ബ്രസീലിലാണ് ഇതിന്റെ ഉത്ഭവം. ഇത്രയും പോഷകഗുണമുള്ള ഒരു പഴവര്‍ഗ്ഗം കുറഞ്ഞ ചെലവില്‍  ഉല്പാദിപ്പിക്കാന്‍ പ്രയാസമാണ്. കേരളത്തിലെ എല്ലാ വീടുകളിലും അവരവരുടെ സൗകര്യം അനുസരിച്ച് കൃഷി ചെയ്യാവുന്നതാണ്. ഇതിലേക്കാവശ്യമായ ബോധവത്കരണവും ട്രെയിനിങ്ങും ഗവണ്‍മെന്റും കൃഷിവകുപ്പും നല്‍കേണ്ടിയിരിക്കുന്നു.