Organic Keralam Facebook Page
English

മരോട്ടി

ഏകദേശം പത്ത്‌ മുതല്‍ പതിനഞ്ചു മീറ്റര്‍ ഉയരത്തില്‍ വളരുന്ന വൃക്ഷമാണ്‌ മരോട്ടി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മരമാണിത്‌. കേരളത്തില്‍ ചില കാവുകളിലും വീട്ടുവളപ്പിലും അപൂര്‍വ്വമായി കാണപ്പെടുന്നു. "ഫ്‌ളക്കോര്‍ട്ടിയേസി" എന്ന കുടുംബത്തില്‍പ്പെട്ടതാണ്‌. മരോട്ടിയുടെ ശാസ്‌ത്രനാമം "ഹിഡ്‌നോകാര്‍പസ്‌ വൈറ്റിയാന" എന്നാണ്‌.

കൃഷി രീതി

സാധാരണയായി മരോട്ടി ആരും കൃഷി ചെയ്യാറില്ല. നമ്മുടെ നാട്ടില്‍ അപൂര്‍വ്വമായേ മരോട്ടി കാണപ്പെടുന്നൊള്ളൂ. നല്ലവണ്ണം പഴുത്ത മരോട്ടി കായ്‌കള്‍ പൊട്ടിച്ച്‌ മംസളഭാഗം മാറ്റി കുരു തണലത്ത്‌ വച്ച്‌ ഉണക്കി എടുക്കുക. ഈ കുരു പോര്‍ട്ടിംഗ്‌ മിശ്രിതം നിറച്ച ഗ്രോ ബാഗില്‍ പാകുക. ഒന്നരയടി ചതുരത്തില്‍ കുഴി എടുത്ത്‌ അതില്‍ ചാണകപ്പൊടിയോ, കോഴി കാഷ്‌ഠമോ, ജൈവ വളമോ ആവശ്യത്തിനു ചേര്‍ത്ത്‌ മണ്ണുമായി ഇളക്കുക. ഇതിലേക്ക്‌ നാലഞ്ചു ഇല പരുവമാകുമ്പോള്‍ തൈ നടുക. ആവശ്യത്തിനു ജലസേചനം നല്‍കുക. വേറെ പ്രത്യേക പരിചരണത്തിന്റെ ആവശ്യമില്ല. അതിരുകളിലോ തരിശുഭൂമിയിലോ കൃഷി ചെയ്യാം. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മരോട്ടി കായ്‌ക്കാന്‍ തുടങ്ങും. വിളഞ്ഞ മരോട്ടി കായ്‌ വെട്ടി കുരുവെടുത്ത്‌ അതിന്റെ തോട്‌ പൊട്ടിച്ചെടുത്തു കിട്ടുന്ന പരിപ്പ്‌ ആട്ടി കിട്ടുന്ന എണ്ണയാണ്‌ മരോട്ടി എണ്ണ. പരിപ്പ്‌ ചാണക വെളളത്തില്‍ മുക്കി വെയിലത്ത്‌ വച്ച്‌ ഉണക്കണം. കോഴികളും പക്ഷികളും പരിപ്പ്‌ തിന്നാതിരിക്കാനാണ്‌ ചാണക വെളളത്തില്‍ മുക്കുന്നത്‌.

ഔഷധഗുണങ്ങളും, ഉപയോഗങ്ങളും

കുഷ്‌ഠ രോഗത്തിനുളള ആയുര്‍വേദ ചികിത്സയിലെ ഒരു പ്രധാന ഘടകമാണ്‌ മരോട്ടി എണ്ണ. മരോട്ടി എണ്ണക്കുഴമ്പ്‌ വാത രോഗത്തിനുപയോഗിക്കുന്നു. കൈകാലുകളുടെ മരവിപ്പിനു മരോട്ടി എണ്ണ നല്ലതാണ്‌. കന്നുകാലികളുടെ കുളമ്പു രോഗത്തിനു നാട്ടുമരുന്നായി എണ്ണ ഉപയോഗിക്കാറുണ്ട്‌. കുരുമുളകിന്റെ ദ്രുതവാട്ടത്തിനു ഗോമൂത്രം നേര്‍പ്പിച്ച്‌ മരോട്ടി എണ്ണയുമായി ചേര്‍ത്ത്‌ തളിക്കുന്നത്‌ ഫലപ്രദമാണ്‌. ഇത്‌ ഒരു ജൈവ കീടനാശിനിയാണ്‌. പ്ലൈവുഡിനും, ഫര്‍ണിച്ചറുകള്‍ക്കും ഊറന്‍ കുത്തുന്നതിനു മരോട്ടി എണ്ണ അടിച്ചാല്‍ മതിയാകും. ചിതലും, കീടങ്ങളും, പ്രാണികളും, ചിലന്തികളും അടുക്കാതിരിക്കാന്‍ എണ്ണ സഹായിക്കും. ഉറമ്പു നിവാരണത്തിനു എണ്ണ നേര്‍പ്പിച്ചു തളിച്ചാല്‍ മതിയാകും. ഒരു വ്യവസായിക അസംസ്‌കൃത ഉല്‌പന്നം എന്ന നിലയില്‍ മരോട്ടി എണ്ണയ്‌ക്ക്‌ സാദ്ധ്യതയേറെയാണ്‌. തടിയില്‍ എണ്ണയുടെ അംശം ഉളളതിനാല്‍ വിറകായി ഉപയോഗിക്കുന്നു. ചുടോടെ കൂടുതല്‍ സമയം കത്തിനില്‌ക്കും. ഇങ്ങനെ ആകെ കൂടെ നോക്കിയാല്‍ വരും തലമുറയ്‌ക്ക്‌ കാണാനായിട്ടെങ്കിലും പാഴായി കിടക്കുന്ന നമ്മുടെ കൃഷി സ്ഥലങ്ങളില്‍ രണ്ടു മരോട്ടി എങ്കിലും വച്ചു പിടിപ്പിയ്‌ക്കണം.