ചിറ്റമൃത്, കാട്ടമൃത് എന്നിങ്ങനെ അമൃത് രണ്ടു തരമുണ്ട്. ഇതില്‍ ചിറ്റമൃതാണ് ഔഷധങ്ങളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നത്. കാട്ടമൃതും ചിറ്റമൃതും തമ്മില്‍ വളരെ സാമ്യമുളളതിനാല്‍ ചിറ്റമൃതിനുപകരമായി കാട്ടമൃത് വിപണിയില്‍ എത്താറുണ്ട്. കാട്ടമൃതിന്റെ ഇല വലിപ്പം കൂടിയവയാണ്. "മെനിസ്‌പെര്‍മേസീ" എന്ന കുടുംബത്തില്‍പ്പെട്ടതാണ് ചിറ്റമൃത്. ശാസ്ത്രനാമം "ടൈനോസ്‌പോറ കോര്‍ഡിഫോളിയ" എന്നാകുന്നു.
വൃക്ഷങ്ങളില്‍ ചുറ്റി പടര്‍ന്ന് വളരുന്ന ഒരു വളളിച്ചെടിയാണിത്. വളളികള്‍ മുറിച്ച് നട്ടാണ് തൈകള്‍ ഉല്പാദിപ്പിക്കുന്നത്. 10 - 15 സെന്റിമീറ്റര്‍ നീളമുളളതും കുറഞ്ഞത് രണ്ട് മുട്ടുകളുളളതുമായ വള്ളികളാണ് നടാന്‍ എടുക്കേണ്ടത്. നടാനുളള തണ്ടുകള്‍ പോളിത്തീന്‍ ബാഗിലോ വളളികള്‍ പടര്‍ന്നു കയറാനുളള വൃക്ഷത്തിന്റെ ചുവട്ടിലോ നടാം. ഹോര്‍മോണ്‍ ലായിനിയില്‍ തണ്ട് മുക്കിയ ശേഷം നട്ടാല്‍ വളരെ വേഗം വേരു പിടിയ്ക്കും. തണ്ടുകള്‍ വേര് പിടിച്ച് കിളിര്‍ത്തു കഴിയുമ്പോള്‍ വൃക്ഷങ്ങളിലേക്ക് പിടിച്ച് ഒന്ന് കെട്ടി കൊടുക്കുന്നത് വളളി വീശുന്നതിനു സഹായകരമായിരിക്കും. വ്യവസായികടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ യഥാസമയങ്ങളില്‍ ജൈവ വളങ്ങളും, വേനല്‍ക്കാലത്ത് ജലസേചനവും നല്‍കണം. ഒരു വര്‍ഷത്തിനും ഒന്നര വര്‍ഷത്തിനുമിടയില്‍ വിളവെടുപ്പ് ആരംഭിയ്ക്കാം. മഴകുറവുളള സമയത്ത് തണ്ടും വേരും മുറിച്ചെടുത്താല്‍ ഔഷധ നിര്‍മ്മാണത്തിനാവശ്യമായ രാസപദാര്‍ത്ഥങ്ങള്‍ കൂടിയ അളവില്‍ ചെടിയില്‍ ഉണ്ടായിരിയ്ക്കും.
ദഹന ശക്തി വര്‍ദ്ധിപ്പിക്കുന്നു. കഫം, വാത രോഗങ്ങള്‍ ശമിപ്പിക്കാനും, വാതസംബന്ധമായ വേദനകള്‍ അകറ്റാനും ഉപകരിക്കുന്നു. വായിലെ ദുര്‍ഗന്ധം അകറ്റുന്നു. രക്തസമ്മര്‍ദ്ദത്തിനും, ഒച്ചയടപ്പ് മാറ്റുന്നതിനും, പ്രമേഹ രോഗത്തിനും അമൃത് ചേര്‍ത്ത ഔഷധങ്ങള്‍ നല്‍കി വരുന്നു. അമൃതും കുറുന്തോട്ടി വേരും കൂടി കഷായം വച്ച് തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസേന രണ്ടു നേരം കഴിച്ചാല്‍ വാത സംബന്ധമായ ഉപദ്രവങ്ങള്‍ ശമിക്കുകയും, ശരീരത്തിന്റെ വേദനകള്‍ മാറുകയും, രക്തം ശുദ്ധിയാകുകയും ചെയ്യും. അമൃത് ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് രണ്ടു നേരം കഴിച്ചാല്‍ പ്രമേഹത്തിനു ശമനം ഉണ്ടാകും. വൃക്ക രോഗങ്ങള്‍ക്ക് അമൃത് നീര് രാവിലെയും വൈകിട്ടും കഴിയ്ക്കുക.
അമൃത് നീരിന്റെ കൂടെ ചുക്ക് ചേര്‍ത്ത് കഴിച്ചാല്‍ ദഹനക്കേട് മാറി കിട്ടും. രക്തവാതത്തിന് കാച്ചിയാറ്റിയ പാലില്‍ അമൃത് നീര് ചേര്‍ത്ത് സേവിക്കുക. അമൃാതി ചൂര്‍ണ്ണം, ഗുളുചീസത്വം, സംശമനീവടി, ഗുളുച്യാദി മോദകം, അമൃതാരിഷ്ടം, ഗുളുച്യാദി കഷായം ഇവയെല്ലാം അമൃത് പ്രധാന ഘടകമായി നിര്‍മ്മിച്ചെടുക്കുന്ന ഔഷധങ്ങളാണ്. ഇത്രയും ഗുണങ്ങളുളള അമൃത് നമ്മുടെ ഭവനങ്ങളില്‍ വളര്‍ത്തുന്നത് വളരെ നല്ലതായിരിക്കും.