Organic Keralam Facebook Page
English

ഞാവല്‍

അധികം പരിചരണമൊന്നുമില്ലാതെ വളരെ എളുപ്പം കൃഷി ചെയ്യാവുന്ന ഒരു ഫല വൃക്ഷമാണ്‌ ഞാവല്‍. ഇതിന്റെ പഴത്തില്‍ ധാരാളം ധാതുക്കളും ജീവകങ്ങളും അടങ്ങിയിരിക്കുന്നു. "മിര്‍ട്ടേസീ" എന്ന കുടുംബത്തില്‍പ്പെട്ടതാണ്‌. ഞാവലിന്റെ ശാസ്‌ത്രനാമം "സിസിജിയം കുമിനി" എന്നാണ്‌. ഏകദേശം ഇരുപത്തിയഞ്ച്‌ മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു വന്‍ വൃക്ഷമാണ്‌.

കൃഷിരീതി

കുരു പാകി കിളിര്‍പ്പിച്ചെടുക്കുന്ന തൈകള്‍ കായ്‌ക്കാന്‍ പത്ത്‌ വര്‍ഷമെങ്കിലും എടുക്കും. ലെയ്‌റിംഗില്‍ കൂടി ഉല്‌പാദിപ്പിച്ചെടുക്കുന്ന തൈകള്‍ മൂന്ന്‌ വര്‍ഷത്തിനകം കായ്‌ച്ചു തുടങ്ങും. കൃഷി സ്ഥലങ്ങളുടെ അതിരുകളിലും, തരിശു സ്ഥലങ്ങളിലും ഞാവല്‍ നട്ടു പിടിപ്പിക്കാം. ഗവണ്‍മെന്റ്‌ എല്ലാ വര്‍ഷവും വനവത്‌കരണത്തിനായിട്ട്‌ ജനങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ധാരാളം വൃക്ഷ തൈകള്‍ വെറുതേ നല്‍കുന്നു. ഇങ്ങനെ നല്‍കുന്ന തൈകളുടെ കൂടെ ഞാവലിനേയും ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഞാവല്‍പ്പഴങ്ങളുടെ ഉല്‌പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ലെയറിംഗ്‌ ??? ഉല്‌പാദിപ്പിച്ചെടുക്കുന്ന തൈകള്‍ സാധാരണ മരത്തിന്റെ അത്രയും ഉയരം വയ്‌ക്കത്തില്ല. വര്‍ഷത്തില്‍ മൂന്ന്‌ പ്രാവശ്യം ജൈവ വളവും വേനല്‍ക്കാലത്ത്‌ ജല സേചനവും നല്‍കിയാല്‍ കൂടുതല്‍ പഴങ്ങള്‍ ഉണ്ടാകും.

ഔഷധഗുണങ്ങളും, ഉപയോഗങ്ങളും

ഞാവല്‍ മരത്തിന്റെ എല്ലാഭാഗങ്ങളും ഔഷധ മൂല്യമുളളതും ഉപയോഗപ്രദവുമാണ്‌. ഞാവല്‍ പഴത്തില്‍ ഇരുമ്പ്‌, കാല്‍സ്യം, ഫോസ്‌ഫറസ്‌, പൊട്ടാസ്യം, മഗ്‌നീഷ്യം, സോഡിയം, വിറ്റാമിന്‍ സി, ഫോളിക്‌ ആസിഡ്‌, കരോട്ടിന്‍ കൂടാതെ, ധാരാളം ഊര്‍ജ്ജവും, നാരുകളും അടങ്ങിയിരിക്കുന്നു. പ്രമേഹത്തിന്റെ ആരംഭഘട്ടത്തില്‍ വൈദ്യ ശുപാര്‍ശ പ്രകാരം കഴിച്ചാല്‍ രോഗത്തിനു ശമനമുണ്ടാകും. പ്രമേഹത്തിനുളള ഹോമിയോ മരുന്നായ "സിസിജ" ത്തില്‍ ഞാവല്‍ കുരു അടങ്ങിയിരിക്കുന്നു. കുരുവില്‍ അടങ്ങിയിരിക്കുന്ന ഒരിനം ഗ്ലൂക്കോസൈഡ്‌ അന്നജത്തെ പഞ്ചസാരയാക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഞാവല്‍പ്പഴം കേട്‌ കൂടാതെ ഫ്രിഡ്‌ജില്‍ വച്ചിരുന്നാല്‍ രണ്ടാഴ്‌ചവരെ അഴുകാതെ ഇരിയ്‌ക്കും. ഇതില്‍ നിന്നും നിര്‍മ്മിക്കുന്ന ജ്യൂസ്‌, സ്‌ക്വാഷ്‌, ജാം, ജെല്ലി, ഐസ്‌ക്രീം, ലെലി, വിനാഗിരി, വൈന്‍ എന്നിവ വിപണിയില്‍ ലഭ്യമാണ്‌. എന്നാല്‍ ഇതാവശ്യാനുസരണം നിര്‍മ്മിക്കുന്ന സംരംഭങ്ങള്‍ ഇന്ന്‌ നിലവിലില്ല. ആമാശയത്തിലും, കുടലിലുമുണ്ടാകുന്ന വൃണങ്ങള്‍ക്കും, മോണ രോഗങ്ങള്‍ക്കും ഞാവല്‍ മരത്തിന്റെ പട്ടയില്‍ നിന്നും എടുക്കുന്ന സത്ത്‌ വളരെ നല്ലതാണ്‌. ഞാവല്‍പ്പഴം കരളിനെ ഉത്തേജിപ്പിക്കുന്നു. ഞാവല്‍ മരത്തിന്റെ നല്ലവണ്ണം മുപ്പെത്തിയ തടി കൊണ്ട്‌ വളരെ നാളുകള്‍ ഈട്‌ നില്‌ക്കുന്ന ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കാം. ഞാവല്‍ മരം വിവിധ ഉപയോഗങ്ങള്‍ക്കുളള ഫല വൃക്ഷമാണങ്കിലും ഒരു വലിയ തോട്ടത്തിന്റെ മാതൃകയില്‍ വ്യവസായികാടിസ്ഥാനത്തില്‍ കേരളത്തിലാരും കൃഷി ചെയ്യുന്നില്ല. ഇത്രയും ഉപയോഗ പ്രാധാന്യമുളള ഞാവല്‍ കൃഷിയിലേക്ക്‌ ജനങ്ങളും ഗവണ്‍മെന്റും അടിയന്തരമായി ശ്രദ്ധിയ്‌ക്കണം.