Organic Keralam Facebook Page
English

തുളസി

വളരെ പുരാതന കാലം തൊട്ടേ നമ്മുടെ വീടുകളിലെല്ലാം വളര്‍ത്തിയിരുന്ന ഒരു ഔഷധ സസ്യമാണ്‌ തുളസി. ധാരാളയിനം തുളസി ഉണ്ടെങ്കിലും കൃഷ്‌ണ തുളസിയ്‌ക്കാണ്‌ ഔഷധഗുണം ഏറ്റവും കൂടുതലുളളത്‌. കൃഷ്‌ണ തുളസിയെ ഹിന്ദുവിശ്വാസികള്‍ ഒരു പുണ്യ സസ്യമായി ആരാധിച്ചു വരുന്നു. തുളസിയെ ആരാധിക്കുന്നതിനായി തുളസിത്തറ തന്നെ പണി കഴിപ്പിച്ചിരുന്നു. "ലാമിയേസീ" എന്ന കുടുംബത്തില്‍പ്പെട്ടതാണ്‌. തുളസിയുടെ ശാസ്‌ത്രനാമം "ഒസിമം ടെനിഫ്‌ളോറം" എന്നാണ്‌, ഏകദേശം ഒരു മീറ്ററോളം ഉയരത്തില്‍ ശാഖോപശാഖകളോടു കൂടി വളരുന്നു. എണ്ണ ഗ്രന്ഥികള്‍ ഉളളതിനാല്‍ തുളസിയ്‌ക്ക്‌ ഒരു പ്രത്യേകതരം വാസനയുണ്ട്‌.

കൃഷിരീതി

അല്‌പം വെയില്‍ ലഭിയ്‌ക്കുന്ന എല്ലാ സ്ഥലങ്ങളിലും തുളസി വളരും. മഴ വളരെ കൂടുതലുളള സ്ഥലങ്ങളില്‍ വളര്‍ച്ച കുറവായിരിക്കും. ഒരു കുലയില്‍ ധാരാളം വിത്തുകള്‍ ഉണ്ടായിരിക്കും. വിത്തുകള്‍ താനെ അടര്‍ന്ന്‌ വീണ്‌ മഴയുടെ ലഭ്യതയനുസരിച്ച്‌ കിളിര്‍ത്ത്‌ വരും. ഈ തൈകള്‍ പറിച്ച്‌ എടുത്ത്‌ നട്ടുവളര്‍ത്താം. വ്യവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യണമെങ്കില്‍ കൃഷി ചെയ്യുവാനുദ്ദേശിക്കുന്ന സ്ഥലം നല്ലതു പോലെ കിളച്ച്‌ കട്ടയും കല്ലും നീക്കി പൊടിയാക്കി എടുക്കണം. ഇതിലേക്ക്‌ ആവശ്യാനുസരണം ചാണകപ്പൊടിയോ, ജൈവ വളങ്ങളോ ഇളക്കി ചേര്‍ക്കണം. പോട്രേയില്‍ പോര്‍ട്ടിംഗ്‌ മിശ്രിതം നിറച്ച്‌ അതില്‍ രണ്ടോ-മൂന്നോ വിത്തുകള്‍ ഒരോ കുഴിയിലും പാകുക. തൈകള്‍ കിളിര്‍ത്തുവരുമ്പോള്‍ നല്ല ആരോഗ്യത്തോടു കൂടി വളരുന്ന ഒരെണ്ണം നിര്‍ത്തിയിട്ട്‌ ബാക്കി നില്‍ക്കുന്നത്‌ പറിച്ച്‌ മാറ്റി നടുക. തൈകള്‍ക്ക്‌ നാലഞ്ച്‌ ഇല വരുമ്പോള്‍ നേരത്തേ തയ്യാറാക്കിയ കൃഷി സ്ഥലത്തേക്ക്‌ മാറ്റി നടാം. നടുമ്പോള്‍ വരികള്‍ തമ്മില്‍ നാല്‌പതു സെന്റീമീറ്ററും, ചെടികള്‍ തമ്മില്‍ മൂപ്പത്‌ സെന്റീമീറ്ററും അകലവുമുണ്ടായിരിക്കണം. മഴ ലഭിക്കുന്നില്ലെങ്കില്‍ ജലസേചനം നടത്തണം. മാസത്തില്‍ ഒരു തവണയെങ്കിലും കളകള്‍ നീക്കം ചെയ്‌ത്‌ ജൈവ വളപ്രയോഗം നടത്തണം. ഈ അകലത്തില്‍ ചെടികള്‍ നടുകയാണെങ്കില്‍ രണ്ടു മാസം കഴിയുമ്പോള്‍ ചെടികള്‍ തഴച്ചു വളരുന്നതു കൊണ്ട്‌ കളകളുടെ ശല്ല്യം ഉണ്ടാകാറില്ല. തൈകള്‍ നട്ടതിനു ശേഷം വേണ്ട രീതിയില്‍ പരിചരിച്ചാല്‍ പതിനൊന്ന്‌-പന്ത്രണ്ട്‌ ആഴ്‌ചകള്‍ക്കകമായി പൂവിടാന്‍ തുടങ്ങും. ചുവട്ടിലുളള ഇലകള്‍ക്ക്‌ മഞ്ഞനിറം കാണപ്പെടുന്നു. ഇതാണ്‌ വിളവെടുപ്പിനുളള സമയം. ഇലകളും, പൂക്കളും ഔഷധ നിര്‍മ്മാണത്തിനുപയോഗിക്കുന്നു. പൂക്കളും, ഇലകളും ആവിയില്‍ വാറ്റിയാണ്‌ തൈലം നിര്‍മ്മിക്കുന്നത്‌. പൂക്കളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന തൈലത്തിനാണ്‌ ഔഷധഗുണം കൂടുതല്‍.

ഔഷധഗുണങ്ങളും, ഉപയോഗങ്ങളും

തുളസിയുടെ എല്ലാ ഭാഗങ്ങള്‍ക്കും ഔഷധഗുണമുണ്ട്‌. ജ്വരം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, കഫം എന്നിവയെ ശമിപ്പിക്കും. ആഹാരത്തിന്റെ രുചി കൂട്ടാനും, മൂത്രം വര്‍ദ്ദിപ്പിക്കാനും സഹായിക്കുന്നു. ദാഹം, ക്ഷീണം, ദഹന പ്രശ്‌നങ്ങള്‍, രോഗ പ്രതിരോധത്തിനുമായി തുളസിയില ഇട്ട്‌ വെളളം തിളപ്പിച്ച്‌ കുടിച്ചാല്‍ മതിയാകും. ധാരാളം ആയുര്‍വേദ മരുന്നുകളില്‍ തുളസി ഒരു പ്രധാന ചേരുവയാണ്‌. പത്ത്‌ മില്ലി തുളസിയില നീരും, അഞ്ചു മില്ലി തേനും സ്വല്‌പം കുരുമുളക്‌ പൊടി ചേര്‍ത്ത്‌ ദിവസം മൂന്ന്‌ നേരം വച്ച്‌ കഴിച്ചാല്‍ മൂന്ന്‌ നാലു ദിവസം കൊണ്ട്‌ പനി മാറും. തേള്‍ കുത്തിയും, ചിലന്തി കടിച്ചാലുമുണ്ടാകുന്ന വിഷാംശം മാറികിട്ടാന്‍ പച്ചമഞ്ഞളും തുളസി നീരും കൂടി അരച്ച്‌ പുരട്ടിയാല്‍ മതിയാകും. ഉറങ്ങുമ്പോള്‍ തലവണയില്‍ തുളസിയില ഇട്ടു കിടന്നാല്‍ പേന്‍ ശല്ല്യം ഒഴിവാകും. തുളസിയില നീരും നാരങ്ങ നീരും സമം ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖത്തെ കറുത്ത പാടുകളും നിറവ്യത്യാസവും മാറികിട്ടും. ചെവി വേദനയ്‌ക്കും, ചെവികുത്തിനും തുളസിയില നീര്‌ ചെറുചുടോടു കൂടി രണ്ടു തുളളി ചെവിയില്‍ ഒഴിച്ച്‌ കൊടുത്താല്‍ മതി. തുളസി വേര്‌ അരച്ച ചെറു ചൂട്‌ വെളളത്തില്‍ കഴിച്ചാല്‍ കൃമി ശല്ല്യം ഒഴിവാകും. പുതിനയുടെ മണമുളള "മിന്റ്‌ തുളസി", നാരങ്ങ തുളസി, മസാല തുളസി, വിക്‌സിന്റെ മണമുളള വിക്‌സ്‌ തുളസി, അയമോദക തുളസി എന്നിങ്ങനെ ഇരുപതിലേറെ ഇനത്തിലുളള തുളസികള്‍ കേരളത്തിനകത്ത്‌ നിന്നും, കേരളത്തിന്റെ പുറത്ത്‌ നിന്നുമായി സംഭരിച്ച്‌ "ഓര്‍ഗാനിക്‌ മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി" യുടെ തിരുവനന്തപുരത്തെ പുളിയറക്കോണത്തെ ജൈവ കൃഷി സ്ഥലത്ത്‌ പരിപാലിച്ച്‌ വരുന്നു. ആവശ്യക്കാര്‍ക്ക്‌ ലഭ്യതയനുസരിച്ച്‌ ലഭിക്കുന്നതാണ്‌.