English

കരിനൊച്ചി

കരിനൊച്ചിയ്ക്ക് ആയുര്‍വേദ ചികിത്സയില്‍ പ്രധാനപ്പെട്ട സ്ഥാനമാണുളളത്. ഏകദേശം നാലു മുതല്‍ ആറു മീറ്റര്‍ പൊക്കത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണ്. നല്ല സൂര്യപ്രകാശം ഇതിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. "വെര്‍ബിനേസീ' എന്ന കുടുംബത്തില്‍പ്പെട്ടതാണ്. കരിനൊച്ചിയുടെ ശാസ്ത്രനാമം "വൈറ്റക്‌സ്‌നെഗുണ്ടോ' എന്നാണ്.

 

കൃഷിരീതി

തരിശുഭൂമിയിലും നന്നായി വളരുന്നതിനാല്‍ യാതൊരു പരിചരണവുമില്ലാതെ അതിരുകളില്‍ നട്ടു പിടിപ്പിക്കാം. പ്രത്യേക പരിചരണം ആവശ്യമില്ലാത്ത ഈ സസ്യം ഔഷധങ്ങളുടെ ഒരു സമ്പൂര്‍ണ്ണശേഖരമാണ്. വിത്തുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അധികം മുളയ്ക്കാറില്ല. പെന്‍സില്‍ വണ്ണത്തിലുളള കമ്പുകള്‍ മുറിച്ചെടുത്ത് പോര്‍ട്ടിംഗ് മിശ്രിതം നിറച്ച പോളീ ബാഗില്‍ നട്ട് വേര് പിടിപ്പിക്കണം. രണ്ടു മാസമാകുമ്പോള്‍ ഈ തൈകള്‍ വേര് പിടിച്ച് നടാന്‍ പാകമാകും. കാലവര്‍ഷാരംഭത്തോടു കൂടി കൃഷി ചെയ്യുവാനുദ്ദേശിക്കുന്ന സ്ഥലത്തോട്ട് മാറ്റി നടണം. ഒന്നരയടി സമചതുരവും ആഴവുമുളള കുഴികള്‍ എടുത്ത് അതില്‍ ഒരു കുട്ട ചാണകപ്പൊടി മണ്ണുമായി ഇളക്കി കുഴി മൂടി അതില്‍ വേണം തൈകള്‍ നടാന്‍. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ജൈവ വളം നല്‍കണം. കൃത്യമായി തടത്തിലെ കളകള്‍ നീക്കം ചെയ്യണം. വേനല്‍ക്കാലത്ത് ജലസേചനം നല്‍കണം. വ്യവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോഴാണ് ഈ രീതി അവലംബിക്കേണ്ടത്.

 

വിളവെടുപ്പ്‌

കൃത്യമായ രീതിയില്‍ പരിചരണം നടത്തിയാല്‍ രണ്ട് വര്‍ഷം കഴിയുമ്പോള്‍ വിളവെടുപ്പിനു പ്രായമാകും. രണ്ടുമാസം കൂടുമ്പോള്‍ ചെറിയ കമ്പുകളും ഇലകളും വെട്ടി വിപണനം നടത്താം. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ വേരും വിളവെടുക്കാം.

 

ഉപയോഗങ്ങളും ഔഷധഗുണങ്ങളും

വേരും ഇലയും ഔഷധയോഗ്യമാണ്. കരിനൊച്ചിയില, തുളസിയില, കുരുമുളക് ഇവ സമം എടുത്ത് കഷായം വച്ച് കഴിച്ചാല്‍ പനി രോഗങ്ങള്‍ക്ക് ആശ്വാസം കിട്ടും. മുട്ടുകളിലുണ്ടാകുന്ന നീര്, വേദന, നടുവേദന എന്നീ അസുഖങ്ങള്‍ക്ക് കരിനൊച്ചിയില അരച്ചിടുന്നത് ഫലപ്രദമാണ്. ഇല ഇടിച്ച് പിഴിഞ്ഞ നീരില്‍ ആവണക്കെണ്ണ ചേര്‍ത്ത് സേവിക്കുന്നത് നടുവിനു പിടുത്തം, കൊളുത്തി പിടുത്തം എന്നിവ വളരെ വേഗം മാറി കിട്ടാന്‍ സഹായിക്കും. തൊണ്ടയ്ക്കകത്തും കഴുത്തിനു ചുറ്റുമുളള ഗ്രന്ഥികള്‍ വീങ്ങിയാല്‍ ഇലയുടെ നീര് 10 മില്ലി രണ്ടു നേരം കഴിക്കുന്നത് നല്ലതാണ്. വായ്പുണ്ണ് മാറാന്‍ ഇല ചവയ്ക്കുന്നതും, ഇലയിട്ട കഷായം ചെറുചുടോടെ കവിള്‍ കൊളളുന്നതും നല്ലതാണ്. കരിനൊച്ചിയുടെ തളിരില നെയ്യില്‍ വറുത്ത് ഉപയോഗിച്ചാല്‍ ശ്വാസസംബന്ധമായ അസുഖങ്ങള്‍ക്ക് ശമനമുണ്ടാകും. വചാദിതൈലം, രാസ്‌നാദിതൈലം, ജാത്യാദിതൈലം എന്നിവയില്‍ കരിനൊച്ചി ഇലയും അഷ്ടവര്‍ഗ കഷായത്തില്‍ കരിനൊച്ചിയുടെ വേരും ചേരുന്നുണ്ട്.

 

ഔഷധഗുണങ്ങള്‍ക്ക് പുറമേ മികച്ച ഒരു ജൈവ കീടനാശിനിയായി ഉപയോഗിക്കാം. ഫംഗസ്സുകള്‍, കീടങ്ങള്‍, കൊതുക്, കൂത്താടി, ഈച്ച, ചെളളുകള്‍ എന്നിവയെ ഫലപ്രദമായി നിയന്ത്രിക്കാം.