Organic Keralam Facebook Page
English

കൂവ കിഴങ്ങ്

നാടന്‍ കൂവ കൃഷി രീതി

കേരളത്തില്‍ വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്ന കാര്‍ഷിക ഉല്പന്നമാണ് കൂവ കിഴങ്ങ്. ഇത് വേകിച്ച് കഴിയ്ക്കാനാണ് പ്രധാനമായും മലയാളികള്‍ ഉപയോഗിയ്ക്കുന്നത്. ഇത് പൊടി ആക്കി ഉപയോഗിയ്ക്കുന്നതും പതിവാണ്.

കൂവ മൂന്നു നിറങ്ങളില്‍ കാണപ്പെടുന്നു - മഞ്ഞ, വെള്ള, നീല. എന്നാല്‍ സാധാരണയായി കര്‍ഷകര്‍ വ്യവസായികാടിസ്ഥാന കൂവ കൃഷി ചെയ്യാറില്ല. വളരെ അപൂര്‍വ്വം കര്‍ഷകരെ കൂവ കൃഷി ചെയ്യാറുള്ളൂ. കേരളത്തില്‍ മഞ്ഞ നിറമുള്ളതും വെള്ളയുമാണ് കൃഷി ചെയ്തു വരുന്നത്. കൂവയുടെ ഇലകൾ മഞ്ഞളിന് സമാനമാണ്. തണലുള്ള സ്ഥലങ്ങളില്‍പ്പോലും കൂവ തഴച്ചു വളരുന്നതിനാലും കൂവപ്പൊടിയുടെ വിപണനവും മൂല്യ വര്‍ദ്ധന ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള അനന്ത സാദ്ധ്യതകളും കൂവ കൃഷിയുടെ സാദ്ധ്യതകളും നമ്മുടെ നാട്ടില്‍ വളരെയേറയുണ്ട്.

കൃഷി രീതി

പുതുമഴയാരംഭമായ ഏപ്രില്‍ - മേയ് മാസങ്ങളാണ് കൂവ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മാസം.കേരളത്തിലെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ കൂവ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ്. തെങ്ങിന്‍ തോപ്പുകളിലും, കവുങ്ങിന്‍ തോപ്പുകളിലും, തരിശായി കിടക്കുന്ന സ്ഥലങ്ങളിലും ഇടവിളയായി കൃഷി ചെയ്യാം. പ്ലാവിന്റെയും, മാവിന്റെയും ചുവടുകളില്‍ തണല്‍ ഉണ്ടെങ്കിലും കൃഷി ചെയ്യാം. തണലുണ്ടെങ്കിലും കൂവ നന്നായി വളരും. കൂവയ്ക്ക് വിത്തില്ലാത്തതിനാല്‍ കിഴങ്ങുകളില്‍ നിന്ന് നാലു മുതല്‍ ഏഴ് സെന്റീമീറ്റര്‍ വലിപ്പമുള്ള കഷണങ്ങള്‍ എടുക്കുക. ഇതിന് രണ്ടു മുതല്‍ നാലു മുകുളങ്ങള്‍ വരെ കാണും. പതിനഞ്ചു ഗ്രാം മുതല്‍ ഇരുപതു ഗ്രാം വരെ തൂക്കവും കാണും. സ്ഥലങ്ങള്‍ ആഴത്തില്‍ കിളച്ച് ചാണകപ്പൊടിയോ, കോഴികാഷ്ഠമോ, ആട്ടിന്‍ കാഷ്ഠമോ വില കുറഞ്ഞ  ജൈവ വളമോ ചേര്‍ത്ത് ഇളക്കുക.

ഒരടിയെങ്കിലും അകലത്തില്‍ നടുക. വിത്ത് നട്ട് ഒരുമാസം കഴിയുമ്പോഴേക്കും കിളിര്‍ത്ത് ഇലകള്‍ വരാന്‍ തുടങ്ങും. രണ്ടു പ്രാവശ്യം വളം നല്‍കി മണ്ണ് വെട്ടി കൂട്ടണം. വില കൂടിയ രാസവളമാവശ്യമല്ല. ഇത് ജൂലൈയിലും, സെപ്റ്റംബര്‍ - ഒക്ടോബറിലുമാണ്  നല്‍കുന്നത് നല്ലത്. കൃഷി തുടങ്ങി ആറു - ഏഴ് മാസം കഴിയുമ്പോള്‍ കൂവയുടെ ഇല കരിഞ്ഞ് മഞ്ഞ നിറമാകുവാന്‍ തുടങ്ങും. ഇതാണ് കൂവയുടെ വിളവെടുപ്പ് അഥവാ പറിച്ചെടുക്കേണ്ട സമയം.

സംസ്ക്കരണ രീതി

കുറച്ചു കൂവയേള്ളൂ എങ്കില്‍ കൂവ കഴുകി ഉരച്ചെടുത്ത് വെള്ളത്തില്‍ കലക്കി തെളിനീര് കളഞ്ഞ് അടിയിലടങ്ങിയിരിക്കുന്ന വെയ്സ്റ്റും മാറ്റി ഉണക്കി എടുക്കുകയാണ് സംസ്കരണ രീതി. കൂവ വ്യവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഈ രീതി സാദ്ധ്യമല്ല. യന്ത്രസഹായത്തോട് വേണം കൂവ സംസ്ക്കരിയ്ക്കാന്‍. ഇതിനാവശ്യമായ യന്ത്രങ്ങള്‍ വിപണിയിലുണ്ട്. പല കര്‍ഷകരും ഇതു കണ്ടി പിടിച്ചിട്ടുണ്ട്. ഗുണമേന്മ നഷ്ടപ്പെടാതെയും, വെയിലത്ത് വെച്ച് ഉണക്കാതെയുമുള്ള യന്ത്രങ്ങള്‍ കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്.

ഉപയോഗവും ഔഷധഗുണങ്ങളും

കൂവപ്പൊടി ഏറ്റവും നല്ല ഒരു പോഷകാഹാരമാണ്. കുട്ടികള്‍ക്ക് ഉണ്ടാകുന്ന അതിസാരത്തിനു ഏറ്റവും നല്ല ഒരു മരുന്നാണ് കൂവപ്പൊടി കുറുക്കി കൊടുക്കുന്നത്. പണ്ടു കാലങ്ങളില്‍ മുത്തശ്ശിമാര്‍ പ്രസവിച്ചതിനു ശേഷം സ്ത്രീകള്‍ക്ക് കൂവപ്പൊടി കാച്ചി കൊടുക്കുമായിരുന്നു. കൂവപ്പൊടി കാച്ചി കുറുക്കി ശര്‍ക്കരയും  ചേര്‍ത്ത് എല്ലാവര്‍ക്കും കഴിയ്ക്കാവുന്നതാണ്. ഇത് അതിവേഗം ദഹിക്കുന്നു. അന്നജവും,ആന്‍ക്കലോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. തിരുവാതിര നോമ്പു നോക്കുന്നവര്‍ കൂവപ്പൊടി  കാച്ചി കുടിച്ചിരുന്നു. ഇതുകൊണ്ട് മനസ്സിലാക്കണം കൂവപ്പൊടിയുടെ ഗുണങ്ങള്‍.

ആയുര്‍വേദ മരുന്നുകളിലും സിദ്ധ മരുന്നുകളിലും കൂവപ്പൊടി ധാരാളമായി ഉപയോഗിച്ചു വരുന്നു. ബേക്കറി വ്യവസായങ്ങളില്‍ കൂവപ്പൊടി ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു അസംസ്കൃത ഘടകമാണ്. ഇന്ത്യയിലെ വന്‍കിട ബിസ്ക്കറ്റു കമ്പനികളെല്ലാം തന്നെ കൂവപ്പൊടി ചേര്‍ന്ന ബിസ്ക്കറ്റുകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. മരുന്നു വ്യവസായത്തിലും കൂവപ്പൊടിയുടെ ആവശ്യം അനുദിനം വര്‍ദ്ധിച്ചു കൊണ്ട് വരികയാണ്.

ചില സ്ഥലങ്ങളില്‍ കൂവച്ചെടിയുടെ പച്ച ഇലകള്‍ ആടിനും, പശുവിനും തീറ്റയായി നല്‍കാറുണ്ട്. കൂവ സംസ്ക്കരിച്ചതിനു ശേഷം ലഭിക്കുന്ന വെയ്സ്റ്റ് കാലിത്തീറ്റയിലും, കോഴിത്തീറ്റയിലും ചേര്‍ക്കാവുന്നതാണ്. കൂവപ്പൊടി സംസ്ക്കരിക്കുമ്പോള്‍ കിട്ടുന്ന തെളിനീര് ഒരു നല്ല ജൈവ കീടനാശിനിയാണ്. തെങ്ങിന്‍ തൈകള്‍ നടുമ്പോള്‍ ചിതലിന്റെ ആക്രമണം ഉണ്ടാകാതിരിക്കുവാന്‍ രണ്ട് - മൂന്ന് വിത്തുകള്‍ നട്ടിരുന്നു.

കൂവ കൃഷിയ്ക്ക് യാതൊരു കീടനാശിനി പ്രയോഗത്തിന്റേയും ആവശ്യമില്ല. തണലത്ത് പോലും നല്ലവണ്ണം വളവും നല്ല രീതിയിലുള്ള വളപ്രയോഗത്തിന്റേയും പരിചരണത്തിന്റേയും ആവശ്യമില്ല. ഏതു മരങ്ങളുടെ ചുവടുകളിലും തളച്ചു വളരും. ഇങ്ങനെ ആകെ കൂടി നോക്കിയാല്‍ കേരളം കൂവ കൃഷിയ്ക്ക് തികച്ചും അനുയോജ്യമാണ്. കൂവപ്പൊടിയുടെ ഔഷധഗുണങ്ങളും, രോഗ പ്രതിരോധ ശേഷിയേയും കുറിച്ച് ജനങ്ങളെ  ബോധവത്ക്കരണം നടത്തേണ്ടതായിട്ടുണ്ട്. മൂല്യ വര്‍ദ്ധന ഉല്പന്നങ്ങള്‍ നിര്‍മ്മിക്കേണ്ടതായിട്ടുണ്ട്.