Organic Keralam Facebook Page
English

ബ്രോകൊളി

ഈ അടുത്തകാലത്ത് നമ്മുടെ നാട്ടില്‍ സുലഭമായി കൃഷി ചെയ്തു തുടങ്ങിയ ഒരു കാര്‍ഷിക വിളയാണല്ലോ ബ്രോകൊളി. ശീതകാല വിളകളുടെ ഗണത്തില്‍പ്പെടുന്ന ഇറ്റാലിയന്‍ സസ്യായ ബ്രോകൊളി നമ്മുടെ സ്വന്തം കോളിഫ്ലവറിന്റെ അതേ വിഭാഗമായ ബ്രസികേസിയ വിഭാഗത്തില്‍പ്പെട്ട സസ്യമാണ്. ഇറ്റാലിയന്‍ സസ്യമാണ് ഇത്. 

കാണാന്‍ വളരെ ഭംഗിയുള്ള സസ്യമാണ് ബ്രോകൊളി. പച്ച നിറത്തില്‍ ഇടതൂര്‍ന്നു സമൃദ്ധമായി ചെറുമരങ്ങളെന്നു തോന്നും വിധമുള്ള പൂത്തല ഇവയുടെ പ്രത്യേകതയാണ്. ഇതേ സസ്യകുടുംബത്തില്‍പ്പെട്ട കോളീഫ്ലവറുമായി ബ്രോകൊളിക്ക് സാമ്യമുണ്ടെങ്കിലും കോളിഫ്ലവറിന്റെ തലഭാഗം വെള്ളനിറത്തിലാണ്.  ബ്രോകൊളിയും, കോളിഫ്ലവറും ഇടകലര്‍ത്തി ബ്രോക്കീഫ്ലവര്‍ എന്ന സങ്കരസസ്യവും നിലവിലുണ്ട്.

കൃഷിരീതി

വിത്തുകള്‍ പാകി മുളപ്പിക്കുന്നതിന് വേണ്ടി 50 % തണലുള്ള സ്ഥലം വേണം തിരഞ്ഞെടുക്കാന്‍. മണ്ണ്, മണല്‍, ചാണകപ്പൊടി / കമ്പോസ്റ്റ് 1 : 1 : 1 എന്ന അനുപാതത്തില്‍ നടീല്‍ മിശ്രിതം കലര്‍ത്തി തയ്യാറാക്കാം. അമ്ലത കൂടുതലുള്ള മണ്ണാണെങ്കില്‍ പത്തു കിലോ മിശ്രിതത്തിന് 100 ഗ്രാം കുമ്മായം കൂടെ ചേര്‍ത്ത മിശ്രിതം നനവോടെ ഒരാഴ്ച തണലില്‍ സൂക്ഷിക്കണം.

അതിനു ശേഷം ട്രൈക്കോഡെര്‍മ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഇവയില്‍ ഏതെങ്കിലും ഒരു കിലോ നടീല്‍ മിശ്രിതത്തിന് 10 ഗ്രാം എന്ന തോതില്‍ അല്‍പം നനവോടെ ചേര്‍ക്കാം. ചെടികളുടെ കടചീയലിന് കാരണമാവുന്ന കുമിളുകളുടെ വളര്‍ച്ച തടയാനാണിത്. നടീല്‍ മിശ്രിതം ഉപയോഗിച്ചുള്ള തടങ്ങള്‍ അരയടി ഉയരത്തിലും ഒരടിയെങ്കിലും വീതിയിലും ആവശ്യത്തിന് നീളത്തിലും തയ്യാറാക്കം.

വിത്തുകള്‍ ഓരോന്നും 0.5 മുതല്‍ 1 c m ആഴത്തിലും രണ്ട് ഇഞ്ച് അകലത്തിലും പാകാം. Pro tray-കളിലാണെങ്കില്‍ നടീല്‍ മിശ്രിതം നിറച്ച ഓരോ കുഴിയിലും ഓരോ വിത്തുകള്‍ വീതമാണ് പാകേണ്ടത്. മുളച്ച ശേഷം 25 - 30 ദിവസം കഴിയുമ്പോള്‍ (ഏകദേശം 10 cm ഉയരമാവുമ്പോള്‍) സൂര്യപ്രകാശം നന്നായി ലഭിക്കുന്നിടം തിരഞ്ഞെടുത്ത് മുന്‍പേ തയ്യാറാക്കിയ നീര്‍വാര്‍ച്ചയുള്ളതും വളകൂറുള്ളതുമായ മണ്ണിലേക്കോ, ഗ്രോ ബാഗിലേക്കോ തൈകള്‍ പറിച്ചു നടാം.

കമ്പോസ്റ്റ് ആദ്യഘട്ടത്തില്‍ ഒന്നോ രണ്ടോ തവണയും ജൈവസ്ലറി, ഗോമൂത്രം, ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ്, ജീവാമൃതം എന്നിവ മാറി മാറി ആഴ്ചയില്‍ ഒരിക്കല്‍ വീതം വളര്‍ച്ചക്കനുസൃതമായി തടത്തില്‍ ഒഴിച്ചു കൊടുക്കാവുന്നതാണ്. ജീവാണുവളം ഒന്നോ രണ്ടോ തവണ പ്രയോഗിക്കുന്നതും ഈ  ഹ്രസ്വകാല വീളകള്‍ക്ക് ഉത്തമമാണ്.

സ്യൂഡോമോണസ് 20 ദിവസത്തില്‍ ഒരിക്കല്‍ ഇലകളില്‍ സ്‌പ്രേയായും, തടത്തിലും പ്രയോഗിക്കാം. രോഗങ്ങള്‍ വരാതിരിക്കാനും ചെടികള്‍ കരുത്തോടെ വളരാനും ഇത് സഹായിക്കും. പഴുത്തതും ഉണങ്ങിയതുമായ ഇലകള്‍ ചെടികളില്‍ നിന്നും പറിച്ചു മാറ്റി നശിപ്പിക്കുന്നത് ചെടികള്‍ക്കിടയില്‍ ഈര്‍പ്പം നില്‍ക്കാതിരിക്കാന്‍ നല്ലതാണ്. വേപ്പെണ്ണ മിശ്രിതം 20 ദിവസത്തിലൊരിക്കല്‍ സ്‌പ്രേ ചെയ്തു കൊടുക്കുന്നത് കീടങ്ങളെ അകറ്റി നിര്‍ത്തും.

ഇലകളില്‍ കുമിള്‍ രോഗങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ മുറക്ക് കോപ്പര്‍ ഓക്‌സി ക്ലോറൈഡ് എല്ലാ ചെടികളിലും പ്രയോഗിക്കാം. ക്രമമായ ജലസേചനവും നീര്‍വാര്‍ച്ചയും ഉറപ്പാക്കുക എന്നത് ബ്രോക്കോളി കൃഷിയുടെ പ്രധാനപ്പെട്ട  കാര്യമാണ്.

ഔഷധഗുണങ്ങള്‍

ഈ അടുത്തകാലത്തെ വിദഗ്ധ പഠനങ്ങള്‍ തെളിയിക്കുന്നത് കേരളത്തിലെ പുതിയ തലമുറയ്ക്ക് ജീവിതശൈലിയിലൂടെയും, ഭക്ഷണരീതികളിലൂടെയും ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളും വെല്ലുവിളികളും  നേരിടേണ്ടി വരുന്നത് എന്നാണല്ലോ. ഇത്തരം ഒരു സാഹചര്യത്തിലാണ് കേരളത്തില്‍ ബ്രോകൊളി കൃഷിക്ക്  പ്രാധാന്യം ഏറുന്നത്.

കണ്ടാല്‍ ഒരു പാവത്തെപോലെ ഉണ്ടെങ്കിലും ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയാണ്. നിരവധി സവിശേഷതകളും ഗുണങ്ങളുമുള്ള പച്ചക്കറിയാണ് ബ്രോകൊളി. എന്നാല്‍ പലരും  ഇത്തരത്തിലുള്ള ഒരു പച്ചക്കറിയെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിച്ചിട്ടുണ്ടാവില്ല. കോളിഫ്ലവറിന്റെയും കാബേജിന്റെയും ഗണത്തില്‍പ്പെട്ട ഈ പച്ചക്കറി നമ്മുടെ ശരീരത്തിലെ പല അസുഖങ്ങള്‍ക്കും പരിഹാരം നല്‍കുന്നുണ്ട്. എന്നാല്‍ പലരും ഇതിന്റെ ഔഷധഗുണത്തെക്കുറിച്ച് കേട്ടിട്ടുപോലും ഉണ്ടാവില്ല എന്നതാണ് സത്യം.

ബ്രോക്കോളിക്ക് അര്‍ബുദത്തെ ചെറുക്കാനുള്ള കഴിവുണ്ട് എന്നാണ് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നത്.  സള്‍ഫറാഫെയ്ന്‍, ഇന്‍ഡോള്‍സ് എന്നീ പോഷക ഗുണങ്ങള്‍ ആണ് അര്‍ബുദത്തെ ചെറുക്കാന്‍ ബ്രോക്കോളിയെ സഹായിക്കുന്നത്. ബ്രോക്കോളിയും, തക്കാളിയും ഇടകലര്‍ത്തി ഭക്ഷണം ശീലമാക്കുന്നത് സ്തനാര്‍ബുതത്തെ ചെറുക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ പാശ്ചാത്യരുടെ ഒരു പ്രധാന ഭക്ഷണമാണ് ബ്രോക്കോളി.

രക്ത സമ്മര്‍ദ്ദം തടയാന്‍ ബ്രോക്കോളി നമ്മുടെ ഉച്ച ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ പല വിദഗ്ധരും നിര്‍ദ്ദേശിക്കാറുണ്ട്. ഊര്‍ജ്ജം പ്രദാനം ചെയ്യുകയും രോഗപ്രതിരോധശേഷി വര്‍ദ്ദിപ്പിക്കുന്നതിലും ബ്രോക്കോളിക്കുള്ള കഴിവ് അത്ഭുതകരമായ രീതിയിലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇക്കാരണത്താല്‍ ആര്‍ത്രൈറ്റിസ് എന്ന രോഗത്തെ ബ്രോക്കോളി ഫലപ്രദമായി പ്രതിരോധിക്കുന്നു. കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളിയിലെ ഉയര്‍ന്ന അളവിലുള്ള വൈറ്റമിന്‍ ബി. പാന്‍ക്രിയാസിനെയും, വയറിനെയും ബാധിക്കുന്ന പല അസുഖങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. കൊളസ്‌ട്രോളിനെ തടഞ്ഞു നിര്‍ത്തി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ ബ്രോക്കോളി എന്ന പച്ചക്കറി വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

വൈറ്റമിന്‍ സി. ഉള്‍പ്പെടെയുള്ള ആന്റി ഓക്‌സിഡന്റുകളുടെ ഒരു കലവറയാണ് ബ്രോക്കോളി. ഇതുണ്ടാക്കുന്ന ഗുണങ്ങളെ പറഞ്ഞാല്‍ തീരാത്തവയും. എല്ലുകളുടെയും പല്ലുകളുടെയും സംരക്ഷണത്തിന്  ബ്രോക്കോളി സഹായിക്കുന്നു. അലര്‍ജ്ജിക്കെതിരെ പ്രതിരോധിക്കുന്ന ഒരു കാര്‍ഷികവിളയാണ്  ബ്രോക്കോളി. കേശവളര്‍ച്ചയെ ശരിയായ രീതിയില്‍ ക്രമീകരിക്കാനും ബ്രോക്കോളി സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ ബ്രോക്കോളി കൂടുതലായി ഉള്‍പ്പെടുത്തിയാല്‍ പ്രമേഹം നിയന്ത്രിക്കുകയും പിന്നീട് പ്രമേഹം മാറാനുള്ള സാധ്യത വരെ സൃഷ്ടിക്കുകയും ചെയ്യുന്നു.

നാരുകളുടെ കലവറയാണ് ബ്രോക്കോളി. നിരവധി പ്രോട്ടീനുകളാല്‍ സംമ്പുഷ്ടവുമാണ്. ഇക്കാരണത്താല്‍ പ്രഭാത ഭക്ഷണത്തിലും, ഉച്ച ഭക്ഷണത്തിലും ബ്രോക്കോളി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ബ്രോക്കോളിയില്‍ ജീവകം സി., കെ., ബീറ്റാകരോട്ടിന്‍ തുടങ്ങി നിരവധി ജീവകങ്ങല്‍ അടങ്ങിയിട്ടുണ്ട്. ധാതുക്കളുടെ ഒരു കലവറ തന്നെയാണ് ബ്രോക്കോളി. കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയവ ധാരാളം ഈ സസ്യത്തില്‍ അടങ്ങിയിട്ടുണ്ട്. ബ്രോക്കോളിയുടെ പ്രധാന നേട്ടം അതിന്റെ കുറഞ്ഞ കലോറിയാണ്. 100 ഗ്രാമിന് 30 കിലോ കലോറി എന്നതാണ് ഇതിന്റെ കണക്ക്.

വിളവെടുപ്പ്

പ്രധാനമായും മൂന്ന് തരം ബ്രോക്കോളി കാണപ്പെടുന്നു. ഇതില്‍ ഏറ്റവും സുപരിചിതമായ ബ്രോക്കോളിയാണ് Calabrese Broccoli. ഇതാണ് നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഇവയുടെ പച്ച നിറത്തില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന പൂത്തല തണ്ടില്‍ നിന്ന് ഏകദേശം 10 മുതല്‍ 20 സെന്റീ മീറ്റര്‍ വരെ ഉയരം വക്കാറുണ്ട്. ഇതൊരു ശൈത്യകാല വാര്‍ഷിക വിളയാണ്.

രണ്ടാമതായി കാണപ്പെടുന്ന ബ്രോക്കോളി Sprouting Broccoli എന്നറിയപ്പെടുന്നു. ഇത്തരം ബ്രോക്കോളിയില്‍ ഒന്നില്‍ കൂടുതല്‍ ഇടതൂര്‍ന്ന് തണ്ടുകളോടു കൂടിയ പൂത്തലകള്‍ ഉണ്ടാകുന്നു.

മൂന്നാമതായി കാണപ്പെടുന്ന ബ്രോക്കോളിയാണ് Purple Cauliflower. ഇവ സാധാരണയായി യൂറോപ്പിലും, വടക്കേ അമേരിക്കയിലുമാണ് കാണപ്പെടുന്നത്. ഇവയുടെ പൂത്തല കോളിഫഌവറിനെപ്പോലെ നിറഭേതത്തില്‍ കാണപ്പെടുന്നു. ഇവയ്ക്ക് തീരെ ചെറിയ ഒരുപാട് പൂത്തലകള്‍ കാണപ്പെടുന്നു.

സാധാരണയായി ബ്രോക്കോളി വളരുന്നത് 18 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് സാധാരണ ഊഷ്മാവിലാണ്. ഇങ്ങനെ വളരുമ്പോള്‍ ഇവയുടെ പൂകുലകള്‍ മധ്യത്തിലായി നല്ല ആരോഗ്യത്തോടെ പച്ച നിറത്തില്‍ കാണപ്പെടുന്നു. ഇവയുടെ പൂത്തലകള്‍ വേവിച്ചോ, വേവിക്കാതെയോ ഭക്ഷിക്കാവുന്നതാണ്.