Organic Keralam Facebook Page
English

കോളിഫ്‌ളവര്‍

കോളിഫ്‌ളവര്‍ എന്ന പേരുണ്ടായിരിക്കുന്നത് കോളീസ് (കാണ്ഡം) ഫ്‌ളോറീസ് (പുഷ്പം) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ്. ശാസ്ത്രീയമായി ബ്രാസ്സിക്ക ഒലെറേസിയേമെറെറ്റിബ്രോട്രിറ്റിസ്എന്നറിയപ്പെടുന്ന കോളിഫഌവര്‍  ബ്രാസിക്കോസിയേ അഥവാ ക്രൂസിഫെറെഎന്ന സസ്യകുടുംബത്തില്‍ പ്പെട്ടതാണ്. ഇതേ കുടുംബത്തില്‍ തന്നെയാണ് കാബേജ്, ബ്രൊക്കോളി, ക്യാരറ്റ്, ബീറ്റുറൂട്ട് മുതലായ മറ്റു ശീതകാല പച്ചക്കറികളും. മഞ്ഞുകാലം തുടങ്ങുന്ന സമയമായ ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഇതിന്റെ കൃഷി ആരംഭിക്കാം. കോളിഫ്ലവറിന്റെ പൂവല്ല ഭക്ഷണാവശ്യത്തിനായി എടുക്കുന്നത്. കായിക വളര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ പ്രത്യുല്പാദന ഘട്ടത്തിലേക്ക് കടക്കുന്നതിനു മുന്‍പ് രൂപം കൊള്ളുന്ന കേര്‍ഡ് എന്ന ഭാഗമാണ് ഭക്ഷണത്തിനു വേണ്ടി എടുക്കുന്നത്.

കൃഷിരീതി

വിളയായി കൃഷി ചെയ്യുന്നതിനാവശ്യമായ കോളീഫ്ലവറിന്റെ വിത്തുകള്‍ ഗവണ്‍മെന്റും, സ്വകാര്യ നേഴ്‌സറികളും ഉല്പാദിപ്പിക്കുന്നുണ്ട്. വിത്തിന് കടുകു മണിയുടെയത്രയും വലിപ്പമുള്ളതു കൊണ്ട് പോട്രേയിലേ പാകാന്‍ പറ്റത്തുള്ളൂ. മൂന്ന് - നാല് ഇല വരുന്നത് വരെ പോട്രേയില്‍ വളര്‍ത്തണം. തൈകള്‍ പറിച്ചു നടുന്നതിനു മുന്‍പായി കൃഷി സ്ഥലം ആഴത്തില്‍ കിളച്ച് നിലം നന്നായി ഒരുക്കി എടുക്കണം. ഇതിലേക്ക് സെന്റ് ഒന്നിന് എഴുപത്തിയഞ്ചു കിലോ ജൈവവളം അടി വളമായി ചേര്‍ക്കണം. ഇതില്‍ വേണം തൈകള്‍ പറിച്ചു നടാന്‍. ഇതിനു ശേഷം സെന്റ് ഒന്നിന് ഒന്നര കിലോ യൂറിയായും, രണ്ടു കിലോ രാജ്‌ഫോസും, ഒരു കിലോ പൊട്ടാഷും രണ്ടു പ്രാവശ്യമായി നല്‍കണം. രണ്ടാമത്തെ വളപ്രയോഗത്തിനു ശേഷം മണ്ണു കൂട്ടി കൊടുക്കുകയാണെങ്കില്‍ കേര്‍ഡിന്റെ വലുപ്പം കൂടും.

വിളവെടുപ്പ്

പറിച്ച് നട്ട് അന്‍പത് ദിവസത്തിനകം കേര്‍ഡ് രൂപം കൊള്ളുകയും മൂന്നാഴ്ചയ്ക്കകം വിളവെടുപ്പിനു പാകമാകുകയും ചെയ്യും. സാധാരണയായി കേര്‍ഡിനു വെള്ള നിറമാണുണ്ടാകാറ്. ചൂട് കൂടിയ സ്ഥലങ്ങളില്‍ ഇളം മഞ്ഞ നിറം കാണാറുണ്ട്. കേര്‍ഡിനു മുകളില്‍ ഇലകള്‍ പൊതിഞ്ഞു കെട്ടാന്‍ സാധിക്കുകയാണെങ്കില്‍ സ്വഭാവിക നിറവും ഗുണവും നഷ്ടപ്പെടാതെ സംരക്ഷിക്കുവാന്‍ സാധിക്കും. ആവശ്യത്തിന് വെള്ളവും വളവും കൊടുത്തില്ലെങ്കില്‍ കേര്‍ഡിന്റെ വലുപ്പം വളരെ കുറഞ്ഞു പോകും. കേര്‍ഡ് രൂപം കൊള്ളുന്ന സമയത്ത് അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന മാറ്റം കോളിഫ്ലവറിന്റെ കൃഷിയെ സാരമായി ബാധിക്കും. ചെടിയുടെ വളര്‍ച്ചാ ഘട്ടത്തില്‍ ഉയര്‍ന്ന താപനിലയും തീവ്രമായ സൂര്യ പ്രകാശവും അനുഭവപ്പെടുകയാണെങ്കില്‍ ചെടിയുടെ വളര്‍ച്ച മന്ദഗതിയിലായിത്തീരുന്നു. കേര്‍ഡുകള്‍ക്കു പകരമായി വലുപ്പം കുറഞ്ഞ ഇലകള്‍ ഉണ്ടാകുകയും കായിക വളര്‍ച്ച നീണ്ടു പോകുകയും ചെയ്യുന്നു. ഈ ചെടികളില്‍ ഒരിക്കലും കേര്‍ഡ് ഉണ്ടാകില്ല.

സസ്യസംരക്ഷണം

കോളീഫ്ലവറിന്റെ ഇലകളില്‍ വര്‍ണ്ണ ചാഴികള്‍, ഇലപ്പേനുകള്‍ എന്നിവ നീരൂറ്റി കുടിക്കുന്നതു മൂലം ഇല കരിഞ്ഞു പോകുന്നു. ഇതിനെതിരേ ജൈവ കീടനാശിനി പ്രയോഗിച്ചു സംരക്ഷിക്കാം. ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ് കരിഞ്ചീയലും, മൃദുചീയലും. ഇത് വിത്തിലൂടെ പടരുന്നവയായതു കൊണ്ട് രോഗബാധയില്ലാത്ത വിത്താണെന്ന് ഉറപ്പുവരുത്തണം. വിത്തില്‍ സ്യൂഡോമോണോസ് എന്ന മിത്ര ബാക്ടീരിയ പുരട്ടാവുന്നതാണ്. സ്യൂഡോമോണോസ് ലായിനി തൈ നടുന്നതിനു മുന്‍പ് കൃഷി ചെയ്യുന്ന സ്ഥലത്ത് ഒഴിച്ചു കൊടുത്തും ഇതിന്റെ ആക്രമണത്തെ തടയാം.

വിറ്റാമിനുകളും ഗുണങ്ങളും

അന്നജം, മാംസ്യം, ജീവകം എ, ജീവകം സി. എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം, സള്‍ഫര്‍, അയണ്‍ തുടങ്ങിയ ധാതുക്കളും വളരെ അടങ്ങിയിരിക്കുന്നു. ഗ്ലൂക്കോസിനു ലേറ്റ്‌സ് എന്ന ഘടകം ക്യാന്‍സര്‍, ഹൃദയ രോഗങ്ങള്‍ മുതലായവയില്‍ നിന്നും മനുഷ്യ ശരീരത്തെ സംരക്ഷിക്കുന്നതായുള്ള പഠനങ്ങള്‍ ലോക വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.