Organic Keralam Facebook Page
English

കറുവ പട്ട

സുഗന്ധ വ്യഞ്ജനമാണ് കറുവ. കറുവയിലയ്ക്കും നല്ല സുഗന്ധമുണ്ട്. കറുവയുടെ തൊലിയ്ക്കാണ് പട്ട എന്നു പറയുന്നത്.  പത്ത് മീറ്ററോളം ഉയരത്തിൽ ഈ മരം വളരും. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ അധികം ഉയരമില്ലാതെ വെട്ടി നിറുത്തുകയാണ് പതിവ്. 300 ഓളം വ്യത്യസ്ഥ ജനുസുകൾ ഉള്ള ഒരു മരമാണ് കറുവ.  ഇത് സംസ്ക്കറിച്ചെടുത്താല്‍ എരിവും മധുരവും കാണാം. കറുവയുടെ ഗണത്തില്‍ പെട്ടതാണ് വഴന. മാര്‍ക്കറ്റുകളില്‍ കറുവപ്പട്ടയുടെ വാജ്യനായി വഴനമട്ടയും വിൽക്കുന്നുണ്ട്. 

മറ്റു ഭാഷകളിലെ പേരുകള്‍

മലയാളം - കറുകപ്പട്ട, ഇലവംഗം, ഇലവർങം, ഇടന, കറപ്പ. ഇംഗ്ലീഷ് - സിന്നമൺ, Cinnamon ഹിന്ദി - ദരുസിത, (दरुसिता), ധാൽചിനി തമിഴ് - ലവംഗപ്പട്ടൈ, താളിച്ചപ്പത്തിരി (தாளிசபத்திரி) സംസ്കൃതം - തക്‌പത്രം, തമാല

കൃഷിരീതി

കറുവ കൃഷിക്ക് അനുയോജ്യമായ ചൂടും, ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് കേരളത്തിലേത്. ഏതൊരു മലയാളിയ്ക്കും തന്റെ കൃഷിയിടങ്ങളില്‍ ഒരു കറുവമരമെങ്കിലും യാതൊരു പ്രയാസവും കൂടാതെ വളര്‍ത്താവുന്നതേ ഉള്ളൂ. ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ ഏതെങ്കിലും അംഗീകൃത നേഴ്‌സറികളില്‍ നിന്നോ കറുവയുടെ തൈ വാങ്ങി നടാവുന്നതേയുള്ളൂ.

കറുവയുടെ അരി പറിച്ചെടുത്തില്ലെങ്കില്‍ താഴെ വീണ് തൈകള്‍ ഉണ്ടാകാറുണ്ട്. ഇത് പതിച്ച് വച്ചാലും മതിയാകും. കറുവയുടെ കൃഷിക്ക് വലിയ പരിചരണത്തിന്റെ ആവശ്യമില്ല. കുറച്ച് ജൈവവളം മഴസമയത്ത് വര്‍ഷം മൂന്ന് പ്രാവശ്യം ഇടവിട്ട് നല്‍കിയാല്‍ മതി. വ്യവസായികമായി കറുവ കൃഷിയ്ക്ക് അനന്ത സാദ്ധ്യതകളാണുള്ളത്. തണലുള്ള തരിശായി വെറുതെ കിടക്കുന്ന സ്ഥലങ്ങളിലും വനവത്കരണത്തിന്റെ പേരില്‍ പാഴ്മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു പകരമായും കറുവ നട്ടു വളര്‍ത്താം.

കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങളായ കോഴിക്കോട് സുഗന്ധ ഗവേഷണ കേന്ദ്രം പുറത്തിറക്കിയ IISR നവശ്രീ, IISR നിത്യശ്രീയും, ഓടക്കാലി ഔഷധ ഗവേഷണ കേന്ദ്രം പുറത്തിറക്കിയ സുഗന്ധനി എന്ന ഇനങ്ങളും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുവാന്‍ ഉല്പാദനശേഷി ഉയര്‍ന്ന ഇനങ്ങളാണ്. കറുവ ജനുവരി മാസത്തില്‍ പൂവിടുകയും, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വിത്ത് മൂപ്പെത്തുകയും ചെയ്യും. വിത്ത് പഴുത്ത് താഴെ വീഴുമ്പോള്‍ പെറുക്കി എടുക്കുകയോ, പറിച്ചെടുക്കുകയോ ചെയ്യുക. അങ്കുരണ ശേഷി പെട്ടന്ന് നശിച്ചു പോകുന്നതിനാല്‍ എത്രയും വേഗം പാകണം. ചെറിയ കല്ലുകള്‍ പോലും നീക്കിയമണ്ണ്, നല്ലവണ്ണം ഉണക്കിപ്പൊടിച്ചു ചാണകം, മണല്‍ എന്നിവ 3 : 1 : 1 എന്ന അനുപാതത്തില്‍ 25 cm x 15 cm വലിപ്പമുള്ള പ്ലാസ്റ്റിക് കവറില്‍ നിറച്ച് അതില്‍ വേണം പാകാന്‍. 15-20 ദിവസത്തിനകം വിത്തുകള്‍ മുളയ്ക്കും. ജലസേചനമാവശ്യമാണ്. ആറുമാസം കഴിയുമ്പോള്‍ കൃഷിയിടങ്ങളിലേക്ക് പറിച്ച് നടാവുന്നതാണ്. കറുവ ചെടികള്‍ 3 മീറ്റര്‍ അകലത്തില്‍ വേണം നടാന്‍. അര മീറ്റര്‍ ആഴത്തില്‍ കുഴി എടുത്ത് അതില്‍ ജൈവവളം നിറച്ച് വേണം പറിച്ചു നടേണ്ടത്. വര്‍ഷത്തില്‍ മഴ സമയത്ത് രണ്ടു പ്രാവശ്യമെങ്കിലും ജൈവവളം നല്‍കണം.

ചെറിയ ചെടികളുടെ ഇലയിലുണ്ടാകുന്ന തവിട്ടു നിറത്തിലുള്ള പാടുകള്‍ ക്രമേണ വലുതാകുകയും പിന്നീട് ഇല പൊഴിയുന്ന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതു തണ്ടുകളിലേക്കും പകരും. ഇതിന് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ലായിനി തളിച്ച് നിയന്ത്രിക്കാം. കൊമ്പുകളില്‍ ഇലം തവിട്ടു നിറത്തിലും കടും തവിട്ടു നിറത്തിലും പൊറ്റ പിടിച്ച് കൊമ്പുകള്‍ ഉണങ്ങി മരം നശിച്ചു പോകുന്നു. ഇതിന് കൊമ്പുണക്കരോഗം എന്ന് വിളിക്കുന്നു. ഇതിന് പ്രതിവിധിയായി ഈ രോഗം തുടങ്ങുമ്പോള്‍ തന്നെ കൊമ്പ് വെട്ടി മാറ്റിയ ശേഷം ബോര്‍ഡോ മിശ്രിതം തേച്ച് പിടിപ്പിച്ചാല്‍ മതി. ഇലച്ചാഴികളെ ജൈവ കീടനാശിനി തളിച്ച് നിയന്ത്രിക്കാം. തണ്ടു തുരപ്പന്‍ പുഴുവിനുള്ള പരിഹാരമായി സെവിന്‍ 50 ശതമാനം വെള്ളത്തില്‍ ലയിപ്പിച്ച് തണ്ടിലും തടിയിലും തേച്ച് പിടിപ്പിച്ചാല്‍ മതി. കമ്പി പുഴുക്കളെ നിയന്ത്രിക്കുന്നതിന് കീടനാശിനി വെള്ളത്തില്‍ ലയിപ്പിച്ച് തളിച്ചാല്‍ മതിയാകും. ജൈവ കീടനാശിനി ഉപയോഗിച്ചാലും കീടങ്ങളില്‍ നിന്ന് രക്ഷ നേടാം.

സാധാരണയായി മൂന്ന് വര്‍ഷമാകുമ്പോഴേക്കും വിളവെടുപ്പിനു പ്രായമാകും. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വിളവെടുക്കാം. മെയിലും, നവംമ്പറിലും പട്ടയെടുക്കുന്നതാണ് കറുവയ്ക്ക് നല്ലത്. മൂര്‍ച്ചയുള്ള കത്തി കൊണ്ടാണ് തൊലി എടുക്കേണ്ടത്. കത്തികൊണ്ട് തൊലി പെട്ടെന്ന് ഇളക്കി പോരുന്നുണ്ടോ എന്ന് പരിശോധിക്കണം. പെട്ടെന്ന് ഇളകി പോരുന്നുണ്ടെങ്കില്‍ വിളവെടുപ്പിനു സമയമായി എന്ന് മനസ്സിലാക്കാം. ചെത്തി എടുത്ത പട്ട തണലത്ത് വേണം ഉണക്കാന്‍. വെയിലത്ത് ഉണക്കിയാല്‍ ചുക്കി ചുളുങ്ങി ഗുണമേന്‍മ നശിക്കും.

ഉപയോഗം

ഏതൊരു കറിമസാലയുടേയും പ്രധാന അസംസ്കൃത സാധനമാണ് കറുവ പട്ട. ഇതിന്റെ പട്ട വാറ്റിഎടുക്കുന്ന തൈലം മരുന്നുകൾക്ക് ഉപയോഗിയ്ക്കാറുണ്ട്.  ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന കറുവ പട്ട ഇവിടുത്തെ ആവശ്യത്തിനു തികയാതെ വരുമ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ കറുവ പട്ട ഇറക്കുമതി ചെയ്യേണ്ടി വരുന്നു. കറുവപ്പട്ടയും, ഇലകളും മാറ്റിയെടുത്ത് സുഗന്ധതൈലം ഉല്പാദിപ്പിക്കുന്നു. തൊലിക്കുപുറമേ, ഇതിന്റെ ഇലയും ഉപയോഗിയ്ക്കാറുണ്ട്. ആയുർവേദത്തിലും ആദിവാസി വൈദ്യത്തിലും കറുവപ്പട്ട  ഉപയോഗിയ്ക്കാറുണ്ട്. ഈ പട്ടയിൽ കട്ടിയുള്ള തൈലമുണ്ട്. ഇത് എണ്ണ, മെഴുകുതിരി, സോപ്പ്, വാസെലിൻ എന്നിവ ഉണ്ടാക്കാനും ഉപയോഗിയ്ക്കാറുണ്ട്. ഇലയിൽ നിന്നെടുക്കുന്ന എണ്ണ ഫ്ളേവറിങ്ങ് ഏജന്റായും പ്രിസർവേറ്റീവ് ആയും ഉപയോഗിക്കുന്നു. 

ഔഷധഗുണം 

കറുവ ദഹനം കൂട്ടാന്‍ നല്ലതാണ്. രുചി ഉണ്ടാക്കാനും ചുമ, ശ്വാസം മുട്ടല്‍ എന്നിവകുറയ്കാനും സഹായിയ്ക്കും. ശബ്ദം ശുദ്‌ധമാക്കാന്‍ നല്ലതാണ്. കര്‍പ്പൂരാദി ചൂര്‍ണ്ണത്തില്‍ ചേര്‍ക്കുന്നു.