Organic Keralam Facebook Page
English

ഗ്രാമ്‌പു

ഇന്തോനേഷ്യയിലെ മൊളക്കോജ് ദ്വീപില്‍ (മാലുകു / മൊളുക്കാസ്) നിന്ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഗ്രാമ്പു ഇന്ത്യയില്‍ എത്തിച്ചതെന്ന് കരുതപ്പെടുന്നു. ബെനാം ഗ്രാമ്പു, സാന്‍സിബാര്‍,  മഡ്ഗാസ്ക്കര്‍ എന്നിങ്ങനെ പ്രധാനമായും ഗ്രാമ്പു മൂന്നിനങ്ങളുണ്ട്. ഇന്ത്യയില്‍  കേരളത്തിലും, തമിഴ് നാട്ടിന്റെ തെക്കൻ ഭാഗത്തുമാണ് പ്രധാനമായി ഗ്രാമ്പൂ കൃഷി ചെയ്യുന്നത്.  ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.

കൃഷിരീതി

നല്ല പ്രായവും ഉല്പാദനശേഷി  കൂടുതലുള്ള മരങ്ങളില്‍ നിന്ന് വേണം വിത്ത് ശേഖരിക്കുവാന്‍. വിത്ത് തൊലി കളഞ്ഞ് താവരണം (തടം)കോരി അതില്‍ പാകി കിളിര്‍പ്പിക്കണം. തടത്തില്‍ കിളിര്‍ത്ത തൈകള്‍ പതിനഞ്ചു ദിവസം കഴിഞ്ഞ്  നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പ്ലാസ്റ്റിക് കൂടുകളിലേക്ക് മാറ്റണം. ഈ കൂടുകളില്‍ ചാണകപ്പൊടി, എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, മേല്‍ മണ്ണ് എന്നിവ കൊണ്ടുള്ള മിശ്രിതമാണ് നിറയ്‌ക്കേണ്ടത്.

തടത്തില്‍ പാകുമ്പോഴും പ്ലാസ്റ്റിക് കൂടുകളിലേക്ക് മാറ്റുമ്പോഴും തണല്‍ ആവശ്യമാണ്. പ്ലാസ്റ്റിക് കൂടില്‍ വളരുന്നതൈകള്‍ക്ക് ഒരു വര്‍ഷം വരെ വളരാന്‍ ആവശ്യമായ ജൈവ വളം നല്‍കേണ്ടതാണ്. സാധാരണയായി ഒരു വര്‍ഷം പ്രായമായ തൈകളാണ് തോട്ടത്തിലേക്ക് പതിച്ചു നടുന്നത്.

ഒരു ചതുരശ്രമീറ്റര്‍ വിസ്താരമുള്ള കുഴികളാണ് തൈ നടാന്‍ തയ്യാറാക്കേണ്ടത്. ഈ കുഴിയിലും, ചാണകപ്പൊടിയോ ഏതെങ്കിലും ജൈവ വളമോ, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ബയോ ഫെര്‍ട്ടിലൈസര്‍, മേല്‍ മണ്ണ് എന്നിവ ഇളക്കി ചേര്‍ക്കണം. തൈ നട്ടതിനു ശേഷം തടത്തില്‍ വെള്ളം കെട്ടി നില്ക്കാന്‍ പാടില്ല. മഴക്കാലാരംഭം നോക്കി നടുന്നതാണ് ഉത്തമം. തണല്‍  ആവശ്യമായ കൃഷിയായതു കൊണ്ട് തെങ്ങിന്‍ തോപ്പിലും, കവുങ്ങിന്‍ തോട്ടത്തിലും ഗ്രാമ്പൂ കൃഷി ചെയ്യാം. മഴക്കാലം നോക്കി വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം എങ്കിലും ജൈവ വളം നല്‍കണം.കൂടുകളില്‍ വളരുമ്പോഴും, തോട്ടത്തില്‍ വളരുമ്പോഴും കുമിള്‍ രോഗങ്ങള്‍ വരാതിരിയ്ക്കുവാന്‍ ബോര്‍സോ മിശ്രിതം തളിക്കേണ്ടതാണ്. തോട്ടത്തില്‍ ഉണക്ക് പിടിയ്ക്കാതിരിക്കാന്‍ പുതയിടണം. മഴയില്ലാത്തപ്പോള്‍ ജലസേചനം നടത്തേണ്ടതു നിര്‍ബ്ബന്ധമാണ്.

സംസ്ക്കരണം

ഗ്രാമ്പു നാലു വര്‍ഷത്തിനും അഞ്ചു വര്‍ഷത്തിനും ഇടയില്‍ പൂക്കുവാന്‍ തുടങ്ങും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഇലകള്‍ തളിരിടുന്നത്. ഇലകള്‍ മൂത്ത് കഴിയുമ്പോള്‍ ശിഖരങ്ങളുടെ അഗ്ര ഭാഗങ്ങളില്‍ മൊട്ടുകള്‍ ഉണ്ടാകുവാന്‍ തുടങ്ങും. കുലകളില്‍ 20 - 30 മൊട്ടുകള്‍ കാണും. കുലയില്‍ ഒരു മുട്ട് പൂവ് വിടരുമ്പോള്‍ കുല പറിച്ചെടുക്കാം. കൂടുതല്‍ മുട്ട് വിരിയാന്‍ അനുവദിച്ചാല്‍ ഗ്രാമ്പുവിന്റെ ഗുണനിലവാരം കുറയും. 

വര്‍ഷത്തില്‍ ഒരു തവണയാണ് വിളവെടുപ്പ്. വിളവെടുപ്പ് വളരെ ശ്രമകരമായ തൊഴിലാണ്. യഥാസമയം തൊഴിലാളികളെ കിട്ടാതെ വന്നാല്‍ വിളവെടുപ്പ് പ്രയാസകരമായി മാറും. കൃഷി നഷ്ടമായി തീരും. പൂവ് പറിച്ച് ചാക്കിനകത്താക്കി തറയില്‍ നിരത്തും. കുലകളില്‍ നിന്ന് ഞെട്ടും, ഇലയും പെറുക്കി മാറ്റും. ഞെട്ടിനും, ഇലകള്‍ക്കും ചെറിയ വില ലഭിക്കും. തെരഞ്ഞെടുത്ത ഗ്രാമ്പു വൃത്തിയാക്കിയ തറയില്‍ മൂന്ന് ദിവസം ഉണക്കും. ഇളം ചുവപ്പ് നിറമാണ് ഏറ്റവും നല്ലത്. ഉണക്ക് കുറഞ്ഞാല്‍ ഗ്രാമ്പുവിന്റെ ഗ്രേഡ് കുറയും. ഉണക്ക് കൂടിയാല്‍ എണ്ണമയം കുറയും. ഇങ്ങനെ ഉണക്കിയ ഗ്രാമ്പു അന്‍പതു കിലോയായി ചാക്കിലാക്കിയാണ് വിപണനത്തിനെത്തിക്കുന്നത്.

ഭക്ഷണങ്ങളില്‍

ഭക്ഷണത്തിനോടൊപ്പം ഗ്രാമ്പു ചേര്‍ക്കുന്നത് വിശപ്പ് കൂട്ടാൻ സഹായിക്കുന്നു. ആമാശയ രസനങ്ങളുടെ ഉല്പാദനത്തെ അഭിവൃദ്ധിപ്പെടുത്തി ദഹനം കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഇറച്ചി ചേര്‍ത്ത എല്ലാ വിഭവങ്ങള്‍ക്കും ഗ്രാമ്പു ഒരു അഭിവാജ്യ ഘടകമാണ്. ഇറച്ചി വിഭവങ്ങള്‍ക്ക് രുചിയും, മണവും കൂട്ടുന്നു. ഗ്രാമ്പുവിന്റെ ഇല ചേര്‍ക്കുന്ന കറികള്‍ക്കു മണം കൂടുന്നു. ഇതുകൊണ്ട് ഏതു മലയാളിയുടേയും നിത്യ ജീവിതത്തിനു ഒഴിച്ചു കൂടാനാവാത്ത ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. നമ്മുടെ പറമ്പുകളില്‍ രണ്ടോ മൂന്നോ ഗ്രാമ്പു പ്രയാസം കൂടാതെ കൃഷി ചെയ്യാവുന്നതാണ്.

ഔഷധഗുണം

ഗ്രാമ്പുവിന് അണുനാശക ശക്തിയുണ്ട്. ഗ്രാമ്പുവില്‍ നിന്നും ലഭിക്കുന്ന തൈലത്തില്‍ 90% യുജിനോള്‍ ആണ്. മീതൈല്‍ സാലിസിലേറ്റ് എന്ന വേദന സംഹാരി യുജിനോളിലുള്ളതു കൊണ്ടാണ് പല്ലു വേദന സംഹാരിയായുപയോഗിക്കുന്നത്. ഗ്രാമ്പു തൈലം ഗ്യാസ്ട്രബിള്‍, മോണ പഴുക്കല്‍, ആമാശയത്തിലെ അഴുകല്‍, ദഹനക്കേട് എന്നീ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. മലബന്ധം അനുഭവിയ്ക്കുന്നവര്‍ ദിവസേന ഓരോ ഗ്രാമ്പു കഴിയ്ക്കുന്നത് കൊണ്ട് ശമനം വരും. ത്വക്കിലുണ്ടാകുന്ന അണുബാധയ്‌ക്കേതിരേ ഗ്രാമ്പു സത്ത് വളരെ ഫലപ്രദമാണ്. വിവിധ ഇനം ആയുര്‍വേദ ഔഷധങ്ങളില്‍ ഗ്രാമ്പു ഒരു പ്രധാന ഘടകമാണ്.

ദഹന വ്യവസ്ഥയ്ക്കും, ശ്വാസകോശ വ്യവസ്ഥയ്ക്കും ഇതിലേറെ പ്രയോജനകരമായ ഒരു സുഗന്ധ വ്യഞ്ജനമില്ല. അരഗ്രാം ഗ്രാമ്പു പൊടി തേനില്‍ ചേര്‍ത്ത് ദിവസേന രണ്ടു നേരം കഴിച്ചാല്‍ ചുമ, പനി എന്നിവ ശമിയ്ക്കും. ഗ്രാമ്പു തൈലം ചേര്‍ത്ത ചൂട് വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ തൊണ്ട വേദന, ജലദോഷം, പനി, കഫകെട്ട് എന്നിവ ശമിയ്ക്കാന്‍ നല്ലതാണ്. ദഹന ശക്തി വര്‍ദ്ധിപ്പിയ്ക്കുന്നു. പല കമ്പനികളും അവര്‍ ഉല്പാദിപ്പിക്കുന്ന ടൂത്ത് പേസ്റ്റുകളില്‍ ഒരു പ്രധാന ഘടകമായി ഗ്രാമ്പു ചേര്‍ത്തിട്ടുണ്ട്. പൂമൊട്ട്, ഇല, കായ്, തൊലി, വേര് ഇവ എല്ലാം തന്നെ മരുന്നായി ഉപയോഗിയ്ക്കും.