Organic Keralam Facebook Page
English

വെള്ളരി

വെള്ളരിയുടെ ശാസ്ത്ര നാമം 'കുക്കുമിസ് സ്‌റ്റെവസ്' എന്നാണ്. 'കുക്കര്‍ ബിറ്റേസി' എന്ന സസ്യ കുടുംബത്തില്‍പ്പെട്ടതാണ് വെള്ളരി. മലയാളികളുടെ ഭക്ഷണങ്ങളില്‍ നിന്ന് ഒഴിവാക്കാനാവാത്ത പച്ചക്കറികളിലൊന്നാണ് വെള്ളരി. ഇത് നിത്യവും വേണ്ടതാണ്. സാമ്പാറിന്റേയും, അവിയലിന്റേയും അഭിവാജ്യ ഘടകമാണ് വെള്ളരി. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇത് മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും കൃഷി ചെയ്യാം. കേരളത്തില്‍ വെള്ളരി എന്നറിയപ്പെടുന്നത് കറിക്ക് ഉപയോഗിക്കുന്ന പച്ച കലര്‍ന്ന വെള്ള നിറത്തോടു കൂടിയ വെള്ളരിയും, കണി വെയ്ക്കുന്നതിന് ഉപയോഗിക്കുന്ന കണി വെള്ളരിയുമാണ്. കണി വെള്ളരി കൂടുതല്‍ നാളുകള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ കഴിയുന്നവയാണ്. സ്വര്‍ണ്ണ വര്‍ണ്ണത്തോടു കൂടിയ കണി വെള്ളരി വടക്കന്‍ ജില്ലകളിലും പച്ച നിറമുള്ളവ തെക്കന്‍ ജില്ലകളിലും കൃഷി ചെയ്തു വരുന്നു.

കൃഷി രീതി

വെള്ളരി വര്‍ഷത്തില്‍ എപ്പോഴും കൃഷി ചെയ്യാമെങ്കിലും വേനല്‍ക്കാലത്താണ് കൂടുതലായി ചെയ്തു വരുന്നത്. ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ് വിത്ത് ഇറക്കുവാന്‍ ഏറ്റവും പറ്റിയ സമയം. ഉഷ്ണ കാലങ്ങളില്‍ വളര്‍ത്താന്‍ യോജിച്ചതാണ് ഈ കൃഷി. ശൈത്യകാലങ്ങളില്‍ ഉല്പാദനം കുറവായിരിക്കും ലഭിക്കുക. ഈര്‍പ്പം കൂടുതല്‍ തണ്ടു അഴുകിപ്പോകാനുള്ള സാദ്ധ്യത കൂടുതലാണ്. ആയതിനാല്‍ ഈര്‍പ്പം കുറവും സൂര്യപ്രകാശം കൂടുതല്‍ കിട്ടുന്നതുമായ സ്ഥലമാണ് ഏറ്റവും അനുയോജ്യം. എല്ലാത്തരം മണ്ണിലും കൃഷി ചെയ്യാമെങ്കിലും മണല്‍ കലര്‍ന്ന പശിമ രാശി മണ്ണാണ് ഏറ്റവും അനുയോജ്യം മണ്ണ് നന്നായി കിളച്ച് വിത്ത് നടാനുള്ള തടങ്ങള്‍ എടുക്കണം. തടങ്ങള്‍ക്ക് 60 സെന്റീ മീറ്റര്‍ വ്യാസവും 40 സെന്റീ മീറ്റര്‍ ആഴവും ഉണ്ടായിരിക്കണം.

തടങ്ങള്‍ എടുക്കുമ്പോള്‍ വരികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലവും ചെടികള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലവും നല്‍കണം. ഓരോ തടത്തിലും രണ്ട് കിലോ എങ്കിലും ജൈവ വളവും, കുറച്ചു ചാരവും, പച്ച കക്കായും കൂടി ഇട്ട് മണ്ണില്‍ കലര്‍ത്തി ചേര്‍ക്കണം. വിത്തുകള്‍ നടുന്നതിനു മുന്‍പായി ഒരു ദിവസം വെള്ളത്തിലിട്ടിട്ട് നട്ടാല്‍ വേഗം മുളയ്ക്കും. ഒരു തടത്തില്‍ നാല് വിത്ത് വീതം പാകുക. പത്ത് ദിവസം കഴിയുമ്പോള്‍ ഏറ്റവും ആരോഗ്യത്തോടു കൂടിയ രണ്ട് തൈകള്‍ നിലനിര്‍ത്തിയിട്ട് ബാക്കി പറിച്ചെടുക്കുക.

വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയാണെങ്കില്‍ വിത്ത് പാകുന്നതിനു മുന്‍പായി ഹെക്ടര്‍ ഒന്നിനു 75 കിലോ യൂറിയ, 140 കിലോ സൂപ്പര്‍ ഫോസ്‌ഫേറ്റ്, 40 കിലോ പൊട്ടാഷ് എന്നിവ അടി വളമായി ജൈവ വളത്തിന്റെ കൂടെ ചേര്‍ക്കണം. തടം ഒന്നിനു 2 - 3 കിലോ ജൈവ വളം മതിയാകും. ചെടികള്‍ വള്ളി വീശാന്‍ തുടങ്ങുമ്പോഴും, പൂവിടാന്‍ തുടങ്ങുമ്പോഴും 75 കിലോ യൂറിയ രണ്ടു പ്രാവശ്യമായി മേല്‍ വളമായി നല്‍കണം. വീട്ടിലെ ആവശ്യങ്ങള്‍ക്കാണെങ്കില്‍ തടങ്ങളില്‍ വള്ളി വീശി കഴിയുമ്പോള്‍ ഏതെങ്കിലും ജൈവ വള ലായിനി പത്തു ദിവസം കൂടുമ്പോള്‍ ഒഴിച്ചാല്‍ മതിയാകും. ചൂടിന്റെ കാഠിന്യമനുസരിച്ച് ആഴ്ചയില്‍ രണ്ടോ, മൂന്നോ പ്രാവശ്യം ജലസേചനം നടത്തണം. കായ് വീഴാന്‍ തുടങ്ങുന്നതിനു മുന്‍പായി കായ്കള്‍ നിലത്ത് കിടക്കാതിരിക്കുവാന്‍ ഓല മടലോ ഇലകളോ ഇടേണ്ടതാണ്.

വിളവെടുപ്പ്

വിത്ത് നട്ട് രണ്ട് മാസം ആകുമ്പോള്‍ വിളവെടുപ്പിന് പാകമാകും. ഏകദേശം രണ്ടു മാസം വരെ ആദായം ലഭിച്ചു കൊണ്ടിരിക്കും.

രോഗങ്ങളും, പ്രതിരോധങ്ങളും

മൊസേയ്ക്ക് രോഗം - ഇലപരപ്പില്‍ പച്ചയും, മഞ്ഞയും കലര്‍ന്ന നിറങ്ങള്‍ കാണപ്പെടുന്നു. ഇലകള്‍ മുരടിക്കുന്നു. പുതിയതായി ഉണ്ടാകുന്ന ഇലകള്‍ ചെറുതാകുകയും മുരടിക്കുകയും ചെയ്യുന്നു. ശാഖകളുടെ എണ്ണം കുറയുന്നു. കായ്പിടിത്തം നന്നായി കുറയുന്നു. വേപ്പെണ്ണ, ആവണക്കെണ്ണ, വെളുത്തുള്ളി മിശ്രിതമോ 2 % വീര്യമുള്ള വേപ്പധിഷ്ഠിത കീടനാശിനി ഉപയോഗിച്ചോ ഇതിനെ നിയന്ത്രിക്കാം.

ഇലപ്പുള്ളി രോഗം - ഇലയുടെ അടിഭാഗത്ത് വെള്ളം നനഞ്ഞതു പോലെയുള്ള പാടുകള്‍ ഉണ്ടാകുകയും തുടര്‍ന്ന് ഇലകളുടെ മുകള്‍ ഭാഗത്ത് മഞ്ഞപ്പുള്ളികള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പുള്ളികള്‍ വലുതായി ഒന്നിച്ചു ചേര്‍ന്ന് ഇലകള്‍ കരിഞ്ഞു തുടങ്ങുന്നു. സ്യൂഡോമോണോസ് ലായിനി 2 % ഇലയുടെ ഇരുവശങ്ങളിലും വീഴത്തക്കവണ്ണം തളിക്കുക.

എപ്പിലാക്‌ന വണ്ട് - ഇലയുടെ അടിയില്‍ ഇരുന്ന് പച്ചയായ ഭാഗം തിന്നു നശിപ്പിക്കുന്നു. നെറ്റു പോലെ ഞരമ്പുകള്‍ മാത്രമായി ഇലകള്‍ അവശേഷിക്കുന്നു. സെവി 50 % 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ച് അവയെ നശിപ്പിക്കാം.

കായീച്ച - ഇളം പ്രായത്തില്‍ കായകളുടെ മാംസള ഭാഗങ്ങള്‍ തിന്നു നശിപ്പിക്കുന്നതുമൂലം കായ്കള്‍ അഴുകുന്നു. മാലത്തിയോണ്‍ 2 ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം. ചൂര്‍ണ്ണ ചുവപ്പ് - ഇലകളില്‍ മഞ്ഞ നിറത്തിലുള്ള പൊട്ടുകള്‍ കാണുന്നു. ഇലകളുടെ അടിയില്‍ തവിട്ടു നിറത്തിലുള്ള പൊടി പറ്റിയിരിക്കുന്നതു കാണാം. നൈട്രോ ഫിനോള്‍ 3 ml ഒരു ലിറ്റര്‍ വെള്ളത്തിലോ വെറ്റബിള്‍ സള്‍ഫര്‍ 2 gram ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാലും മതി. മേല്‍ പറഞ്ഞ മൂന്നു രോഗങ്ങള്‍ക്കും വേപ്പ് അധിഷ്ഠിതമായ ജൈവ കീടനാശിനി തളിച്ചാലും മതിയാകും. രോഗം വന്നത് കാണുമ്പോള്‍ തന്നെ ആ ഇലകള്‍ പറിച്ച് കളഞ്ഞതിനു ശേഷം ജൈവ കീടനാശിനി തളിച്ചാല്‍ കുറച്ചും കൂടികൂടുതല്‍ഗുണംലഭിക്കും.

പോഷകഗുണങ്ങളും,ഉപയോഗങ്ങളുംവെള്ളരിയില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷക മൂല്യങ്ങള്‍ താഴെപ്പറയുന്നവയാണ്. 100 gram-ല്‍

ഊര്‍ജ്ജം - 12 കിലോ, കലോറി നാര് - 0.5 ഗ്രാം, പ്രോട്ടീന്‍ - 0.6 gram, കാത്സ്യം -21 m gram, ഇരുമ്പ് - 0.4 m gram, വിറ്റാമിന്‍ എ - 0.1 m. gram, തയാമിന്‍ - 0.03 m. gram, റൈബോ ഫഌവിന്‍ - 0.04 mg, വിറ്റാമിന്‍ സി. - 11 m. gram.

വീടുകളില്‍ നിത്യവും ഉപയോഗമുള്ള ഒരു പച്ചക്കറിയാണ് വെള്ളരി. തികച്ചും ജൈവ രീതിയില്‍ ഉല്പാദിപ്പിക്കാന്‍ പറ്റുന്നതു കൊണ്ട് ശരീരത്തിനാവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ ലഭിക്കുന്നു. കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാഗ്നീസും അടങ്ങിയിരിക്കുന്നു. കൊഴുപ്പ് വളരെ കുറവാണ്. രോഗങ്ങള്‍ക്ക് എതിരേ പ്രതിരോധ ശേഷി വര്‍ദ്ധിക്കും, വെള്ളരിയുടെ ഉപയോഗത്തിലൂടെ. ഇങ്ങനെ ആകെ കൂടെ നോക്കിയാല്‍ മലയാളികളുടെ എല്ലാ വീടുകളിലും ഒരു തടം വെള്ളരി എങ്കിലും ജൈവ രീതിയില്‍ കൃഷി ചെയ്യണം.