Organic Keralam Facebook Page
English

ചതുരപ്പയര്‍

പച്ചക്കറികളിലെ ഏറ്റവും പോഷക സമ്പുഷ്ടമായ പയറു വര്‍ഗ്ഗ വിളയാണ് ചതുരപ്പയര്‍. ഇത് ഇറച്ചി പയര്‍, ഗോവ ബീന്‍, ആസ്പരാഗസ് ബീന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ചതുരപ്പയര്‍ കേരളത്തില്‍ വാര്‍ഷിക വിളയായിട്ടാണ് കൃഷി ചെയ്തു വരുന്നത്. ഉഷ്ണമേഖല കാലാവസ്ഥയാണ് ചതുരപ്പയറിന് ഏറ്റവും അനുയോജ്യം.

കൃഷി രീതി

ആഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലാണ് കൃഷി ആരംഭിക്കേണ്ടത്. 75 സെന്റീമീറ്റര്‍ വ്യാസത്തില്‍ തടങ്ങളെടുത്ത് അതില്‍ 4 കിലോ ജൈവവളം (ചാണകപ്പൊടി, കോഴി കാഷ്ഠം, ആട്ടിന്‍ കാഷ്ഠം) കുറച്ച് കുമ്മായം കൂടി ഇളക്കി തടം മൂടുക. ഇതില്‍ നാലഞ്ചു കുരു പാകുക. തൈ കിളിര്‍ത്തു കഴിയുമ്പോള്‍ ഏറ്റവും ആരോഗ്യമുള്ള മൂന്നെണ്ണം നിര്‍ത്തിയിട്ട് ബാക്കി പറിച്ചെടുക്കുക. രാസവളമുപയോഗിച്ചുള്ള  കൃഷിയാണെങ്കില്‍ ഒരു തടത്തിന് 25 ഗ്രാം യൂറിയായും, 25 ഗ്രാം പൊട്ടാഷും, 100 ഗ്രാം രാജ്  ഫോസും നല്‍കുക. ജൈവ കൃഷിയാണെങ്കില്‍ തടം എടുക്കുമ്പോള്‍ നാല് കിലോ ജൈവ വളത്തിന്റെ കൂടെ 100  ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, 50 ഗ്രാം എല്ലു പൊടിയും കുറച്ച് പച്ച കക്കായും കൂടെ ചേര്‍ത്ത്  ഇളക്കി വേണം തടം മൂടാന്‍.

പച്ച കക്കാ ചേര്‍ത്താല്‍ മണ്ണിന്റെ അമ്ലത കൃത്യമായി നില നിര്‍ത്താനാകും. രാസവള കൃഷിയില്‍ വള്ളി വീശാന്‍ തുടങ്ങി പതിനഞ്ചു ദിവസം കൂടുമ്പോള്‍ 50 ഗ്രാം ഫാക്ടംഫോസ് നല്‍കണം. ജൈവ കൃഷിയാണെങ്കില്‍ പത്ത് ദിവസം കൂടുമ്പോള്‍ ജീവാമൃതം കലക്കി ഒഴിക്കണം. വള്ളി വീശി കഴിയുമ്പോള്‍ താങ്ങിനായി സാധാരണ വള്ളി പയറിന്റേതു പോലെ കൊലുമ്പ് കുത്തി പന്തല്‍ വലിയ്ക്കണം. മഴയില്ലെങ്കില്‍ മൂന്നു ദിവസം കൂടുമ്പോള്‍ എങ്കിലും ജലസേചനം നടത്തണം.

വിളവെടുപ്പ്

കുരു കിളിര്‍ത്തു അറുപതു ദിവസത്തിനകം ചതുരപ്പയര്‍ പൂവിടാന്‍ തുടങ്ങും. നാലു ആഴ്ചയ്ക്കകം വിളവെടുക്കാവുന്നതാണ്. മൂക്കുന്നതിനു മുന്‍പ് പറിച്ചെടുക്കണം. മൂത്ത് പോയാല്‍ പാചകത്തിനു പറ്റാതെ വരും. മൂത്ത് പഴുത്ത് ബ്രൗണ്‍ കളറാകുന്നത് പറിച്ചെടുത്ത് വിത്തിനായി ശേഖരിച്ചു വയ്ക്കാം. പി.റ്റി. 62, പി.റ്റി. 49, പി.റ്റി. 16, പി.റ്റി. 2, രേവതി എന്നിവയാണ് പ്രധാന ഇനങ്ങള്‍. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വില്പന കേന്ദ്രങ്ങളായ മണ്ണത്തി, വെള്ളായണി എന്നിവിടങ്ങളില്‍ നിന്നും ഉല്പാദനക്ഷമതയുള്ള നല്ല വിത്തുകള്‍ ലഭിയ്ക്കും.

വിള സംരക്ഷണം

മറ്റു പയര്‍ വര്‍ഗ്ഗ വിളകളുടേതു പോലുള്ള കീടങ്ങളുടെ ആക്രമണം ഉണ്ടാകാറില്ല. ചതുരപ്പയറിനു സാധാരണയായി നിമാ വിരകളുടേയും, ഇല തീനി പുഴുക്കളുടേയും, ആക്രമണമാണ് ഉണ്ടാകാറ്. അടി വളമായി വേപ്പിന്‍ പിണ്ണാക്ക് തടത്തില്‍ ചേര്‍ക്കുകയാണെങ്കില്‍ നിമാ വിരകളുടെ ആക്രമണത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിയ്ക്കും. കാന്താരി, വേപ്പെണ്ണ, വെളുത്തുള്ളി ലായിനിയോ, മറ്റേതെങ്കിലും ജൈവ കീടനാശിനിയോ പ്രയോഗിച്ച് ഇല തീനി പുഴുക്കളേയും ഇല്ലാതാക്കാം.

ഔഷധഗുണങ്ങള്‍

ചതുരപ്പയറിൽ മാംസ്യത്തിന്റെ അംശം വളരെ കൂടുതലാണ്.  ചീരയിലും കാരറ്റിലുമുള്ള പ്രോട്ടീന്റെ 30 ഇരട്ടിയും വള്ളിപ്പയറിലും ബീന്‍സിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ എട്ട് മടങ്ങും ചതുരപ്പയറിലുണ്ട്. ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ജീവകങ്ങൾ എന്നിവയും വേണ്ടുവോളം ഉണ്ട്.