Organic Keralam Facebook Page
English

സുഗന്ധ വ്യഞ്ജന പാനീയങ്ങള്‍

രോഗശാന്തിക്കും ദാഹശമനത്തിനും സുഗന്ധ വ്യഞ്ജന പാനീയങ്ങള്‍

നമ്മുക്ക് വീടുകളില്‍ സാധാരണയുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് പല പാനീയങ്ങളും ഉണ്ടാക്കാവുന്നതാണ്. ഇവ പലരോഗങ്ങള്‍ക്ക് ആശ്വാസം നല്‍കാനും, ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുവാനും, ദാഹമകറ്റുവാനും സഹായിക്കുന്നു.

കുരുമുളക് വെള്ളം

ഉണക്ക കുരുമുളക് പൊടിച്ച് അല്ലെങ്കില്‍ പൊട്ടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് ചെറു ചൂടോടെ കുടിച്ചാല്‍ സാധാരണ പനിയും ജലദോഷവും കുറയും. തുളസിയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ സ്വല്പം കുരുമുളക് പൊടി ചേര്‍ത്ത് കാപ്പി പൊടിയും ചക്കരയും ചേര്‍ത്ത് കാപ്പിയായും കുടിയ്ക്കാം. പനി കുറയും.

ചുക്കുവെള്ളം

വെള്ളത്തില്‍ ചുക്ക് കഷണങ്ങള്‍ ഇട്ട് തിളപ്പിച്ച് കുടിച്ചാല്‍ വയറ്റിലുണ്ടാകുന്ന അസുഖങ്ങള്‍ കുറയാന്‍ സഹായിയ്ക്കും.

മല്ലിവെള്ളം

കടയില്‍ നിന്നും ലഭിക്കുന്ന മല്ലി നല്ലവണ്ണം കഴുകി വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച ശേഷം ദാഹശമനിയായി ഉപയോഗിക്കാം.

ജീരകവെള്ളം

മലയാളികള്‍ക്ക്‌ വളരെ പരിചിതമായതാണ് ജീരകവെള്ളം.  ജീരകവെള്ളം നല്ല ഒരു ദാഹശമിനിയാണ്. വായു സംബന്ധമായ രോഗങ്ങളുള്ളവര്‍ പതിവായി ജീരകവെള്ളം കുടിച്ചാല്‍ ശരീരത്തിന് ആശ്വാസം ലഭിയ്ക്കും. 

ഉലുവാ വെള്ളം

എന്നാല്‍ തലേ ദിവസം ഉലുവ നല്ലവണ്ണം കഴുകി വെള്ളത്തില്‍ ഇടുക. പിറ്റേ ദിവസം ഈ ഉലുവ മാറ്റി വെള്ളം അരിച്ചെടുത്തു പതിവായി ഉപയോഗിച്ചാല്‍ പ്രമേഹം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍  ഇത് ഒരു മരുന്നായി കണക്കാക്കരുത്.

ഏലയ്ക്കാ വെള്ളം

ഏലയ്ക്കാ ഇട്ടു തിളപ്പിച്ച വെള്ളത്തിന് സുഗന്ധവും നല്ല രുചിയുമുണ്ട്. ഇത് ദാഹശമിനിയായി ഉപയോഗിക്കാം.

ഉലുവാ കാപ്പി

കാപ്പികുരുവിനു പകരം ഉലുവാ വറുത്തു പൊടിച്ചതും, മല്ലിയും, മധുരത്തിനായി ചക്കരയും ചേര്‍ത്ത് തിളപ്പിച്ചാല്‍  ഉലുവാ കാപ്പി തയ്യാറായി. ഇതിന് ജാപ്പിയെന്നും ചിലയിടങ്ങളില്‍ വിളിക്കാറുണ്ട്. സാധാരണ കാപ്പിയും, ചായയും ഉപയോഗിക്കാത്തവര്‍ക്ക് ഇത് ഉപയോഗിക്കാം.

സര്‍വ്വസുഗന്ധി വെള്ളം

ഗ്രാമ്പൂ, കറുവ പട്ട, എന്നിവയുടെ രുചിയുള്ള സര്‍വ്വ സുഗന്ധിയുടെ ഇലകള്‍ അരിഞ്ഞിട്ടു തിളപ്പിച്ച വെള്ളത്തിന് കറുവപ്പട്ടയുടേയും, ഗ്രാമ്പുവിന്റേയും രുചിയുണ്ടാകും. ശരീരത്തിന്റെ ക്ഷീണം മാറ്റാനും ദാഹത്തിനും ഈ വെള്ളം വളരെ നല്ലതാണ്.

ജാതിക്കാ തോട് വെള്ളം

ജാതിയ്ക്കാത്തോട് സംസ്ക്കരിച്ച് അതിന്റെ കറകളഞ്ഞ് സ്ക്വാഷ് ഉണ്ടാക്കാം. ഇതു കൊണ്ട് വൈനും നിര്‍മ്മിക്കാം. സ്ക്വാഷിന്റേയും, വൈനിന്റേയും പല ഉല്പാദന യൂണിറ്റുകള്‍ ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ചെമ്പരത്തിപൂവ്‌ പാനീയം

നാടന്‍ ചെമ്പരത്തി, അതായത് അഞ്ചു ദളമുള്ള നല്ല കടും ചുവന്ന കളറുള്ള, നാല് - അഞ്ച് പൂവ് ഞെട്ട് കളഞ്ഞത് ഒരു ഗ്ലാസ്സ് തിളച്ച വെള്ളത്തില്‍ ഇടുക. പൂവിന്റെ കളര്‍ വെള്ളത്തില്‍ ലയിച്ചതിനു ശേഷം വെള്ളം അരിച്ചെടുത്ത് അതില്‍ മധുരത്തിനു വേണ്ടി ആവശ്യാനുസരണം തേനോ, പഞ്ചസാരയോ ചേര്‍ത്ത് കുടിയ്ക്കാം. നാടന്‍ ചെമ്പരത്തി പൂവില്‍ ആന്തോ സയാനിന്‍ എന്ന പിഗ്മെന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഔഷധ പാനീയമായും ദാഹശമിനിയായും ഉപയോഗിക്കാം.

രാമച്ച വെള്ളം

വേരുകള്‍ക്ക് സുഗന്ധവും, ഔഷധ ഗുണവുമുള്ള ചെടിയാണ് രാമച്ചം. ഇത് പുല്ലിന്റെ വര്‍ഗ്ഗത്തില്‍ പെട്ട ഒരു ഔഷധ സസ്യമാണ്. ഇതിന്റെ വേര് നല്ലവണ്ണം പല പ്രാവശ്യം കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് നല്ല തുണിയില്‍ കിഴിയാക്കി കെട്ടി മണ്‍പാത്രത്തില്‍ ശുദ്ധജലം ഒഴിച്ച് അതിലിടുക. രാമച്ചത്തിന്റെ ഗുണങ്ങള്‍ വെള്ളത്തില്‍ ലയിച്ചു കഴിയുമ്പോള്‍ ഈ വെള്ളം ദാഹശമിനിയായി ഉപയോഗിക്കാം. വെള്ളത്തിനു രാമച്ചത്തിന്റെ സുഗന്ധം ഉണ്ടായിരിക്കും. ശരീരത്തിന്റെ ചൂടും ക്ഷീണവും മാറ്റാന്‍ ഏറ്റവും ഉത്തമമായ പാനീയമാണ്.

അയമോദക വെള്ളം

വറുത്തു പൊടിച്ച അയമോദകം രണ്ടു ഗ്രാം എടുത്ത് ചൂടുവെള്ളത്തില്‍ കലക്കി കുടിച്ചാല്‍ വയറുവേദന, മറ്റു ഉദര രോഗങ്ങള്‍, ഇന്‍ഫ്ലുവസാ എന്നിവയ്ക്കും വളരെ നല്ലതാണ്.

കറിവേപ്പില

കറിവേപ്പില ഇട്ടു വെള്ളം തിളപ്പിച്ചത് കുടിയ്ക്കുന്നത് വയറുവേദനയ്ക്കും വയറ്റിലെ മറ്റ് അസുഖങ്ങള്‍ക്കും വളരെ നല്ലതാണ്. ഭക്ഷണങ്ങളിലെ വിഷാംശം വയറ്റില്‍ ചെന്നിട്ടുണ്ടെങ്കില്‍ ഒരു പരിധി വരെ മാറി കിട്ടാന്‍ ഇത് സഹായിക്കും.

പ്രകൃതിയിലുള്ളതും നമ്മുടെ വീടുകളിലുള്ളതുമായ ഔഷധ സസ്യങ്ങളും, സുഗന്ധവ്യഞ്ജനങ്ങളും നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ രോഗങ്ങള്‍ വരാതിരിക്കുവാനും വന്ന രോഗങ്ങള്‍ക്ക് ശമനമുണ്ടാനും സഹായിയ്ക്കും. ഒപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടുകയും ചെയ്യും.