Organic Keralam Facebook Page
English

ജീവാമൃതം

ജീവാമ്യതം എങ്ങനെ ഉണ്ടാക്കാം

മണ്ണിന്റെ ഫലപുഷ്ടി കൂട്ടാനും മണ്ണിലെ ജീവാണുക്കളുടെ പ്രവര്‍ത്തനം  മെച്ചപ്പെടുത്താനും വേണ്ടി ഉപയോഗിക്കുന്നതാണ് ജീവാമൃതം. ചാണകവും നാടന്‍ പശുവിന്റെ മൂത്രവും മറ്റും ചേര്‍ത്ത്‌ പുളിപ്പിച്ച് ഉണ്ടാക്കുന്ന വളമാണ് ജീവാമൃതം.

ഉണ്ടാക്കുന്നതിന് ആവശ്യമായ ഘടകങ്ങള്‍

1. നാടന്‍ പശുവിന്റെ ചാണകം - 10 കിലോ 2. നാടന്‍ പശുവിന്റെ മൂത്രം - 5 ലിറ്റര്‍ 3. കറുത്ത ശര്‍ക്കര - 2 കിലോ 4. ഇരട്ട പരിപ്പ് വര്‍ഗ്ഗത്തില്‍പ്പെട്ടതിന്റെ (കടല, പയര്‍, ഉഴുന്ന്) മാവ് ഇത് കിളിര്‍പ്പിച്ച് അരച്ച് ചേര്‍ത്താല്‍ ഗുണം കൂടും - 1 കിലോ 5. രാസവളവും രാസകീടനാശിനിയും ചേരാത്ത മണ്ണ് - ഒരു പിടി 6. ക്ലോറിന്‍ ചേരാത്ത വെള്ളം - 200 ലിറ്റര്‍

നിര്‍മ്മാണ രീതി

ഒരു വലിയ പ്ലാസ്റ്റിക് ബാരലിൽ 200 ലിറ്റര്‍ വെള്ളം എടുത്ത് ചാണകം, ഗോമൂത്രം, ശര്‍ക്കര,മാവ്, മണ്ണ് എന്നിവ ഒഴിച്ച് യോജിപ്പിച്ച് ഇളക്കുക. ഒരു ചണ ചാക്ക് ഉപയോഗിച്ച് ബാരലിന്റെ മുകള്‍ വശം മൂടി ഇടുക. ദിവസവും രാവിലെയും, വൈകുന്നേരവും ഒരു തടി കഷ്ണം ഉപയോഗിച്ച് ഘടികാര ദിശയില്‍ മൂന്ന് മിനിറ്റ് എങ്കിലും ഇളക്കുക. ലായിനിയില്‍ പുളിയ്ക്കല്‍ പ്രക്രിയ നടക്കുന്നതു കൊണ്ട് കാര്‍ബണ്‍ മോണോ ഓക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, അമോണിയ എന്നീ വാതകങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നത് പുറത്തേക്ക് പോകുവാനാണ് വായു സഞ്ചാരം ഉള്ള ചണചാക്ക് ഉപയോഗിച്ചു മൂടി ഇടുന്നത്. ചൂട് ഉള്ള കാലാവസ്ഥയില്‍ രണ്ടു ദിവസം കൊണ്ടും തണുപ്പുള്ള കാലാവസ്ഥയാണെങ്കില്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ജീവാമൃതം ഉപയോഗിക്കുന്നതിനു പാകമായിരിക്കും. ഈ ഉല്പാദിപ്പിക്കുന്ന ജീവാമൃതം അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗിച്ചു തീർക്കണം.

ഉപയോഗിക്കുന്ന രീതി

ജീവാമൃതം സൂക്ഷ്മ ജീവികളുടെ ഒരു കലവറയാണ്. ഇത് ചെടികളുടെ ചുവട്ടിലല്ല ഒഴിക്കേണ്ടത്. ഉച്ചക്ക് 12 മണിക്ക് സൂര്യന്‍ നില്‍ക്കുമ്പോള്‍ ചെടികളുടെ നിഴല്‍ എവിടെയാണോ അതിനോട് ചേര്‍ന്ന് വെളിയിലാണ് ഒഴിച്ചുകൊടുക്കേണ്ടത്.ജീവാമൃതം ഒവിച്ചുകൊടുക്കുന്ന സ്ഥലങ്ങളില്‍ നിര്‍ബന്ധമായും പുതയിടണം. ഇതുമൂലം മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം കൂടുതലായി നടക്കുന്നതിനും സഹായിക്കും. ഏക്കറിനു 200 ലിറ്റര്‍ എന്ന കണക്കിനു ജീവാമൃതത്തിന്റെ ലഭ്യതയനുസരിച്ച് മാസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യമായി പ്രയോഗിക്കാവുന്നതാണ്. ജലസേചനം നടത്തുമ്പോള്‍ വെള്ളത്തില്‍ കലര്‍ത്തിയും മണ്ണില്‍ എത്തിയ്ക്കാം. നന്നായി അരിച്ചെടുത്ത ജീവാമൃതം സ്പ്രിംഗള്‍, ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ പ്രയോഗിക്കുമ്പോള്‍ വെള്ളം പോകുന്ന പ്രധാന പൈപ്പിലോട്ട് ഒരു ചെറിയ റ്റിയൂബില്‍ കൂടി ജീവാമൃതം കടത്തിവിട്ടും ഉപയോഗിക്കാം.

ഗുണങ്ങള്‍

മണ്ണിലേക്ക് ജീവാമൃതം കടന്നു ചെല്ലുമ്പോള്‍ പ്രകൃതിയുടെ നൈസര്‍ഗ്ഗിക പ്രവര്‍ത്തിയെ ത്വരിതപ്പെടുത്തുന്നതു കൊണ്ട് ചെടികളുടെ വളര്‍ച്ചയും, വിളവും സ്വാഭാവികമായി വര്‍ദ്ധിക്കുന്നു. മണ്ണിന്റെ ഫലപുഷ്ടിക്കഭിവാജ്യ ഘടകമായ മണ്ണിര സമാധിയില്‍ നിന്ന് ഉണര്‍ന്ന് മണ്ണിന്റെ ഉപരിതലങ്ങളിലേക്ക് വരാന്‍ തുടങ്ങുന്നു. മണ്ണിരയുടെ കാഷ്ഠങ്ങളിലടങ്ങിയിരിക്കുന്ന സൂക്ഷ്മ മൂലകങ്ങളെ ജീവാമൃതത്തിലടങ്ങിയിട്ടുള്ള സൂക്ഷ്മ ജീവികള്‍ ചെടികളുടെ വേരുകള്‍ക്ക് ആഗിരണം ചെയ്യാന്‍ പറ്റുന്ന തന്മാത്ര ഘടനയിലേക്ക് രൂപാന്തരപ്പെടുത്തി കൊടുക്കുന്നു. മണ്ണില്‍ വീഴുന്ന ജഡ പദാര്‍ത്ഥങ്ങളെ വിഘടിപ്പിച്ച് മേല്‍ മണ്ണിന് വളക്കൂറുള്ളതാക്കി മാറ്റുന്നതും ഈ സൂക്ഷ്മ ജീവികളാണ്. മണ്ണിരകളുടെ താഴേക്കും മുകളിലേക്കുമുള്ള സഞ്ചാരം കൊണ്ട് മണ്ണിന് വളരെയധികം ഇളക്കമുണ്ടാകുന്നു.  ചെടികള്‍ക്ക് ആരോഗ്യത്തോടു കൂടി വളരാനും ആവശ്യത്തിനുള്ള പോഷക ഘടകങ്ങള്‍ ആഗിരണം ചെയ്യുവാനുള്ള അനുകൂല സാഹചര്യം ഉണ്ടാകുന്നു.