Organic Keralam Facebook Page
English

കുറ്റികുരുമുളക്

മരത്തില്‍ പടർത്തേണ്ടാത്ത, ചട്ടിയിൽ വളർത്താവുന്നതാണ് കുറ്റി കുരുമുളക്. സ്വന്തമായി അഞ്ചു ചട്ടിയിലെങ്കിലും കുറ്റികുരുമുളക് വളര്‍ത്തുകയാണെങ്കില്‍ ഒരു കുടുംബത്തിനാവശ്യമായ കുരുമുളക് ഉല്പാദിപ്പിച്ച് എടുക്കാനാകും.  ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുംസ്ഥല പരിമിതിയുള്ളവര്‍ക്കും ഇത് വളരെ അനുയോജ്യമാണ്. സാധാരണ കുരുമുളക് കൃഷിയ്ക്ക് താങ്ങുകാലുകളും മറ്റും ആവശ്യമാണ്. അതുകൊണ്ട് ജോലിയും കൃഷി ചെലവും കൂടും.

കുറ്റികുരുമുളക് നട്ട് ശരിയായ രീതിയില്‍ പരിപാലിച്ചാൽ ആദ്യ വര്‍ഷം തന്നെ തിരിയിടാന്‍ തുടങ്ങും. വര്‍ഷത്തില്‍ എല്ലാ ദിവസവും കുറ്റികുരുമുളക് ചെടിയില്‍ കായ്ഫലമുണ്ടായിരിക്കും. സാധാരണ കുരുമുളക് താങ്ങു മരത്തില്‍ വളരുന്നതുകൊണ്ട് ഉയരം കൂടുന്നതിനനുസരിച്ച് വിളവെടുപ്പ് ആയാസകരമായി തീരുന്നു. അതേ സമയം കുറ്റികുരുമുളകിന്റെ വിളവെടുപ്പ് വളരെ ലളിതമാണ്. വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് താമസം മാറ്റുമ്പോള്‍ കൊണ്ടുപോകാന്‍ എളുപ്പമാണ്. പൂച്ചെടികള്‍ക്കു കൊടുക്കുന്ന പരിപാലനം കൊടുത്താല്‍ മതി.

കൃഷിരീതി

അത്യുല്പാദനശേഷിയും കേട് വരാത്തതുമായ ഏതിനം കുരുമുളക് വള്ളിയില്‍ നിന്നും കുറ്റികുരുമുളക് ഉല്പാദിപ്പിക്കാം. പ്രധാന തണ്ടിന്റെ മുട്ടുകളില്‍ നിന്ന് വശങ്ങളിലേക്ക് വളരുന്ന ശാഖകളാണ് കുറ്റി കുരുമുളക് ഉല്പാദിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്. ഒരു വര്‍ഷം പ്രായമായ ചെറു മുകുളങ്ങളോടു കൂടിയ ശാഖകളാണ് ഏറ്റവും അനുയോജ്യം. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ 1 : 1 : 1 എന്ന അനുപാതത്തില്‍ എടുത്ത് അതില്‍ കുറച്ച് വേപ്പിന്‍ പിണ്ണാക്കുമായി നല്ലവണ്ണം ഇളക്കി മിശ്രിതമായി ചേര്‍ത്തു വയ്ക്കുക. ഈ മിശ്രിതം 25 x 10 സെന്റീ മീറ്റര്‍ വലിപ്പമുള്ള പോളിത്തീന്‍ കവറില്‍ നിറയ്ക്കുക. കുറ്റികുരുമുളക് വേര് പിടിപ്പിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയാണ്. വൈകുന്നേരമാണ് കുരുമുളക് തലകള്‍ മുറിക്കേണ്ടത്.

കുരുമുളക് തലകള്‍ മൂന്നില മുട്ടോടു കൂടിയത് മുറിച്ചെടുത്ത് 0.2 ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്‌സിക്ലൊറൈഡ് ലായിനിയില്‍ ഇരുപത് മിനിറ്റ് മുക്കി വയ്ക്കുന്നു. അതിനു ശേഷം വേര് പിടിയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ പൊടിയായ കെറാഡിക്‌സിന്‍ ലായനിയില്‍ മുക്കി ശേഷം നേരത്തേ തയ്യാറാക്കി വച്ചിരുന്ന പോളിത്തീന്‍ ബാഗില്‍ മൂന്നോ - നാലോ തലകള്‍ വീതം നടുക. 

കൂടുതല്‍ പോളിത്തീന്‍ ബാഗുകള്‍ ഉണ്ടെങ്കില്‍  പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുന്ന ഷെഡിലേക്ക് മാറ്റുക. കുറവാണെങ്കില്‍ ഓരോ പോളിത്തീന്‍ കവറും പ്രത്യേകം പ്ലാസ്റ്റിക് കവറുപയോഗിച്ചു മൂടുക. ദിവസേന നനയ്ക്കണം. രണ്ടു മാസം കഴിയുമ്പോഴേക്കും ഈ തലകള്‍ക്ക് വേര് പിടിയ്ക്കുവാന്‍ തുടങ്ങും. വേര് പിടിച്ചതിനു ശേഷം ഒരു മാസത്തിനകം ചെടിയിലേക്ക് മാറ്റി നടാം. 

പത്ത് കിലോ എങ്കിലും മണ്ണും ജൈവ വളങ്ങളും നിറച്ച മിശ്രിതത്തില്‍ വേണം തലകള്‍ മാറ്റി നടാന്‍.

1 : 1 : 1 എന്ന അനുപാതത്തില്‍മണ്ണ്,ചാണകപ്പൊടിയോമറ്റേതെങ്കിലുംജൈവവളം,ചകിരിച്ചോറ് ഇതിന്റെ കൂടെ വേപ്പിന്‍ പിണ്ണാക്കും, എല്ലു പൊടിയും, രാജ്‌ഫോസ്, പൊട്ടാഷ് എന്നിവയും കൂടി ചേര്‍ക്കുന്നത് വളരെ നല്ലതാണ്. ചട്ടിയൊന്നിന് ഇരുപതു ഗ്രാം വളം ചേര്‍ത്ത് കൊടുത്താല്‍ വേരിന്റെ വളര്‍ച്ച വേഗമുണ്ടാക്കും.

കുമിള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ സ്യൂസോമോണോസ് ലായിനി തളിയ്ക്കുന്നത് നല്ലതാണ്. ഇലപ്പേന്‍, ശല്‍ക്ക കീടങ്ങളുടെ ആക്രമണം ഇവ തടയാന്‍ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം തളിച്ചാല്‍ മതിയാകും. ദ്രുതവാട്ടം തടയാന്‍ മഴക്കാലാരംഭത്തിനു മുന്‍പായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിയ്ക്കണം. വേനല്‍ക്കാലത്ത് തണല്‍ നല്‍കിയാല്‍ ഇല കരിച്ചില്‍ തടയാനും പുതയിട്ടാല്‍ ജലസേചനം കുറയ്ക്കുകയും ചെയ്യാം. കുറ്റികുരുമുളക് തിപ്പലിയില്‍ ഗ്രാഫറ്റ് ചെയ്തും ഉല്പാദിപ്പിക്കാം. യഥാസമയം പരിപാലിച്ചാല്‍ ഒരു ചട്ടിയില്‍ നിന്നും അരകിലോ മുതല്‍ ഒരു കിലോ വരെ കുരുമുളക് കിട്ടും.