Organic Keralam Facebook Page
English

ലവ്‌ലോലിക്ക (ലവി - ലവി)

ലൗലോലിക്ക എന്ന ചുവന്ന ഇനം നെല്ലിക്കായുടെ ശരിയായ പേര്‌ ലവി - ലവി എന്നാണ്‌. വീട്ടുവളപ്പില്‍ അലങ്കാരമായും ഒരു ഫല വര്‍ഗ്ഗമായും വളര്‍ത്താവുന്ന ലൗലോലിക്ക ഏകദേശം എട്ട്‌ മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ചെറിയ വൃക്ഷമാണ്‌. "ഫ്‌ളക്കോര്‍ഷിയേസിയേ" എന്ന സസ്യ കുടുംബത്തില്‍പ്പെടുന്നു. ശാസ്‌ത്രനാമം "ഫ്‌ളക്കോര്‍ഷിയ ഇനേര്‍മിസ്‌" എന്നാണ്‌.

കൃഷി രീതി

നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ്‌ ഈ കൃഷിയ്‌ക്ക്‌ ഏറ്റവും യോജിച്ചത്‌. വിത്ത്‌ പാകി മുളപ്പിച്ചും, പതി വച്ചും തൈകള്‍ ഉല്‌പാദിപ്പിക്കാം. വിളഞ്ഞ പഴത്തില്‍ നിന്നും കുരു എടുത്ത്‌ പ്ലാസ്റ്റിക്‌ കൂടില്‍ പോര്‍ട്ടിംഗ്‌ മിശ്രിതം നിറച്ച്‌ പാകുക. നല്ല ശിഖരങ്ങളിലെ കമ്പുകളില്‍ പതി വയ്‌ക്കുക. പതിവച്ച ഭാഗത്ത്‌ വേരുകള്‍ നല്ലതുപോലെ വന്നു കഴിയുമ്പോള്‍ കമ്പ്‌ ഇളക്കം തട്ടാതെ പോര്‍ട്ടിംഗ്‌ മിശ്രിതം നിറച്ച പ്ലാസ്റ്റിക്‌ കൂടില്‍ മുറിച്ച്‌ എടുത്ത്‌ വയ്‌ക്കുക. തൈകള്‍ ഏഴ്‌ - എട്ട്‌ ഇല വന്നു കഴിയുമ്പോള്‍ കൃഷി സ്ഥലത്തേക്ക്‌ മാറ്റി നടാവുന്നതാണ്‌. രണ്ടടി സമചതുരത്തില്‍ കുഴി എടുത്ത്‌ അതില്‍ ജൈവ വളമോ ചാണകപ്പൊടിയോ ഇട്ട്‌ കുഴി മൂടുക. ഇതില്‍ വേണം തൈകള്‍ നടാന്‍. രണ്ടാഴ്‌ച തൈകള്‍ക്ക്‌ തണല്‍ നല്‍കണം. ആവശ്യത്തിനു പരിചരണം കൊടുക്കുകയാണെങ്കില്‍ കുരു പാകി കിളിര്‍പ്പിച്ച തൈകള്‍ നാലാം വര്‍ഷത്തിലും പതി വച്ച്‌ ഉല്‌പാദിപ്പിച്ചു തൈകള്‍ രണ്ടാം വര്‍ഷത്തിലും കായ്‌ക്കാന്‍ തുടങ്ങും. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പൂവിട്ടു കായ്‌ ഉണ്ടാകും. കായ്‌കള്‍ കൂടുതലുണ്ടാകുമ്പോള്‍ ശിഖരങ്ങള്‍ ചാഞ്ഞ്‌ വരും. ലവ്‌ ലോലിക്കായ്‌ക്ക്‌ ഒരു ചെറിയ നെല്ലിക്കായുടെ വലുപ്പം കാണും. മൂപ്പെത്താത്ത കായ്‌ക്ക്‌ മഞ്ഞ കലര്‍ന്ന പച്ച നിറമാണ്‌. നന്നായി വിളഞ്ഞ്‌ പഴുത്ത്‌ കഴിയുമ്പോള്‍ കടും ചുവപ്പ്‌ നിറമോ കറുപ്പ്‌ കലര്‍ന്ന പര്‍പ്പിള്‍ നിറമോ ആയിരിക്കും. ഒരു പഴത്തില്‍ രണ്ട്‌ - മൂന്ന്‌ വിത്തുകള്‍ കാണാറുണ്ട്‌. ബലമില്ലാത്ത ഞെട്ടാണ്‌ പഴുത്ത ലവ്‌ ലോലിക്കായുടേത്‌. മരം ഒന്ന്‌ ചെറുതായി കുലുക്കിയാല്‍ കായ്‌കള്‍ കൂട്ടത്തോടെ പൊഴിഞ്ഞു താഴെ വീഴും.

ഔഷധഗുണങ്ങളും, ഉപയോഗങ്ങളും

കാത്സ്യം, വിറ്റാമിന്‍ ബി, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്‌ എന്നിവ ധാരാളം പഴത്തിലടങ്ങിയിട്ടുണ്ട്‌. ലവ്‌ലോലിക്ക നന്നായി പഴുത്താലും പുളിരസമായിരിക്കും. ഫലത്തിലുളള മാലിക്‌ അമ്‌ളം ആണതിനു കാരണം. ജലാംശം വളരെ കുറവായതിനാല്‍ അച്ചാറിട്ടാല്‍ ലവ്‌ലോലിക്ക ചുരുങ്ങാറില്ല. നമ്മുടെ വീട്ടുവളപ്പില്‍ ഒരു മരം നട്ട്‌ പിടിപ്പിച്ചാല്‍ വര്‍ഷം മുഴുവനും ഉപയോഗിക്കാനുളള, അച്ചാറുണ്ടാക്കാനുളള പഴങ്ങള്‍ കിട്ടും.