Organic Keralam Facebook Page
English

ജാതി

വ്യത്യസ്തങ്ങളായ രണ്ടു സുഗന്ധ വ്യഞ്ജനങ്ങള്‍ നല്‍കുന്ന മരമാണ് ജാതി. ജാതിക്കായും, ജാതി പത്രിയുമാണ് ജാതിയില്‍ നിന്നും ലഭിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങള്‍ ഇന്തോനേഷ്യയിലെ വൊളുക്കാസ് ആണ് ജാതിയുടെ ജന്മദേശം. എക്കല്‍ കലര്‍ന്ന കളിമണ്ണ്, മണല്‍ കലര്‍ന്ന മണ്ണിലും ജാതി നന്നായി വളരും. ഈ തരത്തിലുള്ള സ്ഥലങ്ങള്‍ കേരളത്തിലുള്ളത് കൊണ്ട് ജാതി കൃഷി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചെയ്യുന്നത്. ആറുകളുടെയും, തോട്ടകളുടെയും സാമീപ്യമുള്ള തെങ്ങുതോപ്പുകളാണ് ഏറ്റവും അനുയോജ്യം.

കൃഷിരീതി

വിത്തിട്ട് മുളപ്പിച്ച തൈകള്‍ ആണോ പെണ്ണോ എന്നറിയുവാന്‍ ജാതി പൂവിടുന്ന കാലം വരെ നോക്കിയിരിക്കണം. ആണ്‍ ജാതിയാണെങ്കില്‍ അത് വെട്ടികളയേണ്ടി വരും. ഈ രീതി അനുവര്‍ത്തിച്ചാല്‍ ജാതി കൃഷി ഒരു കാരണവശാലും ലാഭകരമാക്കുവാന്‍ സാധിക്കുകയില്ല. അതുകൊണ്ട് പെണ്‍ ജാതിയില്‍ നിന്ന് ഒട്ടു തൈകള്‍ ഉല്പാദിച്ച് കൃഷി നടത്താന്‍ പറ്റുകയുള്ളൂ.

ഗവണ്‍മെന്റ് നേഴ്‌സറികളും ഗവണ്‍മെന്റ് അംഗീകൃത നേഴ്‌സറികളും നല്ല കായ്ഫലമുള്ള ജാതിയില്‍ നിന്നും ഒട്ടുതൈകള്‍ ഉല്പാദിപ്പിച്ച് വിതരണം നടത്തുന്നു. 1 മീറ്റര്‍ x 1 മീറ്റര്‍ x 1 മീറ്റര്‍ വലിപ്പമുള്ള കുഴികള്‍ എടുത്ത് അതില്‍ ജൈവവളമോ, ചാണകപ്പൊടിയും, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കുഴി മൂടുന്നു. കുഴികള്‍ തമ്മില്‍ എട്ടു മീറ്റര്‍ അകലം ഉണ്ടായിരിക്കണം. തൈകള്‍ നട്ടതിനു ശേഷം ഒരു വര്‍ഷം വാഴക്കൃഷി ചെയ്താല്‍ ജാതി തൈകള്‍ക്ക് തണല്‍ നല്‍കേണ്ട ആവശ്യം വരുന്നില്ല. വേനൽക്കാലത്ത് ജലസേചനം ഒഴിവാക്കാന്‍ പാടില്ല. പുതയിട്ടു കൊടുത്താല്‍ ജലസേചനത്തിന്റെ അളവു കുറയ്ക്കാം. തണല്‍ ആവശ്യമാണെങ്കിലും നല്ല സൂര്യപ്രകാശം ലഭിച്ചെങ്കിലേ നല്ല വിളവ് ലഭിക്കൂ. മഴക്കാലത്ത് ജാതിയില്‍ പല കുമിള്‍ രോഗങ്ങളും കണ്ടു വരുന്നുണ്ട്. മെയ് മുതല്‍ നവംബര്‍ വരെയുള്ള കാലത്താണ് സാധാരണ കുമിള്‍ രോഗങ്ങള്‍ വരാറ്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും സ്യൂഡോമോണോസ് ലായിനി തളിയ്ക്കണം.

സ്യൂഡോമോണോസും ഉണങ്ങിയ ചാണകവും, 1 : 20 കൂട്ടി കലര്‍ത്തി ജാതിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കണം. ഇവ രണ്ടും ചെയ്താല്‍ കുമിള്‍ രോഗങ്ങളെ തടഞ്ഞു നിര്‍ത്താം. രോഗം ബാധിച്ചു കമ്പുകള്‍ വെട്ടി കളഞ്ഞ് അവിടെ ബോര്‍ഡോ മിശ്രിതം കുഴമ്പ് തേച്ച് കൊടുക്കണം. ബോര്‍ഡോ മിശ്രിത ലായിനി അടിച്ച് കൊടുക്കുന്നതും നല്ലതാണ്. കുമിള്‍ നാശിനികള്‍ അടിക്കുമ്പോള്‍ ഇലയുടെ അടിയിലും പറ്റാന്‍ ശ്രദ്ധിക്കണം.

സംസ്കരണം

ജാതിയില്‍ വര്‍ഷം മുഴുവനും കായ്കള്‍ കാണുമെങ്കിലും വിളവെടുപ്പു കാലം ഡിസംബര്‍ മുതല്‍ മെയ് വരെയാണ്. ജാതിയുടെ മഞ്ഞ കളറിലുള്ള പുറം തോട് പൊട്ടി ജാതി പത്രി കാണുന്ന സമയമാണ് വിളവെടുക്കുന്നത്. ഇവ തോട്ടി കൊണ്ടോ കൈ കൊണ്ടോ പറിച്ചെടുക്കുകയോ, നിലത്ത് വീഴുമ്പോള്‍ പെറുക്കി എടുക്കുകയോ ചെയ്യാം. പുറം തോട് പൊട്ടിച്ച് മാറ്റി കഴിയുമ്പോള്‍ ജാതി പത്രി പൊതിഞ്ഞ് വിത്ത് കാണാം. ജാതി പത്രിയും വിത്തും വേര്‍തിരിച്ച് എടുക്കണം. പത്രി പൊടിയാതെ എടുത്താല്‍ വില കൂടുതല്‍ ലഭിക്കും. വിത്തും പത്രിയും വേര്‍തിരിച്ച് വെയിലത്തോ ഡ്രയറിന്റെ സഹായത്താലോ ഉണക്കുന്നു. കടും ചുവപ്പ് കലര്‍ന്ന വയലറ്റ് കളറുള്ള പത്രി നല്ലവണ്ണം ഉണങ്ങി കഴിയുമ്പോള്‍ മഞ്ഞ കലര്‍ന്ന ചുവപ്പു കളറായി മാറും. വിത്തിന്റെ ഉള്ളിലെ പരിപ്പ് കുലുക്കുമ്പോള്‍ 'കട കട' എന്ന ശബ്ദം വരുന്ന അവസ്ഥയില്‍ എത്തുമ്പോഴാണ് വിത്തും പത്രിയും ശരിയായി ഉണങ്ങി എന്ന് മനസ്സിലാക്കുന്നത്. ഇവ കാറ്റ് കടക്കാത്ത രീതിയില്‍ സംഭരിച്ചു സൂക്ഷിക്കാം.

ഉപയോഗങ്ങള്‍

വിദേശങ്ങളില്‍ സുഗന്ധവ്യഞ്ജനങ്ങളായി ഉപയോഗിക്കുന്നു. ജാതിയ്ക്കാ പൊടി ആവിയില്‍ വാറ്റിയാണ് തൈലം ഉണ്ടാക്കുന്നത്. ബേക്കറി ഉല്പന്നങ്ങളിലും മധുര പലഹാരങ്ങളിലും ഇത് ഒരു ചേരുവയാണ്. ട്യൂത്ത് പേയ്സ്റ്റ്, കഫ്‌സിറപ്പ് നിര്‍മ്മാണത്തിലും ഉപയോഗിക്കുന്നു. കറികള്‍ക്കും ഇറച്ചിയുപയോഗിച്ചുള്ള ഭക്ഷണപദാര്‍ത്ഥങ്ങളിലും ഗരം മസാലപോലുള്ള കറിമസാല കൂട്ടുകളിലും ജാതിക്ക ഉപയോഗിക്കുന്നു. പാന്‍ ഉല്പന്നങ്ങള്‍ക്ക് സുഗന്ധം ലഭിക്കുന്നതിനും, സോസേജുകള്‍, സൂപ്പ്, അച്ചാര്‍, കെച്ചപ്പ്, ചട്‌നി എന്നിവയിലും ജാതി പത്രി ചേര്‍ക്കുന്നു. ജാതിപത്രിയുടെ സുഗന്ധം കാരണം ആഹാരസാധനങ്ങളിലും മദ്യത്തിലും സ്വാദിനായി ഉപയോഗിക്കപ്പെടുന്നു. ജാതിയെണ്ണ, ജാതി പത്രി തൈലം എന്നിവ സോഫ്റ്റ് ഡ്രിങ്കുകള്‍, കാന്‍ ചെയ്ത ഭക്ഷ്യവസ്തുക്കള്‍ മാംസോല്പന്നങ്ങളിലും ഉപയോഗിച്ചു വരുന്നു. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, പുരുഷന്മാര്‍ക്കുള്ള സുഗന്ധം, ടോയ്‌ലെറ്റീസ് എന്നിവയില്‍ ജാതിക്കായെണ്ണ ഉപയോഗിക്കുന്നു.

എല്ലാ സമയങ്ങളിലും ഏകദേശം കൃത്യമായ വിലയുള്ളതിനാല്‍ മലയാളികളായ കര്‍ഷകര്‍ക്ക് ജാതികൃഷി ആദായകരമായി നടത്താന്‍ കഴിയുന്നുണ്ട്. തണല്‍ ഇഷ്ടപ്പെടുന്ന ജാതി കേരളത്തില്‍ പാഴായികിടക്കുന്നതെങ്ങിന്‍തോപ്പുകളില്കൃഷിചെയ്തുകാര്‍ഷികര്‍ക്ക്അധിക വരുമാനമുണ്ടാക്കുവാന്‍ സാധിക്കും.

ഔഷധഗുണം

ആയുര്‍വേദത്തില്‍ സുഖകരമായ ഉറക്കത്തിനു കിടക്കുന്നതിനു മുന്‍പായി ചൂടുപാലില്‍ ജാതി അരച്ച് ചേര്‍ത്ത് ഉപയോഗിക്കുന്നു. രാത്രിയില്‍ നിര്‍ത്താതെ കരയുന്ന കുട്ടികള്‍ക്ക് സ്വസ്ഥതയ്ക്കായി ജാതിക്കായും പുഴുങ്ങിയ ഏത്തപ്പഴവും ചേര്‍ന്ന പാനീയം നല്‍കുന്നു. ജാതിതൈലം തലച്ചോറിന് ഉത്തേജകം തരുന്നു. രക്തയോട്ടം കൂടുന്നു. കാര്യങ്ങള്‍ ശ്രദ്ധയോടു ചെയ്യുവാന്‍ സഹായിക്കുന്നതിനാല്‍ മാനസ്സിക പിരിമുറുക്കം ഇല്ലാതാക്കുന്നു. വീക്കത്തിനും വേദന സംഹാരിയായും ഉപയോഗിക്കുന്നു. സന്ധിവേദനയും, പേശി വേദനയുമുള്ള ഭാഗത്ത് തൈലം പുരട്ടിയാല്‍ വേദനയ്ക്ക് ആശ്വാസം ലഭിയ്ക്കുന്നു. ജാതിക്കാപ്പൊടി വായുക്ഷോഭം, വയറിളക്കം എന്നിവ കുറയ്ക്കുന്നു. വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്നു. ജാതിയ്ക്കായ്ക്ക് ആയുര്‍വേദമരുന്നുകളില്‍ പ്രമുഖ സ്ഥാനമാണുള്ളത്. ജാതി വിത്തില്‍ നിന്ന് എടുക്കുന്ന കഷായം ഉദര രോഗങ്ങള്‍ ചികിത്സിക്കുവാന്‍ ഉത്തമമാണ്. പല്ല് വേദനയുള്ള ഭാഗത്ത് ജാതി തൈലം പഞ്ഞിയില്‍ മുക്കി വച്ചാല്‍ മതിയാകും.