Organic Keralam Facebook Page
English

നെല്ലി

ഏകദേശം പതിനെട്ടു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇലപൊഴിക്കുന്നഒരു മരമാണ്നെല്ലി .യുഫോര്‍ബിയേസ്യേ' എന്ന കുടുംബത്തില്‍പ്പെട്ടതാണ്. ശാസ്ത്രനാമം "ഫിലാന്തസഎംബഌക്ക' എന്നാണ്. നെല്ലി തന്നെ കൃഷി ചെയ്യുകയാണങ്കില്‍ ഏക്കറിനു 300 മരങ്ങള്‍ വരെ കൃഷി ചെയ്യാം. സാധാരണ തൈകള്‍ എട്ടാം വര്‍ഷത്തിലും ഗ്രാഫറ്റ് തൈകള്‍ നാലാം വര്‍ഷത്തിലും കായ്ച്ചു തുടങ്ങും.

കൃഷി രീതി

നല്ല നീര്‍വാഴ്ചയുളളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലങ്ങളാണ് നെല്ലി കൃഷി ചെയ്യുവാന്‍ ഏറ്റവും യോജിച്ചത്. കാലവര്‍ഷാരംഭമായ മെയ് - ജൂണ്‍ മാസങ്ങളിലാണ് തൈകള്‍ നടുന്നതിനു അനുയോജ്യം ഒന്നരയടി ചതുരത്തിലും ആഴത്തിലും കുഴികള്‍ എടുത്ത് അതില്‍ ചാണകപ്പൊടിയോ ജൈവ വളമോ നിറച്ച് കുഴി മൂടുക. ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത നേഴ്‌സറികളില്‍ നിന്നോ ഗ്രാഫറ്റ് ചെയ്ത തൈകള്‍ വാങ്ങി ഇതില്‍ നടുക. കുഴികള്‍ തമ്മില്‍ ഏകദേശം മൂന്നു മീറ്റര്‍ എങ്കിലും അകലം ഉണ്ടായിരിക്കണം. വേനല്‍കാലത്ത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ജലസേചനം നടത്തണം. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ജൈവ വളപ്രയോഗം നടത്തണം. ശരിയായ രീതിയില്‍ പരിചരിക്കുകയാണെങ്കില്‍ മൂന്നാം വര്‍ഷം തൊട്ട് കായ്ച്ചു തുടങ്ങും.

വിളവെടുപ്പ്

സാധാരണയായി നവംബര്‍ - ഡിസംബര്‍ മാസങ്ങളിലാണ് കായ്കള്‍ വിളഞ്ഞു തുടങ്ങുന്നത്. വിളഞ്ഞ കായ്കള്‍ക്ക് പച്ച കലര്‍ന്ന ഇളം മഞ്ഞ നിറമാണ്. നെല്ലിക്ക പറിച്ചെടുക്കുമ്പോള്‍ ശിഖരങ്ങള്‍ ഒടിഞ്ഞു പോകാനുള്ള സാദ്ധ്യതയുണ്ട്. ശിഖരങ്ങള്‍ ഒടിഞ്ഞു പോയാല്‍ അടുത്ത വര്‍ഷത്തെ വിളവിനെ സാരമായി ബാധിക്കാറുണ്ട്. നെല്ലിക്ക പറിച്ചെടുക്കുമ്പോള്‍ നിലത്ത് വീണ് ചതഞ്ഞു പോകാതിരിക്കുവാന്‍ ശ്രമിക്കേണ്ടതാണ്.

ഔഷധഗുണങ്ങളും ഉപയോഗങ്ങളും

ധാരാളം പെക്റ്റിന്‍, വിറ്റാമിന്‍ സി, ബി-കോംപ്ലക്‌സ്, കാല്‍സിയം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗൈനിക് അമ്ലം, ടാനിക് അമ്ലം, റെസിന്‍, പഞ്ചസാര, അന്നജം, പ്രോട്ടീന്‍, ആല്‍ബുമിന്‍, സെല്ലുലോസ് ഇവയും അടങ്ങിയിട്ടുണ്ട്. വാത, പിത്ത, കഫ രോഗങ്ങള്‍ ശമിപ്പിക്കുന്നു. രക്തദുഷ്ടി, രക്തപിത്തം, ജ്വരം, പ്രമേഹം, മുടി കൊഴിച്ചില്‍ ഇവ ശമിപ്പിക്കുന്നു. കണ്ണിനു കുളിര്‍മ്മയും കാഴ്ച ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. നാഡികള്‍ക്കു ബലവും രുചിയും ദഹന ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. ച്യവനപ്രാശം, ദശമൂലാരിഷ്ടം, അശോകാരിഷ്ടം, ഭൃംഗരാജ തൈലം, ബ്രഹ്മിഘൃതം എന്നിവയിലെല്ലാം പ്രധാന ചേരുവ നെല്ലിക്കായാണ്. നേത്ര രോഗങ്ങള്‍, മലബന്ധം, പ്രമേഹം, മൂത്രതടസ്സം എന്നീ രോഗങ്ങളുടെ ചികിത്സക്ക് നെല്ലിക്ക ആയുര്‍വേദത്തില്‍ ഉപയോഗിച്ചു വരുന്നു. നെല്ലിക്ക കുരു കളഞ്ഞ നീരും, തേനും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് രാവിലെ കഴിക്കുന്നത് പ്രമേഹത്തിനു വളരെ നല്ലതാണ്. പച്ച നെല്ലിക്ക കഴിച്ചാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കും. വായ്പ്പുണ്ണിന് പച്ച നെല്ലിക്ക അരച്ച് പച്ച മോരില്‍ കലക്കി കുടിക്കുക. കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷിയുണ്ടാകുന്നതിനു നെല്ലിക്ക അരിഷ്ടം കൊടുത്താല്‍ മതി. പ്രധാനമായും ഔഷധ കൂട്ടുകളില്‍ പച്ചനെല്ലിക്കായാണുഉപയോഗിക്കുന്നതെങ്കിലും ചില ഔഷധ കൂട്ടുകളില്‍ ഇല, വേര്, തൊലി ഇവയും ഉപയോഗിച്ചു വരുന്നു. നിത്യ യൗവ്വനം പ്രധാനം ചെയ്യും എന്നു കരുതപ്പെടുന്ന ചൃവനപ്രാശാത്തിലെ പ്രധാന ഘടകം നെല്ലിക്കായാണ്.

നിത്യ ജീവിതത്തില്‍ ഔഷധ നിര്‍മ്മാണത്തിനു പുറമേ ഗാര്‍ഹിക രംഗത്തും വളരെയധികം ഉപയോഗിച്ചു വരുന്നു. നെല്ലിക്കാ ഉപ്പിലിട്ടത്, നെല്ലിക്കാ അച്ചാര്‍, നെല്ലിക്കാ ജ്യൂസ്, നെല്ലിക്കാ സ്ക്വാഷ്, നെല്ലിക്കാ ജാം തുടങ്ങി നെല്ലിക്ക ഉപയോഗിച്ചുള്ള ധാരാളം ഉല്പന്നങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. നെല്ലി പലകയക്ക് കലങ്ങിയ വെള്ളം തെളിയിക്കാനുള്ള ശക്തി ഉള്ളതിനാല്‍ കിണറുകളുടേയും മറ്റും അടിയില്‍ പാകിയുറപ്പിക്കാറുണ്ട്.

ഇങ്ങനെ ആകെ കൂടെ നോക്കിയാല്‍ ഏതൊരു മലയാളിയുടെ വീട്ടിലും അവനവന്റെ സൗകര്യമനുസരിച്ച് രണ്ടോ മുന്നോ ഗ്രാഫറ്റ് ചെയ്ത തൈകള്‍ നട്ടുപിടുപ്പിക്കുന്നത് നല്ലതാണ്.