Organic Keralam Facebook Page
English

മാതളം

പഴച്ചെടിയായ മാതളം  മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും  വാണിജ്യവിളയായി കൃഷി ചെയ്യുന്നുണ്ട്.  തമിഴ്നാട്, കര്‍ണ്ണാടകം, മഹാരാഷ്ട എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായി കാണുന്നത്.  സംസ്‌കൃതത്തിൽ ഡാഡിമം എന്നും ഹിന്ദിയിൽ അനാർ എന്നും അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Punica granatum). റുമാൻ പഴം എന്നും പേരുണ്ട്.

ഇന്ത്യയി ല്‍ സാധാരണ രണ്ടിനങ്ങളിലുള്ള മാതളമാണ് കാണാറുള്ളത്. വെളുത്തതും ചുവന്നതും. വെളുത്ത ഇനത്തിൻറെ കുരുവിൻ കടുപ്പം കുറയും. നീരിനു കൂടുതല്‍  മധുരവും.

കൃഷിരീതി

കേരളത്തിലെ കാലാവസ്ഥ മാതള കൃഷിക്ക് അനുയോജ്യമാണ്. പക്ഷേ തമിഴ്‌നാട്ടിലും, കര്‍ണാടകത്തിലും, മഹാരാഷ്ട്രയിലുമുള്ള ഉല്പാദന മികവ് കേരളത്തില്‍ ലഭിയ്ക്കുകയില്ല. തൈകള്‍ നട്ടു വളര്‍ത്തിയാണ് ആരംഭിക്കേണ്ടത്. ഗവണ്‍മെന്റ് നേഴ്‌സറികളില്‍ നിന്നോ ഗവണ്‍മെന്റ് അംഗീകൃത നേഴ്‌സറികളില്‍  നിന്നേ തൈകള്‍ വാങ്ങാവൂ.

തൈകള്‍ നടുവാനുള്ള കുഴിയുടെ അളവ് 75 cm x 75 cm x 75 cm ആണ്. തൈകള്‍ തമ്മിലുള്ള അകലം നാല് മീറ്റര്‍ എങ്കിലും ആയിരിക്കണം. ഓരോ കുഴിയിലും 15 - 20 kg ചാണകപ്പൊടിയോ, കംമ്പോസ്‌റ്റോ മേല്‍ മണ്ണുമായി കൂട്ടി കലര്‍ത്തി നിറയ്ക്കണം. മഴക്കാലആരംഭത്തോടു കൂടി കൃഷി ആരംഭിയ്ക്കാം. തൈകള്‍ കിളിര്‍ത്തതിനു ശേഷം വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും ജൈവ വളം നല്‍കണം. മഴയില്ലാത്തപ്പോള്‍ നിര്‍ബന്ധമായും ജലസേചനം നല്‍കണം. വേനല്‍ക്കാലത്ത് ചുവട്ടില്‍ പുതയിടുകയാണെങ്കില്‍ ജലസേചനത്തിന്റെ അളവ് കുറയ്ക്കുവാന്‍ സാധിയ്ക്കും.

കൂടുതല്‍ ശിഖരങ്ങള്‍ തിങ്ങി വളരാന്‍ അനുവദിയ്ക്കരുത്. നാലു അഞ്ചു ശിഖരങ്ങള്‍ നില നിര്‍ത്തിയ ശേഷം മറ്റുള്ളവ നീക്കം ചെയ്യണം. ചെടി ആറടി, ഏഴടി  ഉയരത്തില്‍ വളര്‍ന്നതിനു ശേഷം അഗ്ര ഭാഗം നുള്ളി ക്കളയുന്നത് കൊണ്ട് മാതളത്തെ ആകൃതിയൊപ്പിച്ചു നിര്‍ത്തുന്നതിനും ശിഖര വളര്‍ച്ചയേയും സഹായിക്കും.ജൈവരോഗകീടനിയന്ത്രണംആവശ്യമാണ്.രാസവളപ്രയോഗംഒഴിവാക്കുകയാണെങ്കില്‍ മാതളത്തിനു കൂടുതല്‍ കാലം ഫലം തരുവാന്‍ സാധിയ്ക്കും.ഒപ്പം മാതളത്തിനു കേട്വരാതിരിക്കുവാ നുള്ള   സാദ്ധ്യത കൂടുന്നു.

സംസ്കരണം

മാതളം വിളയുന്ന സമയങ്ങളില്‍ വിണ്ടു കീറാറുണ്ട്. ഇതു തടയാനുള്ള ഉപാധി ഭദ്രമായി പൊതിഞ്ഞ് നിര്‍ത്തുകയെന്നുള്ളതാണ്. വിളഞ്ഞ മാതളം പൊതിഞ്ഞു നിര്‍ത്തുന്നതു കൊണ്ട് പഴങ്ങള്‍ക്ക് ആകര്‍ഷകമായ നിറം വരുന്നു. പല കീടങ്ങള്‍ക്കും പ്രാണികള്‍ക്കും പഴങ്ങളെ സ്പര്‍ശിയ്ക്കുവാന്‍ സാധിക്കാതെ വരും. ഇതു കാരണം മാതളത്തെ പുള്ളികുത്ത് വരുന്നത് തടയാന്‍ സാധിയ്ക്കും. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന മാതളനാരങ്ങയ്ക്ക് മാര്‍ക്കറ്റില്‍ വില കൂടുതല്‍ ലഭിക്കുന്നു.

ഔഷധ ഗുണങ്ങള്‍

മാതളപ്പഴത്തില്‍ പ്രോട്ടീന്‍, മഗ്നീഷ്യം, കൊഴുപ്പ്, അന്നജം, കാത്സ്യം, ധാതു ലവണങ്ങള്‍,ഗന്ധകം, തയഖിന്‍, നിക്കോട്ടനിക് ആസിഡ്, വിറ്റാമിന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി,വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ഡി, പൊട്ടാസ്യം, ഫോളിക് ആസിഡ്, ധാരാളം ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. മാതളത്തിന്റെ വേരിലടങ്ങിയിരിക്കുന്ന പ്യൂണിക്കോ ടാനിക് ആസിഡും,തൊണ്ടിലേയും, തൊലിയിലേയും ടാനിനും മാതളപ്പഴത്തിനു ഔഷധ ഗുണം നല്‍കുന്നു.

ഉപയോഗം

മാതള തോട് പച്ചയ്‌ക്കോ, ഉണക്കി പൊടിച്ചോ, മോരില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് വയറു കടിയ്ക്ക് നല്ലതാണ്. തോട് പൊടിച്ചു ചൂട് വെള്ളത്തില്‍ കുടിയ്ക്കുന്നത് കൃമി ശല്യം കുറയ്ക്കാന്‍ സഹായിക്കും. കഷായ നിര്‍മ്മാണത്തിനു മാതളതോട് ഉപയോഗിച്ചു വരുന്നു. ഒരു മാതളപ്പഴം എടുത്ത് മുകള്‍ ഭാഗം കിഴിച്ച് അതിലോട്ടു ശുദ്ധമായ ബദാം എണ്ണ നിറയെ (ഉള്‍ക്കൊള്ളാവുന്നത്രയും) ഒഴിയ്ക്കുക. ഏകദേശംരണ്ടു മണിക്കൂറിനകം എണ്ണ മുഴുവനായും മാതള അല്ലിയില്‍ ലയിച്ചു ചേരും. ഈ മാതളയല്ലി കഴിച്ചാല്‍  എത്ര പഴക്കം ചെന്ന ശ്വാസം മുട്ടലിനും, ചുമയ്ക്കും ആശ്വാസം കിട്ടും.

മാതള നാരങ്ങാ സ്ഥിരമായി  കഴിക്കുന്നവര്‍ക്ക് സാധാരണയായി ഉദരപ്പുണ്ണ് രോഗമുണ്ടാകാറില്ല. മാതളജ്യൂസ്ശരീരത്തിലെടെസ്‌റ്റോസിറോണ്‍ എന്ന ഹോര്‍മോണിന്റെ  ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. ടെസ്റ്റോസിറോണ്‍ കൂടുതല്‍ ഉല്പാദിപ്പിയ്ക്കപ്പെടുമ്പോള്‍ ശരീരത്തിന് ഓര്‍മ്മ ശക്തിയും ഊര്‍ജ്ജ്വസ്വലതയും കൂടും.

എല്ലുകളുടേയും പേശികളുടേയും കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. ശബ്ദത്തിനു ഗാംഭീര്യമുണ്ടാകുന്നു. രക്ത നിര്‍മ്മാണത്തിനും, രക്തവര്‍ദ്ധനയ്ക്കും സഹായകരമാകുന്നു. ത്വക്ക് രോഗങ്ങളെ ഒരു പരിധി വരെ അകറ്റുവാന്‍ ശേഷിയുണ്ട്. ശരീരത്തിനു ശക്തിയും ആരോഗ്യവും നല്‍കുന്നതിന് മറ്റു പഴവര്‍ഗ്ഗങ്ങളേക്കാളും വളരെ നല്ലതാണ് മാതളപ്പഴം. മാതളപ്പഴം കഴിയ്ക്കുന്നതിലൂടെ ആരോഗ്യവും, രോഗപ്രതിരോധ ശേഷിയും ഉണ്ടാകുന്നു. ഇത്രയും പ്രോട്ടീനുകളും, വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒരു പഴവര്‍ഗ്ഗം  വേറെയില്ലെന്നു തന്നെ പറയാം.

തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിരശല്യം ഇല്ലാതാക്കുകയും  ദഹനശക്തി കൂട്ടുകയും ചെയ്യുന്നു.