Organic Keralam Facebook Page
English

സാലഡ് വെള്ളരി

കൃഷിരീതി

പന്തലില്‍ വളര്‍ത്തിയാണ് സാലഡ് വെള്ളരി കൃഷി ചെയ്യുന്നത്. മഴയുടെയും, വെള്ളത്തിന്റേയും  ലഭ്യതയനുസരിച്ച് കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം. കാലാവസ്ഥ  വ്യതിയാനമനുസരിച്ച് ഉല്പാദനത്തില്‍ വ്യത്യാസം വരും. ഇപ്പോള്‍ ധാരാളം കൃഷിക്കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ പോളീ ഹൗസില്‍ കൃഷി ചെയ്തു വരുന്നു.

വാണിജ്യാടിസ്ഥാനത്തിലും, സ്വന്താവശ്യ പ്രകാരവും കൃഷി ചെയ്യാം. തടം എടുത്ത് അടി വളമായി  ജൈവവളവും (കോഴി കാഷ്ഠം, ചാണകപ്പൊടി, ആട്ടിന്‍ കാഷ്ഠം), വേപ്പിന്‍ പിണ്ണാക്കും, കുറച്ച്  എല്ലു പൊടിയും, പച്ച കക്കായും ചേര്‍ത്ത് ഇളക്കി മൂടുക. ഇതില്‍ നാലഞ്ചു വിത്ത് പാകുക. കിളിര്‍ത്തു വരുന്ന തൈകളില്‍ ഏറ്റവും ആരോഗ്യമുള്ള രണ്ടെണ്ണം നിര്‍ത്തിയിട്ട് ബാക്കി പറിച്ചെടുക്കുക.

രാസവള കൃഷിയാണെങ്കില്‍ തൈ കിളിര്‍ത്തു നാലഞ്ചു ഇല വരുമ്പോള്‍ രാസവളം ഇട്ടു കൊടുക്കുകയും ജൈവ കൃഷിയാണെങ്കില്‍ ജീവാമൃതം ഒഴിച്ചു കൊടുക്കുകയും വേണം. ആഴ്ചയില്‍ ഒരിക്കല്‍ നിര്‍ബന്ധമായി  വളപ്രയോഗം നടത്തിയിരിക്കണം. വള്ളി വീശുന്നതിനു മുന്‍പ് ചില്ലുകള്‍ (അഥവാ കൊലമ്പ്) നാട്ടി കൊടുക്കണം. വള്ളി അതില്‍ കയറിയാണ്പന്തല്‍ ഇടുന്നത്. പടങ്ങ് വലിക്കുന്നതിന് കയറോ, പ്ലാസ്റ്റിക് കയറോ, കട്ടിയുള്ള പഴയ മീന്‍ വലയോ ഉപയോഗിക്കാം. സാലഡ് വെള്ളരി പച്ചയ്ക്ക്  കഴിക്കേണ്ട ഒരു ഭക്ഷ്യവസ്തുവായതു കൊണ്ട് യാതൊരു കാരണവശാലും രാസകീടനാശിനി പ്രയോഗിക്കരുത്. ടെറസ്സില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഗ്രോബാഗില്‍ ഒരു തൈ എന്ന കണക്കില്‍ കൃഷി ചെയ്യാം. സൂര്യപ്രകാശവും, വളവും, വെള്ളവും യഥാസമയം ലഭിക്കുകയാണെങ്കില്‍ നല്ല വിളവുണ്ടാകും.  തൈ നട്ട് വള്ളി വീശി കഴിഞ്ഞ് ട്രൈക്കോഡെര്‍മോ - സ്യൂഡോമോണോസ് മിശ്രിതം 20 ഗ്രാം ഒരു  ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചാല്‍ ചെടികളുടെ വളര്‍ച്ച വേഗത്തിലാകുകയും കുമിള്‍ രോഗങ്ങള്‍ക്കെതിരെയുള്ള ചെടികളുടെ പ്രതിരോധശക്തി കൂടുകയും ചെയ്യും.

വിളവെടുപ്പ്

നട്ട് നാല്പത് - അന്‍പത് ദിവസത്തിനകം വിളവെടുക്കാന്‍ തുടങ്ങാം. സാലഡ് വെള്ളരി പച്ചയ്ക്ക് ഉപയോഗിക്കപ്പെടുന്നതു കൊണ്ട് അധികം മൂപ്പെത്താത്തതു വേണം പറിച്ചെടുക്കാന്‍. കായ്കള്‍ സാധാരണയായി 2 - 3 ദിവസം വരെ വാടാതെയിരിക്കും. അതില്‍ കൂടുതല്‍ ദിവസം വരെ  സൂക്ഷിക്കണമെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ജ്യൂസായി ഉപയോഗിക്കാം. സ്വല്പം നാരങ്ങാനീരും ആവശ്യത്തിനു പഞ്ചസാരയും ചേര്‍ത്താല്‍ മായമില്ലാത്ത മികച്ച സോഫ്ട് ഡ്രിങ്കായും ഉപയോഗിക്കാം. ഇതില്‍ ധാരാളം പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഔഷധഗുണങ്ങള്‍

വിറ്റാമിന്‍ ബി, ബി2, ബി3, ബി5, ബി6, ഫോളിക് ആസിഡ് , വിറ്റാമിൻ സി, കാത്‌സ്യം. അയണ്‍ , മഗ്‌നീഷ്യം, ഫോസ്‌ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് കക്കിരിക്ക.

രോഗങ്ങളും, പ്രതിരോധ മാര്‍ഗ്ഗങ്ങളും

മഴക്കാലത്ത് ഡൈൗണി മൈല്‍ഡ്യു എന്ന കുമിള്‍ രോഗം വരാറുണ്ട്. രോഗം തുടങ്ങുന്ന സമയത്ത് കണ്ടു പിടിച്ചാല്‍ കുമിള്‍ രോഗത്തിനുള്ള ഏതെങ്കിലും ജൈവ കീടനാശിനി തളിച്ചാല്‍ മതിയാകും. പതിനഞ്ചു ദിവസം കൂടുമ്പോള്‍ ട്രൈക്കോ ഡെര്‍മോ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിച്ചു കൊടുത്താല്‍ ഒരു പരിധി വരെ ഇതിന്റെ ആക്രമണത്തില്‍ നിന്നും പരിരക്ഷ നേടാം. കായീച്ചയില്‍ നിന്നും രക്ഷനേടാന്‍ പഴക്കെണികളും, ഫിറമോന്‍ കെണികളും ഉപകരിക്കും