Organic Keralam Facebook Page
English

സര്‍വ്വ സുഗന്ധി

കറുവ, ജാതി, ഗ്രാമ്പു എന്നിവയുടെ പരിമളവും ഗുണങ്ങളും രുചിയുമുള്ളതിനാലാണ് ഇതിന് സര്‍വ്വസുഗന്ധി എന്ന വിളിപ്പേര് വന്നത്. ബിരിയാണിയുടെ മണത്തിന് പിന്നില്‍ സര്‍വസുഗന്ധിയ്ക്ക് പങ്കുണ്ട്. പ്രധാനമായും ഭക്ഷണങ്ങളിലെ സുഗന്ധത്തിനായാണ് ഇത് ഉപയോഗിയ്ക്കുന്നത്.  ഓരോ രുചിയ്ക്കും ഓരോ തരം സുഗന്ധവ്യജ്ഞനങ്ങളാണ് സാധാരണ ചേര്‍ക്കേണ്ടത്. ടൂ ഇന്‍ വണ്‍, ത്രീ ഇന്‍ വണ്‍ എന്ന പേരിലാണ്. രണ്ടിന്റെയോ മൂന്നിന്റെയോ മണവും ഗുണവും ഒന്നില്‍ ഉണ്ടായിരിക്കും. ഇതാണ് സര്‍വസുഗന്ധിയുടെ പ്രത്യേകത.  ഇതുകൊണ്ടാണ് ഇംഗ്ലീഷില്‍ ഇതിന് ആള്‍ സ്‌പൈസഡ് എന്ന വിളിപ്പേര് വന്നത്. മലയാളത്തിലും ആള്‍ സ്‌പൈസ്ഡ് എന്നാണ് കൂടുതലായും അറിയപ്പെടുന്നത്. ജമൈക്കയാണ് ഉത്ഭവസ്ഥാനം. അതുകൊണ്ട് തന്നെ ഇതിനെ ജമൈക്കന്‍ കുരുമുളക് എന്നും അറിയപ്പെടുന്നുണ്ട്. ഇതില്‍ ആൺ ചെടിയും പെൺ ചെടിയും ഉണ്ട്. ആൺ ചെടിയില്‍ കായ്കള്‍ ഉണ്ടാവില്ല.

കൃഷിരീതി

നീര്‍വാഴ്ചയുള്ള ഏതു തരം മണ്ണിലും വളരും. കേരളം പോലെയുള്ള ട്രോപ്പിക്കൽ കാലാവസ്ഥയാണ് ഇതിന് നല്ലത്. വിത്ത് കിളിര്‍പ്പിച്ച തൈകളാണ് നടീല്‍ വസ്തു. നല്ല കായ്ഫലം തരുന്ന മരത്തില്‍ നിന്ന് വിളഞ്ഞു പഴുത്ത കായ്കള്‍ ശേഖരിച്ച് പുറമേയുള്ള മാംസളഭാഗം കഴുകി ഒരു ദിവസം ചെറുതായി വെയിലത്ത് വച്ച് ഉണക്കുന്നു. പ്ലാസ്റ്റിക് കവറുകളിലോ ചട്ടികളിലോ ഈ വിത്തുകള്‍ പാകുന്നു. ഉണ്ടാകുന്ന തൈകള്‍ക്കു നാലു മാസത്തേക്കാവശ്യമായ ജൈവവളം ഇതില്‍ നിറച്ചിരിക്കണം. മെയ് - ജൂണ്‍ മാസങ്ങളിലാരംഭിക്കുന്ന കാലവര്‍ഷാരംഭത്തില്‍ കൃഷി ആരംഭിയ്ക്കാം.

തൈകള്‍ നാലു മാസം വളര്‍ച്ചയെത്തുമ്പോള്‍ കൃഷി സ്ഥലങ്ങളിലേക്ക് പറിച്ച് നടാം. 0.75 cm x 0.75 cm x 0.75 cm വലിപ്പമുള്ള കുഴികള്‍ എടുത്ത് അതില്‍ ജൈവ വളം, ചാണകപ്പൊടിയോ, ആട്ടിന്‍ കാഷ്ഠമോ, കോഴികാഷ്ഠമോ ജൈവ വളമായി ഉപയോഗിക്കാം. എല്ല്‌പൊടി, വേപ്പിന്‍ പിണ്ണാക്ക്, മണ്ണിലെ അമ്ലത്തം കുറയ്ക്കാനായി അല്പം നീറ്റാത്ത കക്കാ ഇവ ചേര്‍ത്ത് കുഴി മൂടുക. ഇതില്‍ വേണം തൈ നടാന്‍. കുഴികള്‍ തമ്മില്‍ 6 മീറ്റര്‍ എങ്കിലും അകലം ഉണ്ടായിരിക്കണം. മഴയില്ലാത്തപ്പോള്‍ ജലസേചനം അത്യാവശ്യമാണ്. മറ്റ് ഏത് ചെടിയ്ക്കും എന്നപോലെ വേനല്‍ക്കാലത്ത് പുതയിടുന്നത് നല്ലതാണ്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും തടം വൃത്തിയാക്കി ജൈവവളം നല്‍കണം. ഏഴാം വര്‍ഷത്തില്‍ കായ്ഫലം ഉണ്ടാകാന്‍ തുടങ്ങുമെങ്കിലും നല്ലവണ്ണം കായ്ക്കണമെങ്കില്‍ പത്ത് വര്‍ഷമെങ്കിലും ആകണം. തൈകള്‍ നട്ടുവളര്‍ന്നു കഴിയുമ്പോള്‍ പത്തു ശതമാനം മരങ്ങളെങ്കിലും ആണ്‍മരങ്ങളാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ഒരു മരത്തില്‍ നിന്ന് 20 കിലോ വരെ കായ ലഭിയ്ക്കും എന്നാണ് അനുഭവസ്ഥരായ കൃഷിക്കാർ പറയുന്നത്. ഉണങ്ങിയ കായ കിലൊയ്ക്ക് 700 രൂപ വരെ കിട്ടിയിരുന്നു. ഉണങ്ങിയ ഇലയ്ക്ക് കിലൊയ്ക്ക് 150 രൂപവരെ കിട്ടിയേയ്ക്കും. ഇടവിളയായും ഇത് കൃഷി ചെയ്യാം. എന്നാൽ വെയിൽ കിട്ടിയാല്‍ കായ് ഫലം കൂടും.

സംസ്ക്കരണം

ഈ മരത്തില്‍ കുലകളായാണ് പൂക്കള്‍ ഉണ്ടാവുന്നത്. കായകള്‍ നന്നായി പഴുത്ത് കഴിഞ്ഞാല്‍ മണവും രുചിയും കുറയും ആയതിനാല്‍ പഴുക്കുന്നതിനു മുന്‍പ് കായകള്‍ പറിച്ചെടുക്കണം. ഒരു കുലയിലെ കായ്കള്‍ ഒരു പോലെ വിളയാറില്ല. പഴുക്കുമ്പോള്‍ കായ്കള്‍ക്ക് കറുപ്പ് നിറമാണ്. വിളഞ്ഞ കായകളുടെ നിറം പച്ചയാണ്. പച്ചനിറമുള്ള കായ്കള്‍ ശേഖരിച്ച് ഉണക്കണം. പത്ത് - പന്ത്രണ്ട് ദിവസം ഉണങ്ങുമ്പോള്‍ ഉണക്ക് പാകമാകും. അപ്പോള്‍ കായകളുടെ നിറം തവിട്ടു കലര്‍ന്ന കറുപ്പ് നിറമായിരിക്കും. ഇവയാണ് ഉപയോഗത്തിന് എടുക്കുക. ഈ കായ്കളെ പൊടിച്ചും ഉപയോഗിയ്ക്കും.

ഔഷധഗുണം

സര്‍വ്വസുഗന്ധി പൊടിയില്‍ ഇനിപ്പറയുന്നവ അടങ്ങിയിട്ടുണ്ട്. മാംസ്യം 6.0%, കൊഴുപ്പ് 6.6%, നാര് 21.6%, കാര്‍ബോ ഹൈഡ്രേറ്റുകള്‍ 52.8%, കാത്സ്യം 0.8%, ഭാവഹം 0.1%, സോഡിയം 0.08%, പൊട്ടാസ്യം 1.1%, ഇരുമ്പ് 7.5 / 100 g, ജീവകം സി 39.2 മി. ഗ്രാം., ജീവകം ബി 2 - 0.06 മി. ഗ്രാം, ജീവകം എ 1445 അന്തര്‍ദേശീയ ഏകകം ഭക്ഷണോര്‍ജ്ജം 100 ഗ്രാമില്‍ 380 കലോറിയുമുണ്ട്. ദഹന സഹായിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ തോതിലുള്ള വയറുവേദന മാറ്റാൻ ഇതിന് കഴിവുണ്ട്. സര്‍വ്വസുഗന്ധിയുടെ പ്രത്യേക ഗന്ധത്തിനു കാരണം അതിലടങ്ങിയിരിക്കുന്ന തൈലമാണ്. ഇല, കുരു എന്നിവയില്‍ നിന്നും തൈലം വേര്‍തിരിച്ചെടുക്കാറുണ്ട്.

ഉപയോഗങ്ങള്‍

കായ്‌പൊടിയും, ഇലകളും കറികള്‍ക്ക് സ്വാദും ഗുണവും കൂട്ടാന്‍ ഉപയോഗിക്കുന്നു.  ഇല ഇറച്ചി, മീന്‍ കറി, ബിരിയാണി എന്നിവയിലുപയോഗിച്ചാല്‍ അവയുടെ മണവും രുചിയും കൂട്ടുന്നു. ഇല ഉണക്കി പൊടിച്ച് സൂക്ഷിച്ച് വെച്ച് കറികളില്‍ ഉപയോഗിക്കാം. ഭക്ഷണപദാര്‍ത്ഥങ്ങളിലെ വിഷാംശം ഒരു പരിധി വരെ കുറയ്ക്കാനും ഇതിന് കഴിവുണ്ട്. സൂപ്പ്, സോസ്, അച്ചാര്‍ എന്നിവ ഉണ്ടാക്കാനും ഇറച്ചി സംസ്ക്കരണത്തിനും സർവസുഗന്ധിപൊടി  ഉപയോഗിക്കുന്നു. സോപ്പുണ്ടാക്കുന്നതിനുള്ള സുഗന്ധ ദ്രവ്യമായും ഈ പൊടി ഉപയോഗിയ്ക്കുന്നുണ്ട്. ഭക്ഷണ കാര്യങ്ങൾക്ക് അല്ലാതെയും ഇതിന് ഉപയോഗം ഉണ്ട്. ഇലയില്‍ നിന്നും സംസ്ക്കരിച്ചെടുക്കുന്ന ടാനില്‍ തോല്‍ ഉറയ്ക്കിടുന്നതിനുപയോഗിക്കുന്നു. സര്‍വ്വസുഗന്ധിയുടെ കാലുകള്‍ ഉപയോഗിച്ച് കുടക്കാലുകളും ഊന്നുവടികളും ഉണ്ടാക്കുന്നുണ്ട്.

സര്‍വ്വസുഗന്ധിയുടെ എല്ലാ ഭാഗങ്ങള്‍ക്കും ചെറുതും വലുതുമായ ഉപയോഗങ്ങളുണ്ട്. നിത്യഹരിത ചെറുമരമെന്ന നിലയില്‍ കഴിയുന്നത്ര സ്ഥലങ്ങളിലെല്ലാം വച്ചു പിടിപ്പിക്കേണ്ടതാണ്. ആദായത്തിനും ആനന്ദത്തിനും മനുഷ്യരുടെ ആരോഗ്യത്തിനും നല്ലതാണ്. പക്ഷേ കേരളത്തില്‍ സര്‍വ്വസുഗന്ധി കൃഷിയോടു ആള്‍ക്കാര്‍ക്ക് വളരെ താത്പര്യം കുറവാണ്. ഏതൊരു മലയാളിയും തന്റെ വീട്ടുവളപ്പില്‍ ഒരു തൈ എങ്കിലും വച്ച് പിടിപ്പിക്കേണ്ടതാണ്. കേരളത്തിലെ മലയോര പ്രദേശങ്ങളിലെ കാലാവസ്ഥ ഈ കൃഷിക്ക് യോജിച്ചതാണ്