Organic Keralam Facebook Page
English

ചീര കൃഷി

നമ്മുടെ ശരീരത്തിലേക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണല്ലോ ഇലക്കറികള്‍. പ്രത്യേകിച്ച് ഇലക്കറികള്‍ നമ്മുടെ കണ്ണിനാവശ്യമായ ഒരുപാട് വിറ്റാമിനുകള്‍ നല്‍കുന്നുണ്ട്. അതുപോലെ തന്നെ ദഹന സംബന്ധമായ ഒരുപാട് പ്രശ്‌നങ്ങള്‍ക്കും ഇലക്കറികള്‍ പരിഹാരം നല്‍കാറുണ്ട്.വിവിധയിനം ഇലകള്‍ നമ്മള്‍ ഭക്ഷിക്കാന്‍ ഉപയോഗിക്കുമെങ്കിലും അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചീര. വ്യത്യസ്തയിനം ചീരകള്‍ നമ്മള്‍ കൃഷി ചെയ്യാറുണ്ട്. ഇന്ന് നമുക്ക് ചീരകൃഷിയെ കുറിച്ച് സംസാരിക്കാം. കേരളത്തില്‍ ഏറ്റവും പ്രചാരമേറിയ ഇലകറി വിളയാണ് ചീര. ജൈവ കൃഷിയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ചീരകൃഷി. കാലാവസ്ഥയ്ക്കും മണ്ണും യോജിച്ച രോഗ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക എന്നതാണ് പ്രധാനം.

കൃഷിരീതി

കേരളത്തില്‍ ഏറ്റവും പ്രചാരമേറിയ ഇലകറി വിളയാണ് ചീര. ജൈവ കൃഷിയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ചീരകൃഷി. കാലാവസ്ഥയ്ക്കും മണ്ണും യോജിച്ച രോഗ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക എന്നതാണ് പ്രധാനം.

ചീര കൃഷി ചെയ്യാന്‍ അങ്ങനെ പ്രത്യേകിച്ച് കാലമൊന്നും ഇല്ല എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ചീര എല്ലാ കാലത്തും കൃഷി ചെയ്യാം. അരുണ്‍, മോഹിനി, കൃഷി ശ്രീ, രേണു ശ്രീ, C O 1, കണ്ണാറ നാടന്‍ ഇവയെല്ലാം കേരളത്തില്‍ സുലഭമായി കൃഷി ചെയ്യുന്ന ചീര ഇനങ്ങളാണ്.

ഈ പറഞ്ഞ ഇനങ്ങളില്‍ അത്യുത്പാദന ശേഷിയുള്ള ചുവന്നയിനം ചീരയാണ് അരുണ്‍. പച്ച നിറമുള്ള ഇലകള്‍ കാണപ്പെടുന്ന മോഹിനിയും നമ്മള്‍ സുലഭമായി കൃഷി ചെയ്യുന്നുണ്ട്. ബ്രൗണ്‍ കലര്‍ന്ന ചുവപ്പ് നിറമുള്ള കൃഷി ശ്രീ ഇനം ഇലപ്പുള്ളി രോഗം ചെറുക്കുന്ന ചീരയിനമാണ്. പച്ച ഇലകളും, ചുവന്ന തണ്ടു കാണപ്പെടുന്ന രേണു ശ്രീ ഇനം നമ്മുടെ കാലാവസ്ഥയ്ക്ക് നല്ല അനുയോജ്യമായ ഇനമാണ്. നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരേ ഒരു ഇനം കണ്ണാറ നാടന്‍ ആണ്. ചുവപ്പു നിറമുള്ള ഇലകള്‍ തരുന്ന ഈ ഇനം നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ പൂവിടുന്നതിനാല്‍ നടീല്‍ സമയം അതിനനുസരിച്ച് നമ്മള്‍ ക്രമീകരിക്കേണ്ടി വരും. പച്ച നിറത്തിലുള്ള ഇലകള്‍ തരുന്ന ഇനമാണ്  സി.ഒ. 1.

വിളവെടുപ്പ്

വിത്ത് പാകുന്നതിന് മുന്‍പ് നഴ്‌സറി തടങ്ങള്‍ അല്ലെങ്കില്‍ നമ്മുടെ അടുക്കള തോട്ടം സൂര്യപ്രകാശം നല്ല രീതിയില്‍ കൊള്ളിക്കുകയാണെങ്കില്‍ മണ്ണില്‍ നിന്നുണ്ടാകുന്ന പല രോഗങ്ങളും നമുക്ക് തടയാന്‍ കഴിയും. വിത്തിനെ കീടങ്ങളില്‍ നിന്നും ഒഴിവാക്കി നല്ല പരിചരണത്തിലൂടെ മുളപ്പിച്ചെടുക്കാന്‍ ഒരു ഗ്രാം സ്യൂഡോമോണസ് പൊടി വിത്തുമായി കലര്‍ത്തുന്നത് നന്നായിരിക്കും.

കൃഷി സ്ഥലം കിളച്ചു നിരപ്പാക്കിയ ശേഷം 30 - 35 സെന്റീ മീറ്റര്‍ വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കുക. ഒരു സെന്റിന് 100 കിലോഗ്രാം എന്ന കണക്കില്‍ ട്രൈക്കോഡര്‍മ്മ സമ്പുഷ്ട ചാണകം ചാലുകളില്‍ അടിവളമായി മണ്ണുമായി ഇളക്കി ചേര്‍ക്കുക. ഈ ചാലുകളില്‍ 20 മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ വേരുകള്‍ ഇരുപതു മിനിറ്റ് മുക്കിയതിനു ശേഷം ഏകദേശം ഇരുപതു സെന്റീ മീറ്റര്‍ അകലത്തില്‍ നടുക. മഴക്കാലമാണെങ്കില്‍ ചാലുകള്‍ക്ക് പകരം തടങ്ങള്‍ എടുത്ത് നടുന്നതാണ് ഉത്തമം. ഒരു സെന്റില്‍ ഏകദേശം 657-ഓളം ചെടികള്‍ നമുക്ക് നടാന്‍ കഴിയും. 8 - 10 ദിവസത്തെ ഇടവേളകളില്‍ ജീവാമൃതം, ബയോഗ്യാസ് സ്ലറി, ഗോമൂത്രം, വെര്‍മിവാഷ്, കടലപ്പിണ്ണാക്ക് ഇവ നേര്‍പ്പിച്ചോ അല്ലെങ്കില്‍ 4 കിലോ വെര്‍മി കംമ്പോസ്‌റ്റോ, കോഴി വളമോ ജൈവ വളമായി നല്‍കാവുന്നതാണ്. ഓരോ വിളവെടുപ്പ് കഴിയുമ്പോഴും നേര്‍പ്പിച്ച വെര്‍മി വാഷ് ളിച്ചു കൊടുക്കേണ്ടതാണ്.

ഈര്‍പ്പാംശം ഇല്ലാത്ത മണ്ണാണെങ്കില്‍ ആവശ്യത്തിന് നനച്ചു കൊടുക്കണം. ഇലകള്‍ ഉപയോഗിച്ച് പുതയിട്ടു കൊടുക്കുന്നതും നല്ലതാണ്. വേനല്‍ കാലമാണെങ്കില്‍ രണ്ടു ദിവസം ഇടവിട്ടെങ്കിലും നനക്കണം. മഴക്കാലമാണെങ്കില്‍ ആവശ്യത്തിന് മണ്ണ് കൂട്ടിക്കൊടുക്കണം.

രോഗ നിയന്ത്രണം

കീടങ്ങള്‍, വിവിധയിനം ശലഭങ്ങളുടെ പുഴുക്കള്‍ എന്നിവ ചീരയെ ആക്രമിക്കുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. ഇതില്‍ കൂടുകെട്ടി പുഴുക്കള്‍ എന്ന വിഭാഗം ഇലകള്‍ കൂട്ടിയോജിപ്പിച്ച് കൂടു കെട്ടുകയും അതിനു മുകളില്‍ ഇരുന്ന് തിന്നു നശിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരു വിഭാഗമായ ഇലതീനി പുഴുക്കള്‍ ചീരയുടെ ഇല മുഴുവന്‍ തിന്നു നശിപ്പിക്കുന്നു.

പുഴുക്കളോടു കൂടി ഇലകള്‍ പറിച്ചെടുക്കുക എന്നതു മാത്രമാണ് നമുക്ക് ആദ്യപടി ചെയ്യാനുള്ള നിയന്ത്രണ മാര്‍ഗ്ഗം. ആക്രമണം കണ്ടു തുടങ്ങുന്ന അവസരത്തില്‍ തന്നെ വേപ്പിന്‍ കുരു സത്ത് 5 % തളിക്കണം. ജീവാണു കീടനാശിനിയായ ഡൈപ്പല്‍ അഥവാ ഹാള്‍ട്ട് (0.7 മില്ലി) ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കുകയോ, പെരുവലത്തിന്റെ ഇലച്ചാര്‍ സോപ്പു വെള്ളവുമായി ചേര്‍ത്ത് തളിക്കുകയോ ചെയ്യാം. ചീരകളുടെ ഇലകളില്‍ അടിവശത്തും മുകള്‍ പരപ്പിലും ഒരുപോലെ പുള്ളികള്‍ കാണപ്പെടുന്ന രോഗമാണ് ഇലപ്പുള്ളി രോഗം. ചുവന്ന ചീരയിലാണ് രോഗം കൂടുതലായി കാണപ്പെടാറ്. സംയോജിത നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് രോഗം നിയന്ത്രിക്കേണ്ടതാണ്. ഇലപ്പുള്ളി രോഗത്തിനെതിരെ പ്രതിരോധ ശക്തിയുള്ള C O 1 കൃഷി ചെയ്യുക. ചുവന്ന ചീര മാത്രം കൃഷി ചെയ്യാതെ പച്ച ചീരയായ C O 1 മായി ഇടകലര്‍ത്തി കൃഷി ചെയ്യുക. വിത്ത് സ്യൂഡോമോണസ് ഉപയോഗിച്ച് വിത്തു പരിചരണം നടത്തി നടുക. ട്രൈക്കോഡര്‍മ - വേപ്പിന്‍ പിണ്ണാക്ക്, ഘനജീവാമൃതം എന്നിവ മണ്ണില്‍ ചേര്‍ത്തു കൊടുക്കുക. ചീര നനക്കുമ്പോള്‍ വെള്ളം മുകളില്‍ ഒഴിക്കാതെ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.