Organic Keralam Facebook Page
English

കിരിയാത്ത്‌

ആയുര്‍വേദ മരുന്നുല്‌പാദനത്തില്‍ കിരിയാത്തിന്‌ വളരെ പ്രധാനപ്പെട്ട പങ്കുണ്ട്‌. മരുന്നു ചെടിയായും ഒരു ജൈവ കീടനാശിനിയായും കിരിയാത്തിനുപയോഗമുണ്ട്‌. `അക്കാന്തേസിയ' സസ്യ കുടുംബത്തില്‍പ്പെട്ട കിരിയാത്തിന്റെ ശാസ്‌ത്രനാമം `ആന്‍ഡ്രോഗ്രാഫിസ്‌ പാനിക്കുലേറ്റ" എന്നാണ്‌. ഏകദേശം ഒന്നര മീറ്റര്‍ ഉയരത്തില്‍ വളരുന്നു. 

കൃഷി രീതി

ഏതു കാലാവസ്ഥയിലും വളരുമെങ്കിലും ഏറ്റവും കൂടുതല്‍ വിളവ്‌ കിട്ടുന്നത്‌ മഴക്കാലാരംഭമായ ജൂണ്‍ - ജൂലൈ മാസങ്ങളില്‍ കൃഷിയിറക്കിയാലാണ്‌. തണ്ട്‌ വേര്‌ പിടിപ്പിച്ച്‌ ചെടികള്‍ ഉണ്ടാക്കാമെങ്കിലും വിത്ത്‌ പാകി കൃഷി ചെയ്‌താലാണ്‌ വിളവ്‌ കൂടുതല്‍ ലഭിക്കുന്നത്‌. വിത്തുകള്‍ നേരിട്ടു വിതച്ചോ താവരണയില്‍ പാകി മുളപ്പിച്ചു തൈകള്‍ പറിച്ചു നട്ടോ കൃഷിയിറക്കാം. 

വീതിയിലും 15 സെന്റീമീറ്റര്‍ പൊക്കത്തിലും സൗകര്യമായ നീളത്തില്‍ താവരണ എടുക്കുക. താവരണ കിളച്ച്‌ വൃത്തിയാക്കി ചാണകപ്പൊടിയോ ജൈവ വളമോ ചേര്‍ത്ത്‌ മണ്ണുമായി നല്ലതു പോലെ ഇളക്കുക. വിത്തുകള്‍ 5 സെന്റീമീറ്റര്‍ അകലത്തില്‍ വരിവരിയായി പാകുക. ദിവസവും ജലസേചനം നടത്തണം. 8-10 ദിവസത്തിനുളളില്‍ വിത്തുകള്‍ മുളയ്‌ക്കും. 25-30 ദിവസത്തിനകം തൈകള്‍ പറിച്ചു നടാം. ക്യഷിയിറക്കുന്നതിനുളള സ്ഥലം നല്ലതു പോലെ ഉഴുതു മറിച്ച്‌ കട്ടയുടച്ച്‌ പുല്ലുകളും കല്ലുകളും നീക്കം ചെയ്‌ത്‌ വ്യത്തിയാക്കണം. 50 സെന്റീമീറ്റര്‍ വീതിയില്‍ 25 സെന്റീമീറ്റര്‍ പൊക്കത്തില്‍ സൗകര്യപ്രദമായ നീളത്തിലും വാരങ്ങള്‍ എടുത്ത്‌ ആവശ്യത്തിന്‌ ചാണകപ്പൊടിയോ ജൈവ വളങ്ങളോ ചേര്‍ത്ത്‌ ഇളക്കണം. ഇതിലേക്ക്‌ 15 സെന്റീമീറ്റര്‍ അകലം കൊടുത്ത്‌ തൈകള്‍ നടണം. മൂന്നു നാല്‌ ദിവസം തണല്‍ നല്‍കി ആവശ്യത്തിന്‌ ജലസേചനവും കൊടുക്കണം. കിരിയാത്ത്‌ ചെറിയ സസ്യമായതിനാല്‍ 20-25 ദിവസം കൂടുമ്പോള്‍ കള പറിക്കണം. വിളവെടുപ്പിന്‌ മുന്‍പായി മൂന്നു പ്രാവശ്യമെങ്കിലും വളം നല്‍കണം. 100-120 ദിവസത്തിനകം ചെടികള്‍ പുഷ്‌പിക്കാനാരംഭിക്കും. ഈ സമയത്താണ്‌ വിളവെടുപ്പ്‌. മണ്ണില്‍ നിന്നു 10-15 സെന്റീമീറ്റര്‍ ഉയരത്തില്‍ കുറ്റി ബാക്കി നിര്‍ത്തി ചെടികള്‍ മുറിച്ചെടുക്കുന്നു. ഇത്‌ പിന്നെയും കിളിര്‍ത്തു വരും. 90 ദിവസത്തിനകം വീണ്ടും വിളവ്‌ എടുക്കാം. അരിഞ്ഞെടുത്ത ചെടികള്‍ കൊത്തി നുറുക്കി മൂന്നു നാല്‌ ദിവസം തണലില്‍ ഉണക്കിയ ശേഷം വിപണനം നടത്താം.

ഉപയോഗങ്ങളും, ഔഷധഗുണങ്ങളും

കിരിയാത്ത്‌, കുരുമുളക്‌, മല്ലി, മൈലാഞ്ചി വേര്‌ സമം ചേര്‍ത്ത്‌ കഷായം വെച്ച്‌ കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറും. പനി, മലമ്പനി, കരള്‍ രോഗങ്ങള്‍, വിളര്‍ച്ച, പിത്ത ദോഷങ്ങള്‍ എന്നിവയ്‌ക്ക്‌ കിരിയാത്ത്‌ ഔഷധമായി ഉപയോഗിക്കുന്നു. രക്ത ശുദ്ധിയ്‌ക്കും, മലശോധനയ്‌ക്കും കിരിയാത്ത്‌ നല്ലതാണ്‌. മുലപ്പാല്‍ ശുദ്ധീകരിക്കുന്നതിനും മുറിവുണക്കുന്നതിനും കിരിയാത്തിന്‌ ശക്തിയുണ്ട്‌. കിരിയാത്ത്‌, ചിറ്റരത്ത, ചെറുതേക്ക്‌, ചുക്ക്‌ ഇവ കഷായം വച്ച്‌ 20 മി. ലി. എടുത്ത്‌ ആവണക്കെണ്ണ ചേര്‍ത്ത്‌ ദിവസേന രണ്ടു പ്രാവശ്യം കഴിച്ചാല്‍ ആമവാതത്തിനു ശമനമുണ്ടാകും. കിരാതപാഠാദി കഷായം, കിരാതാദി കഷായം ഇവ കിരിയാത്ത്‌ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന ഔഷധങ്ങളാണ്‌.