Organic Keralam Facebook Page
English

കുടംപുളി

കേരളീയര്‍ ഭക്ഷണം വിഭവസമൃദ്ധമാക്കുവാനും, പോഷകസമ്പുഷ്ടമാക്കാനും, രുചികരമാക്കാനും കുടംപുളി ഉപയോഗിച്ചു വരുന്നു. കറികള്‍ക്ക് രസം പകര്‍ന്ന് നല്‍കി വരുന്നു. കുടംപുളി നിത്യഹരിതവൃക്ഷമായും സുഗന്ധ വ്യഞ്ജനവുമാണ്. മറ്റു പുളിയിനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പഴുത്ത പുളിയുടെ ഉണങ്ങിയതോടാണ് കറിയ്ക്കായി  ഉപയോഗിക്കുന്നത്. ആയതു കൊണ്ട് തോടുപുളി, പിണറപുളി, പിണറ്റുപുളി എന്നീ പേരു കളിലും അറിയപ്പെടുന്നു.

കൃഷിരീതി

വെള്ളം കയറി ഇറങ്ങുന്ന ആറ്റു തീരങ്ങളിലും, സമതലങ്ങളിലും നന്നായി വളരും. സമതലങ്ങളിലും, കുന്നിന്‍ ചെരുവുകളിലും കൃഷി ചെയ്യാം. കേരളത്തിലെ കാലവസ്ഥയിലും പരിതസ്ഥിതിയിലും കുടംപുളി വളരും. വിത്ത് മുളപ്പിച്ച തൈകള്‍ കൃഷി ചെയ്യാമെങ്കിലും അവയില്‍ കൂടുതല്‍ ആണ്‍ മരങ്ങളാകാനുള്ള സാദ്ധ്യതകള്‍ ഉണ്ട്. കൃഷിക്കാര്‍ കുടംപുളി കൃഷി ചെയ്തിരുന്നപ്പോള്‍ വളര്‍ന്ന് കഴിഞ്ഞ് ആണ്‍ മരങ്ങള്‍ വെട്ടിക്കളയേണ്ടി വരുന്ന ഒരു പ്രവണതയുണ്ടായിരുന്നു. അങ്ങനെ കര്‍ഷകര്‍ക്ക് ധാരാളം നഷ്ടമുണ്ടായി വന്നിരുന്നു. വളരെയധികം ഫലം തരുന്ന മരത്തില്‍ നിന്ന് ഒട്ടുതൈകള്‍ ഉല്പാദിപ്പിച്ച് ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കി. തനി വിളയായും തെങ്ങിന്‍ തോപ്പുകളിലും, കവുങ്ങിന്‍ തോപ്പുകളിലും ഇടവിളയായും കൃഷി ചെയ്യാം. 75 cm x 75 cm x 75 cm ആഴത്തിലുള്ള കുഴികള്‍ എടുത്ത് അതില്‍ ജൈവവളം നിറച്ച് അതില്‍ വേണം നടാന്‍. വരികള്‍ തമ്മിലുള്ള മൂന്നരമീറ്റര്‍ എങ്കിലും ഉണ്ടായിരിക്കണം.

സംസ്ക്കരണം

വിത്ത് തൈകള്‍ നട്ടാല്‍ സാധാരണയായി പത്ത് വര്‍ഷമെങ്കിലും എടുക്കും കായ്ക്കാന്‍. ഒട്ടു തൈകള്‍ നല്ലവണ്ണം പരിപാലിക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷമാകുമ്പോള്‍ കായ്ച്ചു തുടങ്ങും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് പുഷ്പിക്കുന്നത്. നല്ലവണ്ണം വിളഞ്ഞു കഴിയുമ്പോള്‍ പറിച്ചെടുക്കുകയോ താഴെ വീഴുമ്പോള്‍ പെറുക്കി എടുക്കുകയോ ആണ് ചെയ്യാറ്. കായ്കള്‍ കഴുകി മണ്ണിന്റേയും അഴുക്കിന്റേയും അംശങ്ങള്‍ മാറ്റി പിളര്‍ന്ന് അതിനകത്ത് കുരുനീക്കം ചെയ്ത് മാംസളഭാഗം വെയിലത്ത് വച്ച് ഉണക്കുന്നു. പുളിയുടെ വിളവെടുപ്പ് സമയത്ത് കേരളത്തില്‍ മഴയുടെ സമയമാണ്. അതുകൊണ്ട് സാധാരണ കൃഷിക്കാര്‍ പുക കൊള്ളിച്ചാണ് പുളി ഉണക്കാറ്. ഇതില്‍ കരിയുടെയും ഈര്‍പ്പത്തിന്റേയും അംശം കൂടുതലായിരിക്കും. കുടംപുളി കൂടുതലുള്ളവര്‍ക്ക് ഡ്രയറുപയോഗിച്ച് ഉണക്കാം. കുറച്ച് പുളി സ്വന്തം ആവശ്യത്തിനുള്ളത് ഓവനുപയോഗിച്ചു ഉണക്കാം. ഇങ്ങനെ ഉണങ്ങുന്ന ശുദ്ധവും വളരെ നാളുകള്‍ കേട് കൂടാതെ ഇരിക്കുകയും ചെയ്യും. കുടംപുളി വളരെ നാളുകള്‍ കേട് കൂടാതിരിക്കുവാന്‍ ഒരു കിലോയ്ക്ക് 150 ഗ്രാം ഉപ്പും 50 മി. ഗ്രാം വെളിച്ചെണ്ണയും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി സൂക്ഷിച്ചു വയ്ക്കുന്നു. ഇങ്ങനെ വയ്ക്കുന്ന പുളിയ്ക്ക് മൃദുത്വം കൂടുതലാണ്. ഭരണികളിലോ ഗ്ലാസ്സ് പാത്രങ്ങളിലോ ആണ് സൂക്ഷിക്കേണ്ടത്. പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

ഔഷധഗുണം

പഴുത്തുണങ്ങിയ തോടില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഹൈഡ്രോക്‌സി സിട്രിക് അമഌ ഉപയോഗിച്ച് ക്യാന്‍സര്‍, ദുര്‍മേദസ്സ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നു. പല ആയുര്‍വേദമരുന്നുകളിലേയും ഒരു പ്രധാന ഘടകമാണ് സംസ്ക്കരിച്ചെടുത്ത കുടംപുളി. അന്നജം, മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പുളിരസം വേര്‍തിരിച്ചെടുത്ത് സിട്രിന്‍, സിട്രിവാക്‌സ്, ഗാര്‍സിനിയസ്‌പ്രേ, ഗാര്‍സിനിയ പഫ് എന്നീ പേരുകളില്‍ വിപണികളിലുണ്ട്. സത്ത് പല അലോപ്പതി മരുന്നുകളിലുമുണ്ട്. കുടംപുളി കഷായ നിര്‍മ്മാണത്തിനുപയോഗിക്കുന്നു. പ്രമേഹ രോഗത്തിന് നല്ലൊരുപാധിയാണ്. കൃമി രോഗങ്ങളെ പ്രതിരോധിക്കാനുള്ള സിറപ്പ് നിര്‍മ്മാണത്തിനുപയോഗിക്കുന്നു. കുടംപുളി പഴവും, കുരുവും, തളിരും, തൊലിയും, വേരും ഔഷധ നിര്‍മ്മാണത്തിനുപയോഗിക്കുന്നു. തൊലിയില്‍ നിന്ന് സാന്തോണുകളും, ബെന്‍സോ ഫീനോണുകളും വേര്‍തിരിച്ചെടുത്തിട്ടുണ്ട്. വേരില്‍ നിന്ന് ഗാര്‍ബോജീയോള്‍ എന്ന സാന്തോണും വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇത് ബാക്ടീരിയായ്ക്ക് എതിരേ പ്രവര്‍ത്തിക്കുന്നു.

ഉപയോഗങ്ങള്‍

മലയാളികളുടെ മീന്‍ കറികളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് കുടംപുളി. കുടംപുളിയുടെ കുരുവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഭക്ഷ്യ എണ്ണയാണ് കോകം വെണ്ണ. ഇതില്‍ നിരവധി ഔഷധഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാവപ്പെട്ടവര്‍ നെയ്ക്ക് പകരമായി ഉപയോഗിക്കുന്നുണ്ട്. മധുര പലഹാരങ്ങളും ചോക്ലേറ്റുകളും ഉല്പാദിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമ്ലീകരിക്കുവാന്‍ കുടംപുളി പഴം ഉപയോഗിക്കുന്നു. ശീതളപാനീയങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായചുവന്നസിറപ്പുകളില്‍കുടംപുളിപഴത്തില്‍നിന്നുംവേര്‍തിരിച്ചെടുക്കുന്ന മാലിക് അമ്ലവും, ടാര്‍ടാറിക് അമ്ലവും, സിട്രിക് അമ്ലവും ഉപയോഗിക്കുന്നുണ്ട്.

കേരളത്തില്‍ വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ് കുടംപുളി. ഇതില്‍ നിന്ന് കൂടുതല്‍ ഗുണമേറിയഉല്പന്നങ്ങള്‍നിര്‍മ്മിയ്ക്കാനാവശ്യമായസാങ്കേതികതകണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇതിനു കേരളത്തിലെ അഗ്രികള്‍ച്ചറല്‍ സര്‍വ്വകലാശാലകള്‍ മുന്നോട്ടു ഇറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.