Organic Keralam Facebook Page
English

മഞ്ഞള്‍

ഭക്ഷണത്തിനും ഔഷധത്തിനുമായി വ്യാപകമായി ഉപയോഗിയ്ക്കുന്ന ഉല്പന്നമാണ് മഞ്ഞള്‍. ഇംഗ്‌ളീഷില്‍ ടര്‍മറിക്ക്‌ (Turmeric) എന്നാണ് പേര്. കുർകുമ ലോംഗ (Curcuma longa) എന്നാണ് ശാസ്ത്ര നാമം.

മറ്റ് ഭാഷകളിലെ പേരുകൾ

സംസ്കൃതം: ഹരിദ്ര

ഇംഗ്ലീഷ് : ടർമറിക്

തമിഴ്: മഞ്ചൾ (മഞ്ഞൾ )

മലയാളം: മഞ്ഞൾ

ഒറിയ : ഹാൽഡി

കന്നഡ : അരിസിന

ഗുജറാത്തി : ഹൽദാർ

പഞ്ചാബി : ഹാൽഡ്

ഹിന്ദി : ഹൽദി

ഉർദു: ബല്‌ദി

അറബി: കുർകും

സ്പാനിഷ്‌: കർചുമ curcuma

ഫ്രഞ്ച്: സഫ്രാൻ ദെ ഇന്ടെസ് (Safran Des Indes)

ജർമൻ: കുര്കുമാ (Kurkuma)

ഡച്ച്: കുര്കുമ (Curcuma)

കൃഷി രീതി

കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും മഞ്ഞള്‍കൃഷി ചെയ്യാമെങ്കിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളും ചെളി നിറഞ്ഞ സ്ഥലങ്ങളും ഒഴിവാക്കുന്നതാണ് കൃഷിയുടെ വിജയത്തിന് നല്ലത്.

മഴക്കാലത്തിനു മുന്‍പായി മെയ് മാസത്തിലെങ്കിലും കൃഷി ചെയ്യുവാനുദ്ദേശിക്കുന്ന സ്ഥലം നല്ലവണ്ണം ആഴത്തില്‍ കിളച്ച് ഒരുക്കി എടുക്കുക. കല്ലുകളും, പുല്ലുകളും മാറ്റി കട്ട ഉടച്ച് സ്ഥലം നിരപ്പാക്കി എടുക്കുക. നിരപ്പാക്കിയ സ്ഥലങ്ങളില്‍ തടം കോരി എടുക്കുക. ഈ തടങ്ങളിലേക്ക് നല്ലവണ്ണം ജൈവവളം ചേര്‍ക്കുക. തടങ്ങള്‍  തമ്മില്‍ ഒന്നരമീറ്റര്‍ എങ്കിലും ഗ്യാപ്പ് ഉണ്ടായിരിക്കണം. മഞ്ഞള്‍ വളര്‍ന്ന് കഴിഞ്ഞാല്‍ പരിപാലന സൗകര്യത്തിന് വേണ്ടിയാണിതു ചെയ്യുന്നത്.

നടാന്‍ ഉദ്ദേശിക്കുന്ന മഞ്ഞള്‍ വിത്തുകള്‍ക്കു കേടോ, ചീയലോ ഉണ്ടാകാന്‍ പാടില്ല. വിത്ത് നട്ട് കഴിഞ്ഞാലുടനെ പച്ചില കൊണ്ട് പുതയിടണം. ജലസേചനം അത്യാവശ്യമാണ്. മഞ്ഞള്‍ കിളിര്‍ത്തതിനു ശേഷം വിളവെടുപ്പിനു മുന്‍പായി രണ്ടു പ്രാവശ്യമെങ്കിലും ഇടവളമായി ജൈവവളപ്രയോഗം നടത്തേണ്ടതാണ്. കീടബാധ സാധാരണ കൃഷിയെ  ബാധിക്കാറില്ല.  ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ പുഴ ഇവയുടെ ആക്രമണം ഉണ്ടാകാറുണ്ട്. ഇവ  ഉണ്ടായാല്‍ ജൈവ കീടനാശിനി ഉപയോഗിച്ച് നിയന്ത്രിക്കാം.  മഞ്ഞള്‍ നട്ടതിനു ശേഷം ഏഴ്, എട്ട് മാസത്തിനകം വിളവെടുപ്പിനു പാകമാകും. ഈ സമയം ഇലയും തണ്ടും കരിഞ്ഞ് ഉണങ്ങും.

വ്യവസായികമായി മഞ്ഞള്‍ കൃഷി ചെയ്യുകയാണെങ്കില്‍ സംസ്ക്കരണത്തിനു സ്റ്റീം ബോയിലർ വേണ്ടി വരും. മഞ്ഞള്‍ പറിച്ച് മണ്ണും, വേരും, തൊലിയും കളഞ്ഞ് ആവിയില്‍ പുഴുങ്ങി ഏഴ്, എട്ട് ദിവസം നല്ല വെയിലത്ത് ഇട്ട് ഉണങ്ങി സൂക്ഷിക്കാം.  മഞ്ഞള്‍ പൊടിയായി വില്‍ക്കുന്നതാണ് കൂടുതല്‍ ലാഭം.  തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി വര്‍ത്താം. ഏതൊരു മലയാളിയും പത്ത് ചുവട്  മഞ്ഞള്‍ ഒരു പ്രയാസവുമില്ലാതെ വളര്‍ത്താം. ഫ്ലാറ്റിലെ താമസക്കാര്‍ക്ക് പ്ലാസ്റ്റിക് ചാക്കിലോ,  ഗ്രോബാഗിലോ രണ്ടു മൂന്ന് ചുവട് പച്ചമഞ്ഞള്‍ വളര്‍ത്താവുന്നതാണ്.

മഞ്ഞളിന് നിറം നല്‍കുന്നത് അതിലുള്ള കൂര്‍ക്കുമിന്‍ (Kurkumin, Kurkuma, Curcumin) എന്ന ഘടകമാണ്. നല്ല നിറമുള്ള മഞ്ഞളില്‍ കൂര്‍ക്കുമിന്റെ ശതമാനം കൂടുതലായിരിക്കും. രാസവളങ്ങളും, കീടനാശിനിയും ഉപയോഗിച്ച് കൃഷി   ചെയ്യുന്ന മഞ്ഞളില്‍ കൂര്‍ക്കുമിന്റെ ശതമാനം കുറവായിരിക്കും. ജൈവവളവും, ജൈവ കീടനാശിനിയും  ഉപയോഗിച്ച് കൃഷി ചെയ്യുന്ന മഞ്ഞളില്‍ കൂര്‍ക്കുമിന്റെ അളവ് കൂടുതലായിരിക്കും. അതുകൊണ്ട് മഞ്ഞള്‍  കൃഷിയ്ക്ക് ജൈവവളമാണ് അഭികാമ്യം.

   മഞ്ഞളില്‍ നിന്ന് സംസ്ക്കരിച്ചെടുക്കുന്ന കൂര്‍ക്കുമിനുപയോഗിച്ചാണ്\  സുഗന്ധതൈലം വാറ്റി എടുക്കുന്നത്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിനുകളും മഞ്ഞളില്‍  അടങ്ങിയിട്ടുണ്ട്. കൂടാതെ സിഞ്ചിബെറിന്‍ എന്ന എണ്ണയുമടങ്ങിയിട്ടുണ്ട്.

ഉപ യോഗം, ഔഷധ ഗുണങ്ങള്‍

മഞ്ഞളിന്റെ ഇലയും കിഴങ്ങുമാണ് പ്രധാനമായും ഉപയോഗിയ്ക്കുന്നത്. മഞ്ഞളിന് വളരെയേറെ ഔഷധഗുണമുണ്ട്. ബ്രോങ്കിയന്‍ ആസ്തമയുള്ളവര്‍ മഞ്ഞള്‍പ്പൊടി പാലിലിട്ടു  കഴിച്ചാല്‍ അസുഖത്തിനു ശമനമുണ്ടാകും. പ്രമേഹത്തിനു മഞ്ഞള്‍പ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ  തേനില്‍ ചാലിച്ച് കഴിച്ചാല്‍ രോഗം കുറയും.  മഞ്ഞളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന  ആന്‍ക്കലോയിഡുകള്‍ ധാരാളം അസംസ്കൃതമായി അലോപ്പതി മരുന്നുകളില്‍ ഉപയോഗിച്ച് വരുന്നു. പല  സൗന്ദര്യ വര്‍ദ്ധകമരുന്നുകളിലേയും അടിസ്ഥാനം മഞ്ഞളാണ്.

മഞ്ഞള്‍ കലര്‍ത്തിയ വെള്ളത്തില്‍  കുളിയ്ക്കുന്നത് മനുഷ്യരില്‍ ഉണ്ടാകുന്ന ത്വക്ക് രോഗങ്ങൾ വരാതിരിയ്ക്കാൻ സഹായിയ്ക്കും.  പച്ച മഞ്ഞളും, തുളസി ഇലയും സമം അരച്ച് ചേര്‍ക്കുന്നത് എട്ടുകാലി കടിച്ചതിന് നല്ല ഒരു ഔഷധമാണ്.  ത്വക്ക് രോഗത്തിനു മഞ്ഞളിനേക്കാള്‍ ഉത്തമമായ മരുന്ന് വേറെ ഒന്നില്ല. മുഖക്കുരുവിനു പച്ചമഞ്ഞളും,  വേപ്പിലയുമരച്ചു പുരട്ടുന്നത് വളരെ ഫലപ്രദമാണ്. കറിവയ്ക്കാന്‍ മഞ്ഞള്‍പ്പൊടി ഉപയോഗിക്കുന്നു. ആഹാര സാധനങ്ങളിലെ വിഷാംശം മാറ്റാനും മഞ്ഞള്‍ പൊടി സാധാരണയായി ഉപയോഗിക്കാറുണ്ട്.

തേനിലോ, പാലിലോ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ അര്‍ബുദരോഗത്തിനു ശമനവും അര്‍ബുദം ഒരുപരിധി വരെ വരാതിരിക്കാൻ സഹായിയ്ക്കുമത്രെ.   ഉണങ്ങിയ മഞ്ഞളിനേക്കാൾ ഔഷധമായും, സൗന്ദര്യ വര്‍ദ്ധനയ്ക്കും ഉപയോഗിയ്ക്കാൻ പച്ച മഞ്ഞളാണ്  നല്ലത്.