Organic Keralam Facebook Page
English

രാമച്ചം

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെയ്യാവുന്ന കൃഷിയാണ് രാമച്ചം. . പുൽ വര്‍ഗ്ഗത്തില്‍പെട്ടതാണിത്. ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായി കാണുന്നത്. ആഫ്രീക്കയിലേയും പസഫിക്ക് സമുദ്രത്തിലെ ചില ദ്വീപുകളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. 

തട്ടു തട്ടായി കിടക്കുന്ന ഭൂമിയിലും ചരിവുള്ള ഭൂമിയിലും രാമച്ചം നട്ടാല്‍ മണ്ണൊലിപ്പ് തടയാം . ഒപ്പം ഈ കൃഷിയില്‍ വരുമാനം നേടുകയും ചെയ്യാം.   രാമച്ചത്തിന്റെ നാര് പോലെ ഇടതൂര്‍ന്ന വേരുകളാണ് മണ്ണൊലിപ്പ് തടയുന്നതിന് സഹായിയ്ക്കുന്നത്.

കൃഷിരീതി

കേരളത്തിലെ ഓടക്കാലി സുഗന്ധതൈല ഗവേഷണ കേന്ദ്രത്തില്‍ 28 തരം രാമച്ചത്തിന്റെ ജനിതക ശേഖരമുണ്ട്. ഇതില്‍ ഏറ്റവും മേന്മയേറിയതാണ് ഓ.ഡി.വി.ത്രീ. (ODV 3) എന്ന ഇനം. ലക്‌നൗ ഔഷധസസ്യതൈല സ്ഥാപനം വികസിപ്പിച്ചെടുത്തവയാണ് സുഗന്ധ ധാരിണി ഗുലാബി, കേസരി, സിംവൃദ്ധി എന്നിവ. ഡല്‍ഹിയിലെ ദേശീയ സ്ഥാപനമായ എന്‍.ബി.പി.ജി.ആര്‍. (National Bureau of Plant Genetic Resources) വികസിപ്പിച്ചെടുത്തതാണ് പുസാ ഹൈബ്രീഡ് - 8 എന്ന ഇനം.

രാമച്ചത്തിന് രണ്ടിനങ്ങളാണുള്ളത്. തെക്കേ ഇന്ത്യനും, വടക്കേ ഇന്ത്യനും. കൂടുതല്‍ വേരുകള്‍ തെക്കേ ഇന്ത്യന്‍ ആണെങ്കിലും വടക്കേ ഇന്ത്യന്‍ ഇനങ്ങള്‍ക്കാണ് കൂടുതല്‍ വേരുകളും തൈലവുമുള്ളത്. വളകൂറില്ലാത്ത മണ്ണിലും രാമച്ചം വളരും. നല്ല വെയിലാവശ്യമാണ്. മറ്റു വിളകള്‍ കൃഷി ചെയ്യുവാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലും രാമച്ചം കൃഷി ചെയ്യാം. നന വളരെ കുറവു മതി. കീടബാധയുടെ ആക്രമണവുമുണ്ടാകാറില്ല. അധികം പരിചരണമാവശ്യമില്ല. കൃഷിയ്ക്ക് ചെലവ് വളരെ കുറവാണ്. തൊഴിലാളികളുടെ എണ്ണം മറ്റു കൃഷികളെ അപേക്ഷിച്ചു കുറച്ച് മതി എന്നതാണ് ഇതന് കാരണം. ഇതുകൊണ്ട് തന്നെ ആദായം കൂടുതല്‍ ലഭിയ്ക്കും. പറിച്ചെടുത്ത രാമച്ചത്തിന്റെ ചിനപ്പുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.

നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ച് വൃത്തിയാക്കി അടിസ്ഥാന വളമായി ചാണകമോ, ജൈവവളമോ ചേര്‍ത്ത് ഇളക്കുക. കുറച്ച് ഉയരമുള്ള തടം കോരി അതില്‍ വേണം രാമച്ചത്തിന്റെ ചിനപ്പുകള്‍ നടാന്‍. ഒരു കുഴിയില്‍ രണ്ടു ചിനപ്പുകള്‍ നടാം. ജൂണ്‍ മാസക്കാലമാണ് നടാന്‍ ഏറ്റവും നല്ലത്.ചിനപ്പുകള്‍തമ്മില്‍ഒന്നരയടിയുംവരികള്‍തമ്മില്‍രണ്ടരയടിയുമെങ്കിലുംഅകലമുണ്ടായിരിക്കണം. രാമച്ചം പറിച്ചതിന്റെ ചിനപ്പുകള്‍ നനച്ചു സൂക്ഷിച്ചു വച്ചാല്‍ നടാനുപയോഗിക്കാം. ഒരു സെന്റിന് 500 ഗ്രാം റോക്ക് ഫോസ്‌ഫേറ്റും, 150 ഗ്രാം പൊട്ടാഷ്യവും മൂന്ന് പ്രാവശ്യമായി വിതറി ചെറുതായി തടത്തിന് കൂന കൂട്ടേണ്ടതാണ്. തലഭാഗം മുറിക്കുന്ന രാമച്ചത്തിന് ഉല്പാദനം കൂടുതലായി കണ്ടു വരുന്നു.

ഔഷധഗുണം

വെറ്റിവെറോള്‍ 45 ശതമാനം മുതല്‍ 60 ശതമാനം വരെയും വെറ്റിവോണ്‍ 15 മുതല്‍ 27 ശതമാനം വരെയും വാറ്റിയെടുത്ത തൈലത്തില്‍ അടങ്ങിയിരിക്കുന്നു. രാമച്ചം അരച്ച് കുഴമ്പ് രൂപത്തില്‍ തേച്ചാല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ആശ്വാസം കിട്ടും. വാതത്തിനും, ഞരമ്പ് വലിയുന്നതിനും, വേദനയ്ക്കും, വീക്കത്തിനും വളരെ നല്ലതാണ് രാമച്ച തൈലം. രാമച്ചം ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും അമിതദാഹം, ക്ഷീണം, ഉദരരോഗങ്ങള്‍ക്കും നല്ലതാണ്. ദഹനത്തെ സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.

സംസ്ക്കരണം

ഏകദേശം പതിനെട്ടു മാസമാണ് വിളവെടുപ്പിനുള്ള സമയപരിധി. ഓല മഞ്ഞ നിറമാകും. 

തലഭാഗം കൂട്ടി കെട്ടി തൂമ്പാ ഉപയോഗിച്ച് ആഴത്തില്‍ കിളച്ച് വേണം രാമച്ചം പറിച്ചെടുക്കുവാന്‍. വേരിനാണ് വില ലഭിക്കുന്നത്. അതുകൊണ്ട് സൂക്ഷിച്ച് വേണം പറിച്ചെടുക്കുവാന്‍. മൂട് വെള്ളത്തില്‍ നല്ലവണ്ണം കഴുകി വെള്ളം വാര്‍ന്ന് കളഞ്ഞ് എടുക്കാം. രാമച്ചം രണ്ടു - മൂന്ന് ഗ്രേഡായി തിരിക്കാം. ഒന്നാമതായി വേര് മാത്രം ഉള്ളത്. രണ്ടാമതായി സ്വല്പം വേരുള്ളതും, കമ്പുള്ളതുമായത്. മൂന്നാമതായി വേര് കുറവും കമ്പ് കൂടുതലുമുള്ളത്.

ഉപയോഗങ്ങള്‍

രാമച്ചം വീട്ടില്‍ തുറന്ന് സൂക്ഷിച്ച് വച്ചാല്‍ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുവാനുപയോഗിക്കുന്നു. കൊതുകിന്റെയും, മിന്തിന്റേയും വരവ് ഒരു പരിധി വരെ തടഞ്ഞ് നിര്‍ത്താന്‍ സഹായിക്കുന്നു. ദാഹശമിനിയുടെ ചേരുവയായി ഉപയോഗിക്കുന്നു. രാമച്ച വേര് സംസ്ക്കരിച്ച് തേച്ച് കുളിയ്ക്കുവാനുള്ള സ്ക്രബ്ബ് ആയി ഉപയോഗിച്ചു വരുന്നു. ശരീരത്തിന്റെ അനാവശ്യമായ വിയര്‍പ്പുമണം ഒഴിവാക്കാനും ത്വക്ക് രോഗങ്ങളെ തടഞ്ഞു നിര്‍ത്തുവാനും സഹായിക്കുന്നു. രാമച്ച വിശറികൊണ്ട് വീശുന്നത് ആസ്മാ രോഗികള്‍ക്ക് ആശ്വാസം ലഭിയ്ക്കും. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദനകള്‍ക്ക് ആശ്വാസം പകരുന്നതാണ് രാമച്ച മെത്തയില്‍ കിടക്കുന്നത്. വാസന വസ്തുക്കള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, സോപ്പുകള്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തിനും രാമച്ചവും, തൈലവും ഉപയോഗിക്കുന്നു.

മലിനീകരണ നിയന്ത്രണത്തിനും മണ്ണ് സംരക്ഷണത്തിനും രാമച്ചം നട്ടു വളര്‍ത്തുന്നത് വളരെ നല്ലതാണ്.