English

പലകപ്പയ്യാനി

മഴ നന്നായി ലഭിക്കുന്ന സ്ഥലങ്ങളിലാണ്‌ പലകപ്പയ്യാനി കൂടുതലായി കണ്ടുവരുന്നത്‌. ഇലകള്‍ വലിപ്പമേറിയതും സംയുക്തവുമാണ്‌. ഏകദേശം പതിനഞ്ചു മീറ്റര്‍ ഉയരത്തില്‍ വളരുന്നു. 'ബിഗ്‌നോണിയേസി' എന്ന കുടുംബത്തില്‍പ്പെട്ടതാണ്‌. പലകപ്പയ്യാനിയുടെ ശാസ്‌ത്രനാമം `ഒറോക്‌സൈലം ഇന്‍ഡിക്കം' എന്നാണ്‌. ഇലയ്‌ക്കും തണ്ടിനും നല്ല സുഗന്ധമുണ്ട്‌.

കൃഷി രീതി

വെളളം കെട്ടി നില്‍ക്കാത്ത ഏതു സ്ഥലത്തും പലകപ്പയ്യാനി വളരും. നല്ല സൂര്യപ്രകാശം കിട്ടുകയാണെങ്കില്‍ പെട്ടെന്ന്‌ വളരും. വിത്തുകള്‍ പാകിയാണ്‌ തൈകള്‍ ഉല്‌പാദിപ്പിക്കുന്നത്‌. പലകകള്‍ പോലെ നീണ്ടു പരന്ന കായ്‌കളാണ്‌ ഇതിനുളളത്‌. അതുകൊണ്ടാവാം പലകപ്പയ്യാനി എന്ന പേര്‌ ലഭിച്ചത്‌. കായ്‌ പൊട്ടി വിത്തുകള്‍ പുറത്തു വരുന്നതിന്‌ മുന്‍പ്‌ മൂപ്പെത്തിയ കായ്‌കള്‍ ശേഖരിക്കണം. വിത്തുകളുടെ ബീജാങ്കുരണ ശേഷി വേഗത്തില്‍ തന്നെ നഷ്ടപ്പെടുന്നതിനാല്‍ വിത്തുകള്‍ ശേഖരിച്ച ഉടന്‍ തന്നെ താവരണകളിലോ പോര്‍ട്ടിംഗ്‌ മിശ്രിതം നിറച്ച പോളിത്തീന്‍ ബാഗുകളിലോ വച്ച്‌ മുളപ്പിക്കേണ്ടതാണ്‌. ഒന്നരയടി വ്യാസമുളള കുഴികള്‍ എടുത്ത്‌ മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത്‌ കുഴി മൂടണം. കുഴികള്‍ തമ്മില്‍ മൂന്ന്‌ മീറ്ററോളം അകലം വേണം. വേനല്‍ക്കാലത്ത്‌ ജലസേചനം നടത്തണം. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ജൈവ വളം നല്‍കുന്നത്‌ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

വിളവെടുപ്പ്‌

തൈ നട്ട്‌ പത്ത്‌ വര്‍ഷം കഴിയുമ്പോഴേക്കും വേരുകള്‍ ശേഖരിച്ചു തുടങ്ങാം. വേര്‌ ശേഖരിക്കുന്നത്‌ നിയന്ത്രിതമായ രീതിയിലാണെങ്കില്‍ എല്ലാ വര്‍ഷവും കുറേശ്ശേ ലഭിക്കും. തടി തീപ്പെട്ടി വ്യവസായത്തിന്‌ അനുയോജ്യമാണ്‌. തീപ്പെട്ടി വ്യവസായത്തിനാവശ്യമായ വണ്ണം പലകപ്പയ്യാനിയ്‌ക്ക്‌ വരുമ്പോള്‍ മരം വെട്ടി എടുക്കാം. മരം ചുവടെ മുറിച്ച്‌ കഴിഞ്ഞ്‌ മണ്ണ്‌ നീക്കം ചെയ്‌ത്‌ തായ്‌വേരും മറ്റു വേരുകളും നഷ്ടപ്പെടാതെ മുഴുവനായും എടുക്കാം. അതുവരെ മരത്തിന്‌ കേട്‌ വരാത്ത രീതിയില്‍ ഭാഗികമായേ വേരുകള്‍ മുറിച്ച്‌ എടുക്കാവൂ. മുറിച്ചെടുത്ത വേരുകള്‍ കഴുകി വൃത്തിയാക്കി തൊലി നീക്കം ചെയ്‌ത്‌ ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഈര്‍പ്പം പന്ത്രണ്ട്‌ ശതമാനത്തില്‍ താഴെ വരത്തക്ക വണ്ണം തണലത്തുണക്കി ഈര്‍പ്പം തട്ടാത്ത ബാഗുകളില്‍ സൂക്ഷിക്കാവുന്നതാണ്‌.

ഔഷധഗുണങ്ങളും ഉപയോഗങ്ങളും

ദശമൂലത്തില്‍പ്പെട്ട വേര്‌ ഒട്ടുമിക്ക ഔഷധങ്ങളിലും ഉപയോഗിക്കുന്നു. വാത വികാരങ്ങള്‍, നീര്‌, നെഞ്ചുവേദന, വയറ്റിലെ നീര്‌, അഗ്നിമാന്ദ്യം, വയറിളക്കം എന്നീ അസുഖങ്ങള്‍ക്ക്‌ പലകപ്പയ്യാനിയുടെ വേരും, വേരിന്‍മേ തൊലിയും കൂടി ഇരുപത്തിയഞ്ച്‌ ഗ്രാം ഇരുനൂറ്‌ മില്ലി വെളളത്തില്‍ കഷായം വച്ച്‌ അന്‍പത്‌ മില്ലി വറ്റിച്ച്‌ രാവിലെയും, വൈകിട്ടും ഇരുപത്തിയഞ്ചു മില്ലി പതിവായി കുടിക്കണം. നീരും വേദനയുമുളള വൃണം പലകപ്പയ്യാനി വേരിട്ടു വെന്ത വെളളം ഉപയോഗിച്ച്‌ കഴുകുകയും കഷായം കുടിക്കുകയും ചെയ്‌താല്‍ വേഗം ഉണങ്ങി കിട്ടും. ച്യവനപ്രാശം, അമൃതാരിഷ്ടം, പുഷ്യാനുഗചൂര്‍ണ്ണം, ഏലാകണാദി കഷായം, ഭദ്രദാര്‍വ്യാദികഷായം, ദുഷിവിഷാരാദി ഗുളിക, നാരായണ തൈലം, മഹാതൈലം, സഹചാരാദി കുഴമ്പ്‌ എന്നിങ്ങനെ നാല്‌പതോളം ആയുര്‍വേദ മരുന്നുകളില്‍ പലകപ്പയ്യാനിയുടെ വേര്‌ ഉപയോഗിച്ചു വരുന്നു. തരിശു ഭൂമിയിലും, പറമ്പുകളുടെ അതിരുകളിലും, കുരുമുളക്‌ ചെടികള്‍ക്ക്‌ കാലിനായൂം നട്ടു വളര്‍ത്തിയാല്‍ വേരും, പതിനഞ്ചു വര്‍ഷം കഴിയുമ്പോള്‍ തടിയും വിറ്റ്‌ പണം ലഭിക്കും. ആയതിനാല്‍ ഇപ്പോള്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന പലകപ്പയ്യാനി വളര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്‌.