Organic Keralam Facebook Page
English

വെണ്ട

കൃഷിരീതി

കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സില്‍ ഗ്രോബാഗിലോ, ചാക്കിലോ കൃഷി ചെയ്യാം. പറമ്പില്‍ തണല്‍ ഇല്ലാത്ത സ്ഥലങ്ങളിലും നല്ലവണ്ണം വളരും. വിത്തുകള്‍ പാകിയാണ് തൈ ഉല്പാദിപ്പിക്കുന്നത്. വിത്തു പാകുന്നതിനു മുന്‍പായി അല്പ സമയം സ്യൂഡോമോണോസ് ഇരുപതു ശതമാനം ലായിനിയില്‍ മുക്കി വക്കുന്നത് നല്ലതാണ്. തൈകളുടെ രോഗപ്രതിരോധത്തിനും, വിത്ത് എളുപ്പം കിളിര്‍ക്കാനും ഇത് സഹായകരമാണ്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ പോട്രേയില്‍ പാകി കിളിര്‍പ്പിച്ചു വേണം പറിച്ചു നടുവാന്‍. കുഴി എടുത്ത് അതില്‍ ഏതെങ്കിലും ജൈവ വളം (ചാണകപ്പൊടി, ആട്ടിന്‍ കാഷ്ഠം, കോഴി കാഷ്ഠം) വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ഉണങ്ങിയ കരിയില എന്നിവ ചേര്‍ത്ത് ഇളക്കി കുഴിമൂടി അതില്‍ വേണം നടാന്‍. കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയിട്ടാല്‍ നിമാവിരയുടെ ആക്രമണത്തെ തടഞ്ഞു  നിര്‍ത്താന്‍ സാധിയ്ക്കും.

തൈകള്‍ നടുമ്പോള്‍ വരികള്‍ തമ്മില്‍ അറുപതു സെന്റീ മീറ്റര്‍ അകലവും തൈകള്‍ തമ്മില്‍ നാല്പത്തിയഞ്ചു സെന്റീമീറ്റര്‍ അകലവും ഉണ്ടാവണം.  ഗ്രോബാഗിലാണ് നടുന്നതെങ്കില്‍ ഒന്നില്‍ മൂന്നു കുരു എങ്കിലും പാകുക. ഏറ്റവും നന്നായി വളരുന്ന ഒരെണ്ണം നിര്‍ത്തിയിട്ട് ബാക്കി പറിച്ചെടുക്കുക. മൂന്ന് നാല് ഇല വന്നതിനു ശേഷം ജൈവ വളം ദ്രവരൂപത്തിലാക്കി ആഴ്ചയിലൊരിക്കല്‍ ഒഴിച്ചു കൊടുക്കുക. മഴയില്ലാത്തപ്പോള്‍ രണ്ടു ദിവസം കൂടി ജലസേചനം നല്‍കുക. വേനല്‍ക്കാലത്ത് പുതയിട്ടാല്‍ ജലസേചനത്തിന്റെ അളവ് കുറയ്ക്കാം.

ഇനങ്ങള്‍

ആര്‍ക്കാ അനാമിക - ശാഖകളില്ലാത്ത പച്ച നിറമുള്ള ഇനമാണ്. സല്‍കീര്‍ത്തി - ഇളം പച്ചനിറത്തില്‍ നീളം കൂടിയ ഇനമാണ്. അരുണ - നീളം കൂടിയ ചുവപ്പ് നിറമുള്ള ഇനമാണ്.  ദീര്‍ഘകാലം വിളവ് തരുന്ന ഇനമാണ് സുസ്ഥിര. കൂടാതെ ഇളം പച്ച നിറത്തിലുള്ള നീളം കൂടിയ നാടന്‍ ഇനമാണ് ആനക്കൊമ്പന്‍.

രോഗങ്ങള്‍

ഇലചുരുട്ടി പുഴു, തണ്ടുതുരപ്പന്‍ പുഴു എന്നിവയാണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍. ഏതെങ്കിലും നല്ല ജൈവ കീടനാശിനി ഉപയോഗിച്ച് ഇതിനെ പ്രതിരോധിക്കാം.

ഗുണങ്ങളും ഉപയോഗവും

വെണ്ടയ്ക്കായില്‍ ദഹനത്തിനു സഹായകരമായ ധാരാളം ജീവകങ്ങള്‍ അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, ജീവകം കെ, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കാ ഉപയോഗിച്ച് സ്വാദിഷ്ഠമായ മെഴുക്കു പെരട്ടി, തോരന്‍, തീയല്‍, സാമ്പാര്‍ എന്നിവ തയ്യാറാക്കാം.

ആര്‍ക്കും ഒരു പ്രയാസവും കൂടാതെ പറമ്പിലോ, ടെറസ്സിലോ ചെയ്യാവുന്ന ഒരു പച്ചക്കറി വിളയാണ് വെണ്ട കൃഷി. വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തി അഞ്ചു ദിവസവും കൃഷി ചെയ്യാം.